ആദിവാസിയുവാവിനെ വെടിവെച്ചുകൊന്നത് ആസൂത്രിതമായി; വസ്ത്രങ്ങള്‍ തീയിട്ടു നശിപ്പിച്ചു
തൊടുപുഴ: പോതമേട്ടില്‍ നായാട്ടിനിടെ ആദിവാസി യുവാവിനെ ആസൂത്രിതമായി വെടിവെച്ചുകൊന്നതാണെന്ന് സൂചന. മരിച്ച മഹേന്ദ്രന്റെ വസ്ത്രങ്ങളെല്ലാം അന്നുതന്നെ പ്രതികള്‍ ഊരിമാറ്റി തീയിട്ട് നശിപ്പിച്ചെന്നും പോലീസ് കണ്ടെത്തി.
ഏലത്തോട്ടം ഉടമ ബൈസണ്‍വാലി ഇരുപതേക്കര്‍ കളപ്പുരയില്‍ സാംജി (42), ജോമി (50), പോതമേട് സ്വദേശി മുത്തയ്യ (60) എന്നിവരാണ് അറസ്റ്റിലായത്. മൃതദേഹത്തിനടുത്തുനിന്നും തോക്കും പോലീസ് കണ്ടെടുത്തിരുന്നു.
ജൂണ്‍ 27-നാണ് ബൈസണ്‍വാലി ഇരുപതേക്കര്‍ സ്വദേശിയായ മഹേന്ദ്രനെ കാണാതായത്. പ്രതികള്‍ക്കൊപ്പം വേട്ടയ്ക്ക് ഏലക്കാട്ടിലേക്ക് പോയതായിരുന്നു.
പലപ്രാവശ്യം ചോദ്യംചെയ്‌തെങ്കിലും, മഹേന്ദ്രന്‍ തങ്ങള്‍ക്കൊപ്പം വേട്ടയ്ക്ക് വന്നില്ലെന്നാണ് പ്രതികള്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍, കാണാതായദിവസം മഹേന്ദ്രന്‍ പ്രതികള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യമാണ് പോലീസിന് പിടിവള്ളിയായത്. അതോടെ പോലീസ് മൂന്നുപേരെയും വെവ്വേറെ ചോദ്യംചെയ്തു. മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
അതേസമയം, വേട്ടയ്ക്കിടെ അബദ്ധത്തില്‍ മഹേന്ദ്രന്‍ കൊല്ലപ്പെട്ടെന്നാണ് ഇപ്പോള്‍ പ്രതികള്‍ പറയുന്നത്.
വസ്ത്രം തീയിട്ട് നശിപ്പിച്ചതിനാല്‍, ഇരുട്ടത്ത് മഹേന്ദ്രന്റെ കോട്ടിന്റെ ബട്ടണ്‍ കണ്ട് മൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്ന വാദം തെളിയിക്കാന്‍ പ്രതികള്‍ക്ക് പറ്റാതെവരും. ഈ തെളിവ് നശിപ്പിക്കല്‍ ആസൂത്രിത കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും പോലീസ് പറയുന്നു.
രാജാക്കാട് സി.ഐ. ബി. പങ്കജാക്ഷന്‍, എസ്.ഐ.മാരായ അനൂപ് സി. നായര്‍, വില്‍സണ്‍, എ.എസ്.ഐ. ബിജു, സി.പി.ഒ.മാരായ മനോജ് സി.വി., റസിയ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.