അവധി ആഘോഷിക്കാൻ എത്തിയവർ വയനാട് ജില്ലയെ വീർപ്പുമുട്ടിക്കുന്നു. അഭൂതപൂർവ്വമായ വാഹനത്തിരക്ക് താമരശ്ശേരിച്ചുരം ഉൾപ്പെടെയുള്ള വനപാതകളെ പകലും രാത്രിയും ഒരു പോലെ വാഹനക്കുരുക്കിലാക്കുന്നു. വൻതോതിൽ പ്ലാസ്റ്റിക് പാക്കറ്റുകളും പെറ്റ് ബോട്ടിലുകളും നിറഞ്ഞ് കാട് മലിനമാകുന്നു

കോഴിക്കോട്: കൃസ്തുമസ്സ്, പുതുവത്സര അവധി ആഘോഷിക്കാനെത്തിയവരെ കൊണ്ട് ഹൈറേഞ്ച് മേഖല ശ്വാസം മുട്ടുന്നു. ടൈഗർ റിസർവുകളിലുൾപ്പെടെ വാഹനങ്ങളും ജനങ്ങളും നിറഞ്ഞ് വലിയ തോതിലുള്ള മലിനീകരണത്തിന് കാരണമാകുന്നു. ട്രൈജംഗ്ഷൻ എന്നറിയപ്പെടുന്ന കേരളം,തമിഴ്നാട്, കർണ്ണാടക മേഖലകളിലെ, ഹൈറേഞ്ചുകളിലും എക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നീലഗിരി ബയോസ്പിയറിൽപ്പെട്ട മറ്റ് വിനോദ സഞ്ചാര മേഖലകളിലുമൊക്കെ മുമ്പൊരു കാലത്തും അനുഭവപ്പെട്ടിട്ടില്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഇങ്ങോട്ടു പ്രവേശിക്കാനുള്ള ചുരം റോഡുകളിലുൾപ്പെടെ മണിക്കൂറുകൾ നീണ്ട വാഹനക്കുരുക്കിലാണ്. 

സഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ലഭിക്കാതെ പലരും വാഹനങ്ങളിൽ തന്നെ രാത്രി കഴിച്ചു കൂട്ടുന്നു. ഊട്ടിയിൽ 2000 രൂപ ഈടാക്കി സ്ഥിരമായി നൽകിയിരുന്ന ഇരട്ടക്കിടക്ക മുറികൾക്ക് 12000 രൂപയും അതിനുമുകളിലുമൊക്കെയാണ് ഇപ്പോൾ ഈടാക്കുന്നത്. ഇതേ നിലയിലാണ് എല്ലാ കേന്ദ്രങ്ങളിലും മുറി വാടക. തുകയെത്രയായാലും മുറി കിട്ടിയാൽ മതി എന്ന് പറഞ്ഞ് വരുന്നവർക്ക് മുമ്പിൽ ഹോട്ടലുടമകൾ കൈ മലർത്തുന്നു.

ഇതൊരവസരമായിക്കരുതി വിനോദസഞ്ചാര മേഖലകൾക്കരിൽ താമസിക്കുന്ന പലരും താൽക്കാലികമായി വീടോ ഏതാനും മുറികളോ ഒഴിഞ്ഞ് സഞ്ചാരികൾക്ക് വലിയ തുക വാടക ഈടാക്കി നൽകുകയാണ്. ഇതിനായി ഏജന്റുമാർ ഓടി നടകുന്നത് എവിടേയും കാണാം. വനം വകുപ്പിന്റേയും മറ്റ് സർക്കാർ വകുപ്പുകളുടേയും കൈവശമുള്ള അതിഥി മന്ദിരങ്ങളും മറ്റ് താമസ സൗകര്യങ്ങളുമൊക്കെ ഉദ്യോഗസ്ഥ പ്രമുഖരും ജനപ്രതിനിധികളുമൊക്കെ നേരത്തെ ബുക്ക് ചെയ്ത് കൈവശപ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പിന്റേയും മറ്റും കൈവശമുള്ള ഡോർമിറ്ററികളൊക്കെ വനം വകുപ്പിന്റെ തന്നെ പേരിൽ ചില ക്യാമ്പുകളുടെയൊക്കെ പേര് പറഞ്ഞ് നേരത്തെ മാർക്ക് ചെയ്തതോടെ വിദ്യാർത്ഥികളുടെ സംഘങ്ങളൊക്കെ പലതും താമസമൊഴിവാക്കി രാത്രി വൈകി തിരിച്ചു പോയി. 
ഊട്ടിയിൽ പത്ത് ഡിഗ്രിക്ക് താഴെയാണ് താപനില, ഹൈറേഞ്ച് മേഖലയിലാകെ 10 ഡിഗ്രിക്ക് തൊടു താഴേയും മുകളിലുമായി താപനില മാറിയും മറിഞ്ഞും വരുന്നുണ്ട്.

