അഴിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നാശോന്മുഖമായ ആവാസ വ്യവസ്ഥ പുനസ്ഥാപിക്കാനും ഹരിത ഗ്രാമം പദ്ധതി നടപ്പിലാക്കാനും പഞ്ചായത്ത് ജൈവവൈവിധ്യ സമിതി യോഗത്തിൽ തീരുമാനം
വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നാശോന്മുഖമായ ആവാസ വ്യവസ്ഥ പുനസ്ഥാപിക്കാനും ഹരിത ഗ്രാമം പദ്ധതി നടപ്പിലാക്കാനും പഞ്ചായത്ത് ജൈവവൈവിധ്യ സമിതി യോഗത്തിൽ തീരുമാനമായി. നദികൾ, ചതുപ്പുകൾ, കണ്ടൽക്കാടുകൾ, തീരപ്രദേശം, ദേശാടന ജീവികളുടെ ആവാസ കേന്ദ്രങ്ങൾ, സ്വാഭാവിക തുരുത്തുകൾ തുടങ്ങിയ ഇടങ്ങളിൽ ആവാസ വ്യവസ്ഥയ്ക്ക് നാശം സംഭവിച്ചിട്ടുണ്ടെങ്കിൽ അവ പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് സ്വീകരിക്കുക. ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി 10 സെൻറ് സ്ഥലത്ത് ഫലവൃക്ഷതൈകൾ വെച്ച് പിടിപ്പിക്കുകയാണ് ചെയ്യുക. പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനെ കുറിച്ച് ആലോചിക്കാൻ സന്നദ്ധ സംഘടന പ്രതിനിധികളുടെയും സ്കൂൾ ജൈവവൈവിധ്യ സമിതി കൺവീനർമാരുടെയും യോഗം വിളിച്ചു ചേർക്കും. പഞ്ചായത്ത് ജൈവ വൈവിധ്യ സമിതി പുനഃസംഘടിപ്പിക്കാനും താല്പര്യമുള്ള കൂടുതൽ ആളുകളെ പ്രത്യേകം ക്ഷണിതാക്കളായി വിളിക്കാനും തീരുമാനിച്ചു.
യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ സമിതി കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. കേരള ജൈവവൈവിധ്യ സമിതി ജില്ലാ കോ- ഓർഡിനേറ്റർ ഡോ. കെപി മഞ്ജു പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് ജൈവവൈവിധ്യ സമിതി അംഗങ്ങളായ പി കെ പ്രകാശൻ, കെ രാകേഷ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇ അരുൺകുമാർ സ്വാഗതവും പ്രോജക്ട് അസിസ്റ്റൻറ് കെ കെ സഫീർ നന്ദിയും പറഞ്ഞു.