മധ്യപ്രദേശിൽ വർഗ്ഗീയ സംഘർഷം; തുടർന്ന് കെട്ടിടം പൊളി

മധ്യപ്രദേശിലെ ഖാർഗോണിൽ രാമനവമി ഘോഷയാത്രയ്ക്കിടെ വർഗീയ സംഘർഷം. തുടർന്ന് ജില്ലാ ഭരണകൂടം നഗരത്തിലെ അഞ്ച് പ്രദേശങ്ങളിലെ 16 വീടുകളും 29 കടകളും പൊളിച്ചു. രാവിലെ ഛോട്ടേ മോഹൻ ടാക്കീസ് ​​പ്രദേശത്ത് നിന്നാണ് പൊളിക്കൽ ആരംഭിച്ചത്. അതിനുശേഷം ഔറംഗ്പുര, ഖസ്ഖസ്വാദി, ഗണേഷ് മന്ദിർ, തലാബ് ചൗക്ക് പ്രദേശങ്ങളിലും ഇങ്ങനെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. ഇവ അനധികൃത കെട്ടിടങ്ങളാണെന്നാണ് അധികൃതരുടെ ഭാഷ്യം.

ഞായറാഴ്ച ആക്രമണങ്ങൾക്ക് ഇടയാക്കിയ രാമനവമി ഘോഷയാത്ര പുറപ്പെട്ടിടത്ത് നിന്ന് 500 മീറ്റർ അകലെയാണ് തലാബ് ചൗക്. ഖസ്ഖസ്വാഡിയിലാണ് ഏറ്റവും കൂടുതൽ പൊളി നടന്നത്. ഇവിടെ 12 വീടുകളും 10 കടകളും പൊളിച്ചുമാറ്റി. ഞായറാഴ്ച കല്ലേറുണ്ടായെന്ന് ആരോപിക്കുന്ന പ്രദേശങ്ങളിൽ ഖസ്ഖസ്വാഡിക്ക് പിന്നിൽ സ്ഥിതി ചെയ്യുന്ന ഭവ്സർ മൊഹല്ലയും ഉൾപെടുന്നു. തലാബ് ചൗക് ഏരിയയിൽ തകർത്ത 12 കടകളിൽ എട്ടെണ്ണം മുസ്ലീങ്ങളും ബാക്കി നാലെണ്ണം ഹിന്ദുക്കളുമാണ് നടത്തിയിരുന്നത്. 12 കടകളും ഖർഗോൺ ജുമാമസ്ജിദ് സമുച്ചയത്തിന്റെ ഭാഗവും മസ്ജിദ് കമിറ്റിയുടെ ഉടമസ്ഥതയിലുള്ളവയുമാണ്. എന്തിനാണ് കട തകർത്തതെന്ന് അറിയില്ലെന്ന് തലാബ് ചൗകിൽ പൊളിച്ചുമാറ്റിയ കടകളിലൊന്നിൽ ആക്രിക്കച്ചവടം നടത്തിയിരുന്ന റഫീഖ് മുഹമ്മദിനെ ഉദ്ധരിച്ച് ഇൻഡ്യൻ എക്സ്പ്രസ് റിപോർട് ചെയ്തു. ‘ഞാൻ കലാപകാരികളെ പിന്തുണയ്ക്കുന്നില്ല, അവരെ അറസ്റ്റ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ ഇന്ന് എന്റെ കട തകർത്തത് എന്തിനാണ്? 17 പേരടങ്ങുന്ന എന്റെ കുടുംബത്തെ ഇപ്പോൾ ഞാൻ എങ്ങനെ ചിലവിന് കൊടുക്കും ? മുഖ്യമന്ത്രി വിശദീകരിക്കുമോ?’, അദ്ദേഹം ചോദിച്ചു.
‘ഞാൻ മസ്ജിദ് കമ്മിറ്റി അധികൃതരിൽ നിന്ന് കട വാടകയ്ക്ക് എടുത്തിരുന്നു, എനിക്ക് ഒരു അറിയിപ്പും നൽകിയിട്ടില്ല. കമ്മറ്റിക്ക് നോട്ടീസ് കിട്ടിയിരുന്നെങ്കിൽ അവർ ഞങ്ങളോട് പറയുമായിരുന്നു. അവർ ബുൾഡോസറുകൾ കൊണ്ടുവരുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഞങ്ങൾ പൊളിക്കുന്നതിനെക്കുറിച്ച് അറിഞ്ഞത്. ഞാൻ സമീപത്ത് താമസിക്കുന്നതിനാൽ, ഓടിയെത്തി, മറ്റുള്ളവരുടെ സഹായത്തോടെ, എനിക്ക് കഴിയുന്നതെല്ലാം എന്റെ കടയിൽ നിന്ന് പുറത്തെടുക്കാൻ കഴിഞ്ഞു’, അതേ സമുച്ചയത്തിൽ കട നടത്തിയിരുന്ന നരേന്ദ്ര സുരേഷ്ചന്ദ് ഗുപ്ത വിവരിച്ചു.

എന്നാൽ പൊളിച്ച കെട്ടിടങ്ങൾ അനധികൃത നിർമാണങ്ങളാണെന്നും ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്നും ഖാർഗോൺ ജില്ലാ കലക്ടർ പി അനുഗ്രഹ പറഞ്ഞു. ഇതുവരെ തകർത്ത എല്ലാ കടകളും വീടുകളും കയ്യേറ്റ ഭൂമിയിൽ നിർമിച്ച അനധികൃത കെട്ടിടങ്ങളാണെന്ന് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് മിലിന്ദ് ധോകും വ്യക്തമാക്കി. ഈ പ്രദേശങ്ങളിൽ നിന്ന് കല്ലേറുണ്ടായതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഖാര്‍ഗോണില്‍ വര്‍ഗീയ കലാപം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ വെറുതെ വിടില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. പൊതു-സ്വകാര്യ സ്വത്തുക്കള്‍ക്കുണ്ടായ നഷ്ടം അക്രമികളെന്ന് കരുതുന്നവരില്‍ നിന്ന് ഈടാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 84 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്‍ഡോര്‍ ഡിവിഷന്‍ കമീഷനർ പവന്‍ ശര്‍മ പറഞ്ഞു. കലാപകാരികളെ വെറുതെ വിടില്ല. മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്, അതനുസരിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയതിന് മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടതായും ഒരാളെ സസ്പെന്‍ഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു. പൊലീസ് സേന നിരന്തരം ഇടപെടുന്നുണ്ടെന്നും അക്രമികള്‍ക്കെതിരെ നടപടിയെടുക്കുകയാണെന്നും ഐജി രാകേഷ് ഗുപ്ത പറഞ്ഞു.

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍, രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതായും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതക ഷെലുകള്‍ പ്രയോഗിച്ചതായും ഖര്‍ഗോണ്‍ അഡീഷനല്‍ കലക്ടര്‍ സുമര്‍ സിംഗ് മുജാല്‍ഡെ പറഞ്ഞു. കല്ലേറുണ്ടായതിനെ തുടര്‍ന്ന് ചില വാഹനങ്ങളും വീടുകളും തീവെച്ച് നശിപ്പിച്ചതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പെടുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും ഖാര്‍ഗോണ്‍ നഗരത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പെടുത്തി. മെഡിക്കൽ, അടിയന്തര സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Comments

COMMENTS

error: Content is protected !!