ലോറിയുടെ ചക്രങ്ങളിലകപ്പെട്ടു പോയേക്കാവുന്ന ഇരുചക്രവാഹനയാത്രക്കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ചേമഞ്ചേരി കൊളക്കാട് സ്വദേശിയായ സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് ലിജേഷിന്റെ മനസാന്നിധ്യത്തെക്കുറിച്ച് ഷിജു പൂക്കാട്
അപകടങ്ങൾക്കു മുമ്പിൽ പകച്ചു പോകുന്നവരാണ് നമ്മളിലേറെയും. മിന്നൽ വേഗത്തിലുള്ള പ്രതികരണശേഷിയൊന്നു കൊണ്ടു മാത്രം പല ജീവനുകളും നമുക്ക് രക്ഷപ്പെടുത്താനാവും. അത്തരത്തിൽ അസാമാന്യ മനസാന്നിധ്യം കൊണ്ട് അതിവേഗ പ്രതികരണത്തിലൂടെ മലാപറമ്പ് ജംഗ്ഷനിൽ സിഗ്നൽ കാത്തു കിടന്ന്, സിഗ്നലിൽ പച്ച തെളിഞ്ഞപ്പോൾ ബദ്ധപ്പാടോടെ മുന്നോട്ട് നീങ്ങിയ വാഹനങ്ങൾക്കിടയിൽ ലോറിയുടെ ചക്രങ്ങളിലകപ്പെട്ടു പോയേക്കാവുന്ന ഇരുചക്രവാഹന യാത്രക്കാരിയായ യുവതിയെ പെടുന്നനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയിരിക്കുകയാണ് കോഴിക്കോട് സിറ്റി ട്രാഫിക്കിൽ ജോലി ചെയ്തുവരുന്ന ചേമഞ്ചേരി കൊളക്കാട് സ്വദേശിയായ സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് ലിജേഷ്.
കഴിഞ്ഞ ദിവസം കോഴിക്കോട് മലാപറമ്പ് ജംഗ്ഷനിലെ തൻ്റെ ഡ്യൂട്ടിയ്ക്കിടയിലാണ് ഞൊടിയിടയിലുള്ള പ്രതികരണത്തിലൂടെ അപകടത്തിൽപ്പെട്ട മുണ്ടിക്കൽ താഴം സ്വദേശിനിയായ യുവതിയെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. മുമ്പ് കൊറോണ നാളുകളിൽ സ്വന്തമായി സാനിറ്റൈസർ നിർമിച്ച് വാർത്തകളിൽ ഇടം പിടിച്ച വ്യക്തിയാണ് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ രഞ്ജിത്ത് ലിജേഷ്.