AGRICULTURE

അറിയണം, മാതൃകാ കൃഷിപാഠങ്ങള്‍

 

പഠനത്തോടൊപ്പം പത്തേക്കറിലധികം സ്ഥലത്തെ കൃഷി പരിപാലനം. പശുവും ആടും കോഴിയും മീനും എല്ലാമുണ്ട് കൂട്ടത്തില്‍. പരിപാലനമെല്ലാം തീര്‍ത്തും പ്രകൃതിസൌഹൃദ രീതിയില്‍. വിളകളേറെയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിനാല്‍ വിപണിയില്‍ പ്രിയം, വര്‍ധിച്ച  ലാഭവും.

സ്വന്തമായ ബ്രാന്‍ഡ്, ജൈവ ഉല്‍പ്പന്നങ്ങളാണെന്ന് സര്‍ക്കാര്‍ അംഗീകൃത സാക്ഷ്യപ്പെടുത്തലും.
സിവില്‍ എന്‍ജിനിയറിങ് ബിരുദധാരിയായ ഇരുപത്തിനാലുകാരന്റെ കാര്‍ഷിക മാതൃകക്ക് യുവജനക്ഷേമബോര്‍ഡിന്റെ കാര്‍ഷികമേഖലയിലെ യുവപ്രതിഭാ അവാര്‍ഡും.

പാലക്കാട് വടക്കാഞ്ചേരിക്കടുത്ത് കണ്ണമ്പ്ര കല്ലേരി അഡ്വക്കറ്റ് രവീന്ദ്രന്‍ കുന്നംപുള്ളിയുടെ മകനാണ് യുവകര്‍ഷകനായ സ്വരൂപ്.
പഠനമായാലും പണികളായാലും പുലര്‍ച്ചെ നാലിന് തുടക്കമിടും. പശുക്കറവയാണ് ആദ്യം. വെച്ചൂര്‍, കാസര്‍കോട് ഇനത്തില്‍പ്പെട്ട തനി നാടന്‍പശുക്കള്‍ പത്തെണ്ണമുണ്ട് സ്വരൂപിന്.
എല്ലാ ഹരിതനേട്ടങ്ങള്‍ക്കും പിന്നില്‍ ഈ നാടന്‍പശുക്കളാണ്. അഞ്ചര ഏക്കറിലാണ് നെല്‍കൃഷി. ഐശ്വര്യപ്രധാനികളായ നവരയും രത്നശാലിയും, പിന്നെ നാടന്‍ പ്രഭചൊരിയുന്ന കയമയും നിറ്റേനിയും തവളക്കണ്ണനും. കൂട്ടിന് വിളപ്പൊലിമയുള്ള ഉമയും
കാഞ്ചനയും ഉണ്ട്.

രത്നശാലി നെല്ലിനം പണ്ട് രാജാക്കന്മാരുടെ ഇഷ്ടഭക്ഷണമായിരുന്നത്രെ. രക്തത്തെ പരിപോഷിപ്പിക്കുന്നതിനും മറ്റും ഏറ്റവും ഉത്തമനാണ്. ഓജസ്സിനും തേജസ്സിനും അതിവിശേഷം. നവരയ്ക്കുമുണ്ട് ഔഷധ ബഹുമതികള്‍. വിപണിയില്‍ രണ്ടിനും വന്‍ പ്രിയം. ചെറുപാക്കറ്റുകളിലാക്കിയാണ് വില്‍പ്പന. ആയുര്‍വേദ ചികിത്സകരാണ് പ്രധാന ആവശ്യക്കാര്‍.

മറ്റു നെല്ലിനങ്ങളും മൂല്യവര്‍ധിതമാക്കിയാണ് അധികവും വിപണി കാണുക. അവില്‍, മലര്, പുട്ടുപൊടി, അരിപ്പൊടി, അപ്പപ്പൊടി അങ്ങനെ പലതും.
മഞ്ഞള്‍ വിളവെടുത്ത് സംസ്കരിച്ച് പൊടിയാക്കിയാല്‍ മൂല്യം ഇരട്ടിക്കും. സമ്പൂര്‍ണ ജൈവം.
നാടന്‍പശുവിന്റെ ചാണകവും മൂത്രവും മുഖ്യ ചേരുവയായി തയ്യാറാക്കുന്നതാണ് ജീവാമൃതം, ഘനജീവാമൃതം, ബീജാമൃതം എന്നിവ. വിശാലമായ കൃഷിയിടത്തിന്റെ നിത്യചൈതന്യമായി മാറുന്നത് ഈ അമൃത് പ്രയോഗങ്ങളാണ്.

