താലൂക്കുതല അദാലത്തില്‍ പരാതികള്‍ സമയത്ത് അറിയിക്കാന്‍ കഴിയാതിരുന്നവരെ തിരിച്ചയക്കില്ലെന്ന് മന്ത്രി വിശിവന്‍കുട്ടി

സംസ്ഥാന സര്‍ക്കാരിന്‍റെ  രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍  പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്‍റെ  തിരുവനന്തപുരം താലൂക്കുതല ഉദ്ഘാടനം മന്ത്രി ശിവൻകുട്ടി നിര്‍വഹിച്ചു.

താലൂക്ക് അദാലത്തില്‍ നിര്‍ദ്ദേശിച്ച പ്രകാരം നേരത്തെ പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ പോയ അപേക്ഷകരെ തിരിച്ചയയ്ക്കില്ലെന്നും പരാതികള്‍ സ്വീകരിച്ച്  മറ്റൊരു ദിവസം പരിഹാരം കാണുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.  ഉദ്യോഗസ്ഥതലത്തില്‍ പരിഹാരം കാണാന്‍ പോകാതെ കഴിയുന്ന പരാതികളില്‍ ഉടന്‍തന്നെ മന്ത്രിമാര്‍ ഇടപെടുമെന്നും പൊതുജനങ്ങള്‍ ക്ഷമയോടെ അദാലത്തിനെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം മന്ത്രി ആവര്‍ത്തിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി.ആര്‍ അനില്‍ മുഖ്യപ്രഭാഷണം നടത്തി.

പൊതുജനങ്ങള്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഇല്ലെന്ന് ഉറപ്പുവരുത്താനാണ് മൂന്ന് മന്ത്രിമാരും നേരിട്ട് എത്തിയതെന്നും തീരസദസ്സ്, വനസൗഹൃദ സദസ്സ് തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധതരത്തിലുള്ള പ്രശ്‌നപരിഹാര പരിപാടികള്‍ നടന്നു വരികയാണെന്നും ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണാനും ദീര്‍ഘകാലമായി പരിഹരിക്കാതെ കിടന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തരപരിഹാരം കാണാനുമാണ് സര്‍ക്കാര്‍ താലൂക്കുതല അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു.

Comments

COMMENTS

error: Content is protected !!