ആനപ്പാറ ക്വാറി – കലക്ടർ അടിയന്തിര ഇടപെടൽ നടത്തണം: എ.ഐ.വൈ.എഫ്
മേപ്പയ്യൂർ : കീഴരിയൂർ ആനപ്പാറ ക്വാറിയിൽ കരിങ്കൽ ഖനനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പ്രശ്നത്തിൽ കലക്ടർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ ഉഗ്ര സ്ഫോടനത്തോടെ പാറ പൊട്ടിക്കുമ്പോൾ സമീപത്തെ വീടുകൾക്ക് മുകളിൽ കല്ല് തെറിച്ച് വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന സമീപനം അംഗീകരിക്കാൻ കഴിയില്ല. പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഖനനം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെ സംബന്ധിച്ച് പ്രത്യേക സമിതിയെ നിയോഗിച്ച് പഠനം നടത്തി റിപ്പോർട്ട് പുറത്തുവരുന്നതുവരെയും ക്വാറിയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
എ.ഐ.വൈ.എഫ് ജില്ലാ ജോ: സെക്രട്ടറി ധനേഷ് കാരയാട് , മേപ്പയ്യൂർ മണ്ഡലം പ്രസിഡൻ്റ് അഖിൽ കേളോത്ത്, മണ്ഡലം കമ്മിറ്റി അംഗം അനിൽ കുമാർ ഒ.കെ തുടങ്ങിയവർ ക്വാറിയുടെ സമീപത്തെ പ്രശ്ന ബാധിത വീടുകൾ സന്ദർശിക്കുകയും സമരസമിതിക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.