ആത്മവിശ്വാസത്തിന്റെ ഹാള്‍ ടിക്കറ്റ് ഒരുക്കി ജില്ലാ പഞ്ചായത്ത്

 

കോഴിക്കോട്:  2021ലെ പത്താം ക്ലാസ്, പ്ലസ്ടു പൊതുപരീക്ഷ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ജില്ലാ പഞ്ചായത്ത് എജ്യുകെയര്‍ പദ്ധതിയുടെ ഭാഗമായി ‘ഹാള്‍ ടിക്കറ്റ് ‘ എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. കോവിഡ് കാലത്ത് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ക്കും ആകുലതകള്‍ക്കും കൈത്താങ്ങാവുന്ന പദ്ധതി കോഴിക്കോട് ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കോഴിക്കോട് സോണും സംയുക്തമായാണ് നടപ്പിലാക്കുന്നത്.

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ പരീക്ഷാ മുന്നൊരുക്ക ദിനങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന ചിന്തകളെ കോര്‍ത്തിണക്കി തയ്യാറാക്കുന്ന ആനിമേഷന്‍ വീഡിയോ ജില്ലയിലെ സ്‌കൂള്‍, വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ സ്‌കൂള്‍ എജ്യുകെയര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വഴി പങ്കുവയ്ക്കും. വിഷയാനുബന്ധ ട്രെയിനിംഗ് ലഭിച്ച 125 ഡോക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് കൗണ്‍സിലര്‍മാര്‍, എജ്യുകെയര്‍ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ ഓരോ വിദ്യാലയത്തിലെയും ഹാള്‍ ടിക്കറ്റ് മെന്റര്‍മാരായി കുട്ടികള്‍ക്ക് പിന്തുണ നല്‍കും.

കുട്ടികളുടെയും രക്ഷിതാക്കളുടെയും പരീക്ഷാ കാലത്തെ ശാരീരിക മാനസിക പ്രയാസങ്ങളെ സംബന്ധിച്ച ആശങ്കകള്‍ക്ക് എജ്യുകെയര്‍ കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ മെന്റര്‍മാര്‍ മറുപടി നല്‍കും. കോവിഡ് കാലത്തെ കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനായി കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും പ്രശ്നങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞതിന് ശേഷമാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി (മോഡല്‍ പരീക്ഷയ്ക്ക് മുമ്പ്, പരീക്ഷ സമയത്ത്, പരീക്ഷാ ശേഷം) പ്രത്യേക മൊഡ്യൂളുകളുപയോഗിച്ചാണ് മെന്റര്‍മാര്‍ കുട്ടികളും രക്ഷിതാക്കളുമായി ഇടപെടുക.

Comments

COMMENTS

error: Content is protected !!