ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് ‘ഫ്രീഡം ഫെസ്റ്റ് 2023: നോളഡ്ജ് ഇന്നൊവേഷൻ ടെക്നോളജി’ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കും
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ആഗസ്റ്റ് 12 മുതൽ 15 വരെ ‘ഫ്രീഡം ഫെസ്റ്റ് 2023: നോളഡ്ജ് ഇന്നൊവേഷൻ ടെക്നോളജി’ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കും. പത്തോളം വേദികളിൽ വിവിധ സെഷനുകളായി നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023-ൽ കെ-ഡിസ്ക്, കൈറ്റ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി, സ്റ്റാർട്ട്അപ് മിഷൻ, ഐ ടി മിഷൻ, ഐസിഫോസ്, സി-ഡിറ്റ് തുടങ്ങി പതിനെട്ട് സർക്കാർ സ്ഥാപനങ്ങളും യുണിസെഫ്, ഡി എ കെ എഫ്, ഫ്രീ സോഫ്റ്റ് വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ, ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, സോഫ്റ്റ്വെയർ ഫ്രീഡം ലാ സെന്റർ, യു എൽ സി സി എസ്, ഐ ടി ഫോർ ചേഞ്ച് തുടങ്ങി പതിനാറോളം സർക്കാരിതര സ്ഥാപനങ്ങളും പങ്കാളികളാകും.
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഫ്രീഡം ഫെസ്റ്റിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ മന്ത്രി വി. ശിവൻകുട്ടി വിലയിരുത്തി. ചടങ്ങിൽ അക്കാദമിക് ചെയർമാൻ ഡോ. ടി.എം.തോമസ് ഐസക്, ജനറൽ കൺവീനർ വി.കെ. പ്രശാന്ത് എം.എൽ.എ, കൺവീനർമാരായ വീണാമാധവൻ, കെ.അൻവർ സാദത്ത്, ടി. ഗോപകുമാർ, അനൂപ് അംബിക, ജി. ജയരാജ്, ഡോ. സുനിൽ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ആഗസ്റ്റ് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഏഷ്യ-പസഫിക് ലിനക്സ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ജൂലിയൻ ഗോർഡൻ, ഐ.ഐ.എസ്.സി. ബാംഗ്ലൂരിലെ ഡോ. നരസിംഹമൂർത്തി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. വിശദ വിവരങ്ങൾക്ക് www.freedomfest2023.in