ആനപ്പാറ ക്വാറി പ്രവർത്തനം പുനരാരംഭിക്കുന്നു, സമരസമിതി സജീവമായി രംഗത്ത്; ലോറി തടഞ്ഞ സ്ത്രീ പരിക്കേറ്റ് ആശുപത്രിയിൽ

കീഴരിയൂരിലെ ആനപ്പാറ ക്വാറിയിൽ വീണ്ടും സംഘർഷം. താനിയുള്ളതിൽ ദേവകിയെ ലോറി തട്ടി പരിക്കേറ്റതിനെത്തുടർന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്വാറി പ്രവർത്തിപ്പിക്കുന്നതിന് ആർ ഡി ഒ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് പ്രവർത്തനം നിലച്ച ക്വാറിയിൽ വ്യാഴാഴ്ച (ഏപ്രിൽ 7) ഉടമകൾ വീണ്ടും പാറപൊട്ടിക്കൽ പുനഃരാരംഭിച്ചിരുന്നു.

മൂന്ന് സ്ഫോടനങ്ങളാണ് വ്യാഴാഴ്ച നടത്തിയത്. പാറ പൊട്ടിച്ചെങ്കിലും അത് പുറത്തേക്ക് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. ക്വാറിയിൽ പ്രവേശിച്ച സമരസമിതി പ്രവർത്തകരെ കോടതി വിലക്ക് ചൂണ്ടിക്കാട്ടി പോലീസ് പുറത്താക്കുകയായിരുന്നു. കോടതി വിലക്ക് ലംഘിക്കാൻ സമരസമിതി പ്രവത്തകരും തയാറായില്ല. അത് കൊണ്ട് വ്യാഴാഴ്ച അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ വെള്ളിയാഴ്ച കാലത്ത് പൊട്ടിച്ച കല്ലുമായി ലോറി ക്വാറിക്ക് പുറത്തേക്ക് വന്നപ്പോൾ, സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമര സമിതി പ്രവർത്തകർ ലോറി തടഞ്ഞു. കാലത്ത് 10 മണിയോടെയായിരുന്നു സംഭവം. വനിതാ പോലീസില്ലാത്തത് കൊണ്ട് ലോറി തടഞ്ഞ സ്ത്രീകളെ മാറ്റാൻ പോലീസിനായില്ല. 11 മണിയോടെ വനിതാ പോലീസെത്തി സ്ത്രീകളെ അരികിലേക്ക് മാറ്റി ലോറി കടത്തിവിടാൻ ശ്രമിക്കുന്നതിനിടയിലാണ് ദേവകിക്ക് പരിക്കേറ്റത്. ലോറിക്ക് മുമ്പിലേക്ക് കയറിയ ദേവകിയെ മുന്നോട്ടെടുത്ത വണ്ടി തട്ടി വീഴ്ത്തുകയായിരുന്നു. ഇതേ തുടർന്ന്‌ ലോറിക്ക് മുന്നോട്ടുപോകാനായില്ല. ഇതോടെ വെള്ളിയാഴ്ചത്തെ എല്ലാ പ്രവർത്തനങ്ങളും ക്വാറിയിൽ നിർത്തി വെക്കുകയും ചെയ്തു. എന്തു വില കൊടുത്തും ക്വാറിയിൽ നിന്ന് കല്ലു കൊണ്ടുപോകാനുള്ള നീക്കം തടയുമെന്നും തുടർന്നുള്ള ദിവസങ്ങളിലും സമരം ശക്തമായി തുടരുമെന്നും സമരസമിതി ഭാരവാഹികൾ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.

Comments

COMMENTS

error: Content is protected !!