അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്‌: അർഹതപ്പെട്ട എല്ലാവർക്കും വീടെന്ന ലക്ഷ്യം പൂർത്തീകരിക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്നും വികസനം എങ്ങിനെ വേണമെന്ന കാഴ്‌ചപാടിന്റെ ഭാഗമാണ്‌ ലൈഫ്‌ മിഷൻ പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ്‌ മിഷനിൽ നിർമ്മിച്ച രണ്ടരലക്ഷം വീടുകളുടെ പൂർത്തീകരണ  പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

രണ്ടരലക്ഷം വീടുകളിലൂടെ പത്ത്‌ലക്ഷം പേരുടെ സ്വപനമാണ്‌ നിറവേറിയത്‌. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പാർപ്പിട വികസനമാണ്‌ ഇതിലൂടെ സാധ്യമായത്‌. വീട്‌ ഒരു സ്വപ്‌നമായി ആ സ്വപ്‌നത്തോടെ മണ്ണടിഞ്ഞ്‌പോയ ധാരാളം പേർ നാട്ടിലുണ്ടായിരുന്നു. അതിനൊരു മാറ്റമാണ് ഇപ്പോഴുണ്ടാത്‌. ആ സ്വപ്‌നങ്ങൾക്ക്‌ കൂട്ടായി സർക്കാർ ഒപ്പം നിന്നു. അതിന് സംസ്ഥാനത്ത് നടക്കുന്ന വിവിധ പദ്ധതികളെ ഏകീകരിച്ച് ലൈഫ് പദ്ധതി നടപ്പാക്കി. അതിന് നല്ലരീതിയിലുള്ള പ്രതികരണമുണ്ടായി. അങ്ങനെയാണ് ഇത്രയും ആളുകള്‍ക്ക് വീട് ഒരുക്കാന്‍ കഴിഞ്ഞത്.

രണ്ടരലക്ഷം വീടുകൾ പൂർത്തീകരിച്ചു.അതിൽ 106 ഗ്രാമപഞ്ചായത്തുകളിൽ ലക്ഷ്യംപൂർണമായും സാക്ഷാത്കരിച്ചു.അടിമാലിയിൽ ഭൂരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീട്‌ നൽകി. ലൈഫ്‌ മിഷന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായികൊണ്ടിരിക്കുന്നു.

ലൈഫ്‌ മിഷന്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക്‌ വലിയ പരിഗണനനയാണ്‌ സർക്കാർ നൽകുന്നത്‌. മൂന്നാംഘട്ടത്തിൽ  85 സമുച്ചയങ്ങൾ പണിയുന്നതിന്‌ ഭൂമി കണ്ടെത്തിയിട്ടുണ്ട്‌. അതിൽ 5 സമുച്ചയങ്ങളുടെ  നിർമ്മാണം 2 മാസത്തിനുള്ളിൽ പൂർത്തിയാക്കും.

ധാരാളം പേര്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നുണ്ട്. അവര്‍ക്ക് വീട് ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം പദ്ധതി നടപ്പാക്കിയപ്പോള്‍ ഉയര്‍ന്ന പ്രശ്‌നം പലരുടെയും പേര് വിട്ടുപോയെന്നതാണ്. അപേക്ഷ നല്‍കിയവരില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് നല്‍കും.മുഖ്യമന്ത്രിപറഞ്ഞു.

Comments

COMMENTS

error: Content is protected !!