അരിക്കൊമ്പനെ ഇന്ന് വനത്തില്‍ തുറന്നു വിടരുതെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
അരിക്കൊമ്പനെ ഇന്ന് വനത്തില്‍ തുറന്നു വിടരുതെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് വിധി. ആനയെ കാട്ടില്‍ തുറന്നു വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയ സാഹചര്യത്തിലാണ് തീരുമാനം. മയക്കുവെടി വെച്ചശേഷം അരിക്കൊമ്പനെ കളക്കാട് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലെത്തിക്കാന്‍ അര മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു കോടതിയുടെ ഉത്തരവ് പുറത്തു വന്നത്. നാളെ വനംവകുപ്പിന്റെയും തമിഴ്നാട് സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമാകും അന്തിമ ഉത്തരവുണ്ടാകുക.
എറണാകുളം സ്വദേശി റബേക്ക ജോസഫാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജി നാളെ രാവിലെ 10.30 ന് പരിഗണിക്കും. അതുവരെ വനം വകുപ്പിന്റെ കസ്റ്റഡിയിലായിരിക്കും ആന.
കമ്പത്തിന് സമീപം പൂശാനംപെട്ടിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ പിടികൂടിയത്. പൂശാനംപെട്ടിക്ക് സമീപം കാടുവിട്ട് ജനവാസ മേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടി വച്ചത്. രണ്ട് ഡോസ് മയക്കുവെടി വച്ചതിനു ശേഷം എലിഫെന്റ് ആംബുലന്‍സില്‍ കയറ്റിയാണ് കൊണ്ടുപോയത്. മയങ്ങിയിരുന്ന ആന യാത്ര പുറപ്പെട്ടതോടെ മയക്കം വിട്ട നിലയിലാണ്. വാഹനത്തിന്റെ ഇരുവശങ്ങളിലേക്കും തുമ്പിക്കൈ നീട്ടുകയും ചെയ്തു. ആനയുടെ തുമ്പിക്കൈയില്‍ മുന്‍പ് കണ്ട മുറിവ് ഇപ്പോഴും ഭേദമാകാത്ത നിലയിലാണ്.
അരിക്കൊമ്പനെ നിലവില്‍ തിരുനെല്‍വേലിയില്‍ നിന്ന് നാല്‍പത് കിലോമീറ്ററോളം മാറി ഗംഗൈകൊണ്ടന്‍ മേഖലയില്‍ എത്തിച്ചിട്ടുണ്ട്. അവിടെ വനം വകുപ്പിന്റെ ഡീര്‍ പാര്‍ക്കിലാണ് ആന ഇപ്പോഴുള്ളത്.