 

മഴക്കാർ ഉണ്ടാവുന്ന ദിവസങ്ങളിൽ 20 ഡിഗ്രിക്ക് മുകിലോട്ടൊക്കെ രാത്രികാല താപനില ഉയരുന്നുമുണ്ട്. കുടുംബമായെത്തുന്ന സഞ്ചാരികൾക്ക് വരെ മദ്യം ഒരവശ്യവസ്തുവായി മാറിയതോടെ വലിയ ഡിമാന്റാണ് മദ്യത്തിന് അനുഭവപ്പെടുന്നത്. തോന്നിയ വിലക്കാണ് ഏജന്റുമാർ മദ്യം വില്പന നടത്തുന്നത്. മുൻകൂട്ടി താമസ സൗകര്യം ബുക്ക് ചെയ്തവരോടൊക്കെ മദ്യം കഴിക്കുന്നവരാണെങ്കിൽ നാട്ടിൽ നിന്ന് വരുമ്പോൾ തന്നെ സാധനം കരുതുന്നത് നന്നാവുമെന്നും വയനാട്ടിൽ ലഭ്യത കുറവാണെന്നുമൊക്കെ ഹോട്ടലുടമകൾ വിളിച്ചറിയിക്കുന്നുണ്ട്. മേഖലയിലൊക്കെ ഹോട്ടലുകളിലും റെസ്‌സ്റ്റോറന്റുകളിലും ഭക്ഷണത്തിന്റെ വില പുതുക്കിയിട്ടുണ്ട്. താൽകാലിക ഭക്ഷണ വില്പന കേന്ദ്രങ്ങൾ ധാരാളമായി എല്ലായിടത്തും കാണാം. വാഹനങ്ങളിൽ ബിരിയാണി ഉൾപ്പെടെ പൊതിയായി വിൽകുന്നവരും ധാരാളമുണ്ട്. 

പണ്ടുകാലത്ത് നിന്ന് വ്യത്യസ്ഥമായി കുടുംബസമേതമുള്ള സംഘങ്ങളായാണ് ആളുകൾ കൂടുതലും വിനോദ യാത്രക്കിറങ്ങുന്നത്. പ്രായമായ അച്ഛനുമമ്മയും കുട്ടികളുമൊക്കെയായി വരുന്നവർ ധാരാളം. സ്വകാര്യ വാഹനങ്ങളിലും പലതരം ഇരുചക്ര വാഹനങ്ങളിലുമായെത്തുന്ന കൗമരക്കാരും യുവതീയുവാക്കളും ഉൾപ്രദേശങ്ങളിൽ പോലും നിറഞ്ഞിട്ടുണ്ട്. വലിയൊരളവിൽ സാഹസികവും അപകടകരവുമാണ് ഇവരുടെ യാത്രകൾ. കമിതാക്കളുടെ പ്ലസ് ടു സംഘങ്ങൾ മുതൽ പ്രൊഫഷണൽ വിദ്യാർത്ഥികൾ വരെ ജോഡികളായും കൂട്ടങ്ങളായും ഇരുചക്ര വാഹനങ്ങളിലെത്തുന്നു. വഴിയോരങ്ങളിലുൾപെടെ ടെന്റടിച്ച് താമസിക്കുന്ന സംഘങ്ങളേയും കാണാം. വഴിയരികിലും ഒഴിഞ്ഞ ഇടങ്ങളിലുമൊക്കെ തമ്പടിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരും വിശ്രമിക്കുന്നവരും ധാരാളം.

നീലഗിരി ബയോസ്പിയറിലെ വയനാട്, കുടക്, ഗൂഡല്ലൂർ, നീലഗിരി മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന ഊട്ടി, മസെയ്നഗുഡി, മുതുമല, ബന്ദിപ്പൂർ, നാഗർഹോള, മടുഗേരി, എൻബേഗൂർ, മുത്തങ്ങ, വയനാട്, തോൽപ്പെട്ടി തിരുനെല്ലി തുടങ്ങിയ ദേശീയോദ്ധ്യാനങ്ങളിലും വൈൽഡ് ലൈഫ് സാങ്ങ്ച്വറികളിലുമായി വനപ്രദേശങ്ങളും വന്യമൃഗങ്ങളേയും നേരിൽ കാണാനാണ് വലിയ തോതിൽ ആളുകളെത്തുന്നത്. മറ്റ് പരമ്പരാഗത വിനോദ സഞ്ചാര കേന്ദ്രങ്ങളും ജന നിബിഡമാണ്. ആനക്കൂട്ടങ്ങൾ, കാട്ടിക്കൂട്ടങ്ങൾ, മാൻകൂട്ടങ്ങൾ കാട്ടുപന്നി, മയിൽ, കരടി, വല്ലപ്പോഴുമൊക്കെയായി കടുവകൾ പുലികൾ എന്നിവയെക്കെ കാണാൻ സഞ്ചാരികളിൽ ചിലർക്കെങ്കിലും കഴിയുന്നുമുണ്ട്. ഡിസമ്പർ 20 മുതൽ ആരംഭിച്ച ഈ സഞ്ചാരികളുടെ കുടിയേറ്റം ജനുവരി 10 വരെ തുടരാനാണ് സാദ്ധ്യത. കാടിന്റെ വന്യതയും ഏകാന്തതയും നല്ല വായുവും തണുപ്പുമൊക്കെ ആസ്വദിക്കാനെത്തുന്നവർ ജനവരി 10 ന് ശേഷം പതിവുപോലെ മെയ് അവസാനം വരെ വന്നു കൊണ്ടിരികുകയും ചെയ്യും. 

