Technology
ആകാശത്ത് നൃത്തം ചെയ്യുന്ന ‘പ്രകാശ തൂണുകൾ’, പിന്നിൽ അദൃശ്യ ശക്തിയോ?

തെക്കൻ ഫിലിപ്പൈൻ പ്രവിശ്യയായ സുലുയിൽ ദിവസങ്ങൾക്ക് മുൻപ് ആകാശത്ത് നൃത്തം ചെയ്യുന്ന പ്രകാശ തൂണുകൾ പ്രത്യക്ഷപ്പെട്ടു. ചിലർ ഈ പ്രതിഭാസത്തെ ഭീതിയോടെ കണ്ടപ്പോൾ മറ്റു ചിലർ ആഘോഷമാക്കി. ചിത്രങ്ങളും വിഡിയോയും പകർത്തി സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിഭാസത്തിനു പിന്നിൽ അദൃശ്യശക്തികളാണെന്ന് വരെ ചിലർ സോഷ്യൽമീഡിയകളിൽ കുറിച്ചിട്ടുണ്ട്. രാത്രി ആകാശത്ത് ലൈറ്റുകളുടെ അതിമനോഹരമായ നൃത്തത്തിന്റെ ആവിഷ്കാരമാണിത്. ജൂൺ 30ന് ഞായറാഴ്ച രാത്രി ഏഴു മണിക്കാണ് ഈ പ്രതിഭാസം കാണാൻ സാധിച്ചത്.
ആകാശത്ത് ലൈറ്റുകൾ കണ്ടപ്പോൾ പ്രദേശവാസികൾ അമ്പരന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തരം പ്രതിഭാസം കുറച്ചുകാലങ്ങളായി കാണുന്നതാണെന്നും വർഷത്തിൽ ഒന്നോ രണ്ടോ തവണ പ്രത്യക്ഷപ്പെടുന്നതായും സുലുവിലെ ചിലർ അവകാശപ്പെടുന്നുണ്ട്.
പ്രദേശവാസികൾ ഈ ലൈറ്റുകളെ ‘ലാൻസുക്-ലാൻസുക്’ അല്ലെങ്കിൽ മെഴുകുതിരികൾ എന്ന് വിളിക്കുന്നു. ആകാശത്തെ പ്രകാശ തൂണുകൾ ദുഃഖമോ ദുരന്തമോ കൊണ്ടുവരുമെന്ന് കരുതുന്നവരും ഉണ്ട്. എന്നാൽ മറ്റൊരു വിഭാഗം ഇതിനെ ഭാഗ്യത്തിന്റെ അടയാളമായി കാണുന്നു. കഴിഞ്ഞ സ്കൈ ഷോ 20 മുതൽ 30 മിനിറ്റ് വരെ നീണ്ടുനിന്നതായി പ്രദേശവാസികൾ പറഞ്ഞു
സുലു വിശ്വാസമനുസരിച്ച് ലൈറ്റുകൾക്ക് ഒരു മോശം സംഭവത്തെ അറിയിക്കാൻ കഴിയും. അല്ലെങ്കിൽ അത് കാണുന്നവർക്ക് ഭാഗ്യം നൽകും. ശാസ്ത്രീയ വിശദീകരണമനുസരിച്ച് ലൈറ്റ് സ്തംഭങ്ങൾ ഒരു അപൂർവ സംഭവമല്ല. ഭൂമിയുടെ അന്തരീക്ഷത്തിൽ ഉയർന്ന ഉയരത്തിലുള്ള ഐസ് കണികകൾ ഉണ്ടാകുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ ചെറിയ ഐസ് പരലുകൾ സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. അല്ലെങ്കിൽ ഇടയ്ക്കിടെ ഒരു നഗരത്തിൽ നിന്നുള്ള കൃത്രിമ മിന്നൽ മനോഹരമായ പ്രതിഭാസത്തിന് കാരണമായേക്കാമെന്നും നിരീക്ഷിക്കുന്നു
Comments