DISTRICT NEWSKERALA

അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ അപേക്ഷയിൽ കൂടുതൽ വാദം നടത്തേണ്ടതുണ്ടെന്ന് എൻഐഎ

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ അപേക്ഷയിൽ കൂടുതൽ വാദം നടത്തേണ്ടതുണ്ടെന്ന് എൻഐഎ അറിയിച്ചു. ഇതേത്തുടർന്ന് ഇന്ന് വിധി പറയാനിരുന്ന കേസ് എറണാകുളത്തെ പ്രത്യേക എൻഐഎ കോടതി ജഡ്ജി അനിൽ എം ഭാസ്കർ 28 ലേക്ക് മാറ്റി. എൻഐഎ അന്വേഷിക്കുന്ന കേസിൽ നേരത്തെ അലൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് വിചാരണക്കോടതി ജാമ്യം നൽകിയിരുന്നു.

എന്നാൽ ഇതിനുശേഷം പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ജൂനിയർ വിദ്യാർഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അലനെതിരെ ധർമ്മടം പോലീസ് കേസെടുത്തു. മറ്റ് കേസുകളിൽ പ്രതിയാവരുതെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് കേസിൽ കോടതി ജാമ്യം അനുവദിച്ചതെന്നും ധർമ്മടം പോലീസ് കേസെടുത്ത സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും പോലീസ് തന്നെ കോടതിക്ക് റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിലാണ് എൻഐഎ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉയന്നയിച്ചത്.

റോണാ വിൽസൺ, ഹാനി ബാബു തുടങ്ങിയ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അലന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതാണെന്നാണ് എൻഐഎയുടെ വാദം. അലന്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ മറ്റ് ഇടപെടലുകളും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നുണ്ട്. 2019 നവംബർ ഒന്നിനാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളുമായി അലനും സുഹൃത്ത് താഹയും പിടിയിലായത്. ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിലും പോലീസ് രേഖകൾ കണ്ടെടുത്തിരുന്നു. തുടർന്ന് 2019 ഡിസംബർ 18 ന് അന്വേഷണം എൻഐഎയ്ക്ക് കൈമാറിയിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button