സ്ക്രീനിനുള്ളിൽ സെൽഫി ക്യാമറ ഒളിപ്പിച്ച് ഒപ്പോ ഫോൺ

സ്ക്രീനിന്റെ സ്ഥലം ക്യാമറ അപഹരിക്കുന്നതു തടയാൻ പല വഴികൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന സ്മാർട്ഫോൺ നിർമാതാക്കൾ പുതിയ വഴിത്തിരിവിലെത്തി. സെൽഫി ക്യാമറയ്ക്കു പൊട്ടു പോലെ ഒരിടം നൽകുന്ന നോച്ച് ഡിസൈനും സെൽഫി ക്യാമറ ഫോണിനുള്ളിൽനിന്ന് ആവശ്യമുള്ളപ്പോൾ മാത്രം ഉയർന്നുവരന്നു പോപ്അപ് ഡിസൈനും കടന്ന് ഇതാ, സ്ക്രീനിനുളളിൽത്തന്നെ ക്യാമറ ഒളിച്ചുവയ്ക്കുന്ന ഡിസൈൻ ഒപ്പോ അവതരിപ്പിച്ചു. ചൈനയിലെ ഷാങ്‌ഹായിൽ നടക്കുന്ന ലോക മൊബൈൽ കോൺഗ്രസിലാണ് ഇന്നലെ ‘ഇൻ–ഡിസ്പ്ലേ ക്യാമറ’യുള്ള ഫോൺ കമ്പനി പ്രദർശിപ്പിച്ചത്.

 

ക്യാമറയ്ക്കു മുകളിൽ വരുന്ന ഡിസ്പ്ലേ സ്ക്രീനിന്റെ ഭാഗം പ്രത്യേകതരം സുതാര്യ പദാർഥം കൊണ്ടാണു രൂപപ്പെടുത്തിയത്. സാധാരണ സെൽഫി ക്യാമറകളെക്കാൾ വലിയ സെൻസറും പിക്സലുമാണ് ഇതിലെ ക്യാമറയ്ക്കുള്ളതെന്നും കമ്പനി പറഞ്ഞു. സ്ക്രീൻ മറയുള്ളതുകാരണം വ്യക്തത കുറയാതിരിക്കാൻ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തും. വിപണിയിൽ ഇത്തരം ഫോണുകൾ എന്നെത്തിക്കുമെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല. ഷഓമിയും ഇത്തരം ഫോണിന്റെ നിർമാണപ്പുരയിലാണെന്നു നേരത്തേ വെളിപ്പെടുത്തിയിരുന്നു.
Comments

COMMENTS

error: Content is protected !!