ആദിവാസി കോളനികളിലെ സാമൂഹ്യ പഠനമുറികള്‍ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് വയനാട്ടില്‍ തുടക്കമായി
ആദിവാസി കോളനികളിലെ സാമൂഹ്യ പഠനമുറികള്‍ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് വയനാട്ടില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ സഹായത്തോടെ സംസ്ഥാന പട്ടികവര്‍ഗ വകുപ്പും സി–ഡാക്കും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസത്തിനൊപ്പം ആരോഗ്യം, തൊഴില്‍ തുടങ്ങിയ മേഖലകളിലും പുരോഗതി കൈവരിക്കുകയാണ് ലക്ഷ്യം.
ഡിജിറ്റല്‍ പഠനമുറികളെ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സമഗ്ര ഇ–റിസോഴ്സ് പോര്‍ട്ടലുമായി ബന്ധിപ്പിക്കും. റീജിയണല്‍ ക്യാന്‍സര്‍ സെന്‍റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി എന്നിവയുടെ സഹകരണവും പദ്ധതിക്ക് ഉണ്ട്. ഇവരുടെ സേവനം ഓണ്‍ലൈന്‍ വഴി പഠനമുറികളില്‍ എത്തിച്ച് ആദിവാസി കോളനികളിലെ ആരോഗ്യനിലവാരം ഉയരുത്തുകയാണ് ലക്ഷ്യം. ഒമ്പതുകോടി രൂപയുടെ പദ്ധതിയിലൂടെ പട്ടികവര്‍ഗ വിഭാഗത്തിലെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.