അരിക്കുളത്ത് പൊതു ഇട സംരക്ഷണ സത്യാഗ്രഹ വേദിയിലേക്ക് പോലീസ് ഇരച്ചുകയറി; പ്രായമായവരെ പോലും വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: നാല് വർഷമായി അരിക്കുളത്ത് നടന്നുവരുന്ന പൊതു ഇട സംരക്ഷണ സത്യാഗ്രവേദിയിലേക്ക് വൻ പോലീസ് സംഘം ഇരച്ചുകയറി. സത്യാഗ്രഹികളെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റി പോലീസ് സ്റ്റേഷനിലെത്തിച്ചു. 200 ലധികം പേരാണ് അപ്പോൾ സമരത്തിലുണ്ടായിരുന്നത്. സമര വളണ്ടിയർമാരിൽ 80 വയസ്സിലധികം പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. എല്ലാവരേയും പോലീസ് അറസ്റ്റു ചെയ്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ (സി ഐ) സുബാഷ്ബാബു പ്രിൻസിപ്പൽ എസ് ഐ അനീഷ്, അഡീഷണൽ എസ് ഐ ശൈലേഷ് എന്നിവരുടെ നേതൃത്വത്തിൽ വനിതാ പോലീസുകാരുൾപ്പെടെയുള്ള സംഘമാണ് അതിരാവിലെ തന്നെ സമര കേന്ദ്രം വളഞ്ഞ് സത്യാഗ്രഹികളെ അറസ്റ്റ് ചെയ്തത്.

തഹസിൽദാർ മണിയുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യേഗസ്ഥസംഘവും പഞ്ചായത്ത് സെക്രട്ടറി സുനില കുമാരിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. സത്യാഗ്രഹികളെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് അവിടെ മാലിന്യ സംസ്കരണ കേന്ദ്രനിർമ്മാണം ആരംഭിക്കാൻ ജെ സി ബി യുമായി പഞ്ചായത് അധികൃതരും കരാറുകാരും എത്തി. നാൽപ്പതോളം പേർ ജെ സി ബി ക്ക് മുമ്പിൽ വീണ്ടും കുത്തിയിരിപ്പ് സമരം നടത്തിയെങ്കിലും അവരേയും പോലീസ് അറസ്റ്റു ചെയ്ത് മാറ്റി പ്രവൃത്തി ആരംഭിച്ചു. എസ് സതീദേവി, വി ബീന, എ ടി ബിജിന, സി രാഘവൻ, സി രാമചന്ദ്രൻ, പി കെ അൻസാരി, ടി എം പ്രതാപചന്ദ്രൻ, എം സുകുമാരൻ. പ്രസാദ് ഇടപ്പള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ സത്യാഗ്രഹം. ഇവർക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

അരിക്കുളത്തുകാർ വർഷങ്ങളായി കലാകായിക സാംസ്കാരിക പരിപാടികൾക്കും കൂടിച്ചേരലുകൾക്കും ഉപയോഗിക്കുന്ന പൊതു ഇടം മാലിന്യസംഭരണ കേന്ദ്രമാക്കുന്നതിനെതിരെയുള്ള സമരം നാല് വർഷം പിന്നിട്ടിരിക്കുന്നു. ജനനിബിഡമായ, പള്ളിക്കൽ കനാൽ സൈഫണിന് സമീപമുള്ള കനാൽ പുറമ്പോക്കിലെ ഈ ഭൂമി മാലിന്യസംഭരണ കേന്ദ്രമാക്കുന്നതിനെ ജനങ്ങൾ ശക്തമായി എതിർത്തുവരികയാണ്. ഗ്രാമസഭ വിളിച്ചു ചേർത്തപ്പോൾ പങ്കെടുത്ത 118 പേരിൽ 117 പേരും പൊതു ഇടം ഇല്ലാതാക്കി പദ്ധതി വരുന്നതിനെ എതിർത്തിരുന്നു. അരിക്കുളം പഞ്ചായത്തിൽ സ്ഥിരം മാലിന്യസംഭരണ കേന്ദ്രമുണ്ട് എന്ന് കോഴിക്കോട് പഞ്ചായത്ത് ഡയരക്ടറാഫീസിൽ നിന്നും ലഭിച്ച വിവരാവകാശ പ്രകാരം വ്യക്തമാകുന്നുണ്ടെന്ന് ജനകീയ സമരസമിതി പ്രവർത്തകർ പറയുന്നു. ജലസേചന വകുപ്പ് അഞ്ച് സെന്റ് സ്ഥലം, ചോദിക്കുമ്പോൾ തിരികെ നൽകാമെന്ന വ്യവസ്ഥയിൽ പഞ്ചായത്തിന് താൽക്കാലികമായി വിട്ടുകൊടുത്തതാണ്. ഇവിടെയാണ് ഇപ്പോൾ പുതിയ മാലിന്യ സംഭരണ കേന്ദ്രം നിർമ്മിക്കുന്നത്.

കളിക്കളം നഷ്ടപ്പെടുത്തി മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിന് പകരം അനുയോജ്യമായ സ്ഥലത്ത് കേന്ദ്രം സ്ഥാപിക്കുന്നതിനായി പത്ത് സെന്റ് സ്ഥലം കർമ സമിതി വിലയ്ക്കു വാങ്ങി പഞ്ചായത്തിന് കൈമാറാമെന്ന് ആർ ഡി ഒ മുമ്പാകെ നിർദ്ദേശം വെച്ചെങ്കിലും പഞ്ചായത്ത് പ്രസിഡണ്ട് തന്റെ ദുർവാശി നിമിത്തം അത് തള്ളിക്കളയുകയാണുണ്ടായതെന്നും, ഒരു നാട് കക്ഷി രാഷ്ട്രീയ ഭേദമന്യേ സമര രംഗത്ത് ഉറച്ച് നിന്നപ്പോൾ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയ നടപടി അപലനീയമാണെന്നും ജനകീയ കർമ സമിതി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Comments

COMMENTS

error: Content is protected !!