വിനോദ സഞ്ചാരം പലർക്കും ജീവനോപാധിയായിത്തീരുന്നത് നല്ല കാര്യം തന്നെ. പക്ഷേ കാടിനെക്കുറിച്ച് ഒരറിവുമില്ലാത്ത പരിസ്ഥിതി ബോധമില്ലാത്തവരുടെ കൂട്ടത്തോടെയുള്ള വരവ് കാട്ടിന്റെ ആവാസ വ്യവസ്ഥയെ വൻതോതിൽ തകർത്തുകൊണ്ടിരിക്കുന്നു എന്ന അപകടം അധികൃതർ പരിഗണിക്കുന്നില്ല. പ്ലാസ്റ്റിക് ക്യാരിബാഗുകളും വെള്ള, മദ്യകുപ്പികളും, പലവിധ പേക്കിംഗ് വസ്തുക്കളും കാട്ടിൽ വലിച്ചെറിഞ്ഞ് ആട്ടും പാട്ടും ബഹളവുമായി കാട് ചവിട്ടിക്കുഴച്ചാണ് ഓരോ സംഘവും തിരിച്ചു പോകുന്നത്. വന്യമൃഗങ്ങളെ പകർത്താനായി വാഹനങ്ങളിൽ നിന്നിറങ്ങുന്നതും കാട്ടിലേക്ക് കയറുന്നതും വലിയ അപകടങ്ങൾക്ക് കാരണമാകും.

ഇപ്പോൾ തന്നെ അത്തരം ധാരാളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടങ്ങളും മധുരവും മണവുമടങ്ങിയ പാക്കറ്റുകൾ, കുരങ്ങുകൾ, മാനുകൾ, കാട്ടികൾ, ആനകൾ എന്നിവ തിന്നുമ്പോൾ അവയുടെ വയർ തകരാറായി മരണം വരെ സംഭവിക്കാനുള്ള സാദ്ധ്യതയും വളരെ കൂടിയിട്ടുണ്ട്. കർണ്ണാടക, തമിഴ്നാട് വനം വകുപ്പ്, താൽക്കാലിക വാച്ചർമാരേയും മറ്റും ഉപയോഗിച്ച് കർശന പരിശോധന നടത്തി പ്ലാസ്റ്റിക്കിൽ പേക്ക് ചെയ്ത ഭക്ഷണപദാർത്ഥങ്ങൾ പെറ്റ് ബോട്ടിലുകൾ, മദ്യം എന്നിവ കാട്ടിനകത്ത് കൊണ്ടുപോകാതിരിക്കാൻ ജാഗ്രത പുലർത്തുന്നുണ്ട്.

വഴിയോരത്ത് വലിച്ചെറിഞ്ഞ കുപ്പികളും പ്ലാസ്റ്റിക്കുമൊക്കെ മണിക്കൂറുകളിടവിട്ട് വനം വകുപ്പിന്റെ നേതൃത്വത്തിൽ പെറുക്കി മാറ്റുന്നുണ്ട്. കേരളത്തിലെ വയനാട് മേഖലയിലെങ്കിലും ഇതൊന്നും നടക്കുന്നതായി കാണുന്നില്ല. തമിഴ്നാട് , കർണ്ണാടകാ അതിർത്തികൾ പിന്നിട്ട് കേരളത്തിന്റെ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ നമുക്കീ വ്യത്യാസം ശരിക്കും ബോദ്ധ്യപ്പെടുകയും ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ കുടുംബ സമേതം വയനാട്ടിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. എത്തിയത് കാട് കാക്കാനല്ല. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനാണെന്ന് മാത്രം.

 

 

എൻ വി ബാലകൃഷ്ണൻ

 

Comments

COMMENTS

error: Content is protected !!