വിമാനയാത്രക്കിടെ പണവും സ്വര്‍ണവും മോഷണം പോയതായി പരാതി

വിമാനയാത്രക്കിടെ പണവും സ്വര്‍ണവും മോഷണം പോയതായി പരാതി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ജിദ്ദയിലേയ്ക്കും തിരിച്ചും വന്ന രണ്ടുയാത്രക്കാരുടെ ട്രോളിബാഗ് തുറന്നാണ് മോഷണം നടത്തിയത്. കരിപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഏപ്രില്‍ 28 ന് രാത്രിയിലാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി നസീഹയും കുഞ്ഞും ജിദ്ദയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. വീട്ടിലെത്തി ബാഗ് തുറന്നപ്പോഴാണ്  രണ്ടുപവനും പതിനായിരം രൂപയും നഷ്ടപ്പെട്ട വിവരം അറിയുന്നത്.

തൊട്ടടുത്ത ദിവസം പുലര്‍ച്ചെ കരിപ്പൂരില്‍ നിന്നും ജിദ്ദയ്ക്ക് വിമാനം കയറിയ നാദാപുരം സ്വദേശി അബൂബക്കറിനും മകനും സമാന അനുഭവം തന്നെ ഉണ്ടായി. രണ്ടുലക്ഷം രൂപ മൂല്യം വരുന്ന സൗദി കറന്‍സിയും ഖത്തറിലെ ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡുമാണ്  ഇവർക്ക് നഷ്ടപ്പെട്ടത്. 

ഇവരെ കൂടാതെ കഴിഞ്ഞ മാസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മറ്റു രണ്ടുപേരുടെയും സാധനങ്ങള്‍ മോഷണം പോയതായും പറയുന്നു. പൊലീസ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചെങ്കിലും മോഷണം നടന്നത് എവിടെവെച്ചാണ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നിലവില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനിക്കും പരാതി നല്‍കിയിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!