ജൈവകര്‍ഷകര്‍ക്കിടയില്‍ ഇതിന് വന്‍ പ്രിയമാണ്. മുന്‍കൂട്ടി നല്‍കുന്ന ഓഡര്‍ അനുസരിച്ചാണ് ഇതിന്റെ തയ്യാറെടുപ്പും വിതരണവും. പശുക്കളില്‍നിന്നു ലഭിക്കുന്ന പാല്‍, നെയ്യ്, ചാണകം എന്നിവയെല്ലാം ഉപയോഗിച്ച് വിധിപ്രകാരം തയ്യാറാക്കുന്ന പഞ്ചഗവ്യത്തിനുമുണ്ട് ആവശ്യക്കാര്‍.
ഇതിനായി ഗോമൂത്രം പുലര്‍ച്ചെതന്നെ ശേഖരിക്കും. ഇത് മണ്‍പാത്രത്തില്‍ തിളപ്പിച്ച് പ്രത്യേക രീതിയില്‍ വാറ്റിയെടുക്കുന്നു. അര്‍ക്കിന് ചില്ലറയൊന്നുമല്ല കീര്‍ത്തി.
കാമധേനുക്കളായ നാടന്‍പശുക്കളെ വളര്‍ത്തല്‍ വളരെ എളുപ്പം. കൃഷിയിടത്തില്‍നിന്നു ലഭിക്കുന്ന പച്ചപ്പുല്ലും വൈക്കോലും ധാരാളം. വാസത്തിന് ചെറിയ സ്ഥലം മതി.
സമ്പൂര്‍ണ ജൈവകൃഷിയിലേക്കു മാറാന്‍ ഹരിശ്രീ കുറിക്കേണ്ടത് ഒരു നാടന്‍പശുവിനെ സ്വന്തമാക്കികൊണ്ടുതന്നെയാവണം.
സ്വരൂപിന്റെ ഹരിതസ്വപ്നങ്ങള്‍ ഒന്നൊന്നായി സാക്ഷാല്‍കരിക്കുന്നത് നാടന്‍പശുക്കളിലൂടെതന്നെ.
കാന്താരിമുളകും മറ്റു ചേരുവകളും ഗോമൂത്രത്തില്‍ അരച്ചുചേര്‍ത്താണ് അതിവിശിഷ്ടമായ ജൈവ കീടനാശിനി തയ്യാറാക്കി നല്‍കുന്നത്.

ആട്, കോഴി, മത്സ്യം എല്ലാം വളരുന്നത് കാര്‍ഷികാവശിഷ്ടങ്ങള്‍ ഭക്ഷ്യമാക്കി. ഒരുപരിധിവരെ എല്ലാം സീറോ ബജറ്റ്.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ‘ആത്മ’ പദ്ധതി പ്രകാരമുള്ള പ്രദര്‍ശനത്തോട്ടമാണ് സ്വരൂപിന്റെ ജൈവപച്ചക്കറികൃഷിയിടം അഭിഭാഷകനായ അച്ഛനും ആയുര്‍വേദ കമ്പനിയില്‍ അക്കൌണ്ടന്റായ അമ്മ കൃഷ്ണകുമാരിയും ദന്തഡോക്ടറായ സഹോദരി രേഷ്മയും സമയമുണ്ടാക്കി,  സ്വരൂപിനെ സഹായിക്കുന്നു.
എഴുപത് പിന്നിട്ട അമ്മൂമ്മ ലീലാമ്മയാണ് ചെറുമകന്റെ കൃഷി കമ്പത്തിന് വളവും വെള്ളവും നല്‍കി പരിപോഷിപ്പിച്ചത്. സ്വരൂപിന് എന്നും താങ്ങും തണലുമാണ് ഈ അമ്മൂമ്മ.

നാടിന്റെപൊതുപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനും സ്വരൂപ് സമയം കണ്ടെത്താറുണ്ട്. സ്വാനുഭവങ്ങളിലൂടെ സ്വരൂപിച്ചെടുത്ത ജൈവകൃഷിയുടെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ പലരുടെയും ക്ഷണം സ്വീകരിക്കാറുണ്ട്. കൃഷിയുമായി ഇഴുകിച്ചേര്‍ന്ന് കുരുന്നുപ്രായംതൊട്ട് നടത്തിയ സമര്‍പ്പിത പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായാണ് കാര്‍ഷികമേഖലയിലെ യുവപ്രതിഭാ അവാര്‍ഡ് ഇക്കുറി സ്വരൂപിനെ തേടിയെത്തിയത്.
(വയനാട് എംഎസ് സ്വാമിനാഥന്‍ ഗവേഷണകേന്ദ്രത്തില്‍ സീനിയര്‍ കണ്‍സല്‍ട്ടന്റാണ് ലേഖകന്‍)

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button