അവശ്യ മരുന്നുകളുടെ വിലവർധന തടയാൻ ദേശീയ ഔഷധവില നിയന്ത്രണസമിതി നടപടികളാരംഭിച്ചു
അവശ്യമരുന്നുകളുടെ വിലയില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വിലക്കയറ്റത്തെ പ്രതിരോധിക്കാൻ കൂടുതല്‍ ഇടപെടലുകളുമായി ദേശീയ ഔഷധവില നിയന്ത്രണസമിതി. നിലവില്‍ പട്ടികയിലുള്‍പ്പെട്ടിരുന്ന 112 ഇനങ്ങള്‍ക്ക് പുതിയ തീരുമാനത്തോടെ വില കുറയും. അര്‍ബുദമരുന്നായ ട്രാസ്റ്റുസുമാബിന് 17,984 രൂപയാണ് കുറയുക. 16 ഇനങ്ങള്‍ നിയന്ത്രണപ്പട്ടികയില്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്.
മൊത്തവ്യാപാര വിലസൂചിക പ്രകാരം കഴിഞ്ഞ തവണ പത്തു ശതമാനത്തിലധികം വിലക്കൂടുതലാണ് പട്ടികയിലുള്ള മരുന്നുകള്‍ക്കുണ്ടായത്. ഇത് വലിയ കൊള്ളയാണെന്ന ആരോപണം ഉയര്‍ന്നെങ്കിലും നിയമപരമായി നിലനില്‍ക്കുന്നതാകയാലാണ് സര്‍ക്കാര്‍ മറ്റു വഴികള്‍ തേടിയത്. മരുന്നിന്റെ ആവശ്യകതയും വിറ്റുവരവും മറ്റും കണക്കിലെടുത്ത് ചില മരുന്നുകളുടെ കാര്യത്തില്‍ വില പുനര്‍നിര്‍ണയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അണുബാധക്കെതിരേയുള്ള അസിത്രോമൈസിന്‍, വാന്‍കോമൈസിന്‍, അമോക്‌സിസിലിന്‍- ക്ലോവുനിക് ആസിഡ് സംയുക്തം, വേദനസംഹാരിയായ ഐബുപ്രൊഫൈന്‍, ചിക്കന്‍പോക്സിനും മറ്റുമെതിരേയുള്ള അസിക്ലോവിര്‍ തുടങ്ങിയ മരുന്നിനങ്ങളുടെയൊക്കെ വില കുറച്ചിട്ടുണ്ട്.
എന്നാല്‍, പുതിയതായി ഉള്‍പ്പെടുത്തിയ ചിലത് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിലയെക്കാള്‍ കുറവില്‍ കിട്ടാനുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രോസ്‌ട്രേറ്റ് അര്‍ബുദമരുന്നായ ലുപ്രോളൈഡ് അസെറ്റേറ്റിന്റെ മൂന്നിനങ്ങളാണ് പുതിയതായി ചേര്‍ത്തിട്ടുള്ളത്. ഇത് ഇപ്പോള്‍ നിശ്ചയിക്കപ്പെട്ട വിലയുടെ തൊട്ടടുത്ത വിലകളില്‍ ലഭ്യമാണ്. ഹൃദ്രോഗചികിത്സയ്ക്കുള്ള ടെനക്ടപ്ലേസ് മരുന്നിന് 45,000 രൂപയാണ് ഒരിനത്തിന് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാലിത് മുപ്പതിനായിരം രൂപയ്ക്ക് മുകളില്‍ ഇപ്പോള്‍ത്തന്നെ ഓണ്‍ലൈന്‍ ഫാര്‍മസികളില്‍ കിട്ടുന്നുണ്ട്.