DISTRICT NEWSKOYILANDILOCAL NEWS

ആനവാതിലിൽ പനിപിടിച്ചു മരിച്ച പന്ത്രണ്ടു വയസ്സുകാരിക്ക് എച്ച് വൺ എൻ വൺ വൈറസ് ബാധിച്ചിരുന്നതായി സ്ഥിരീകരണം

കൊയിലാണ്ടി: ഉള്ള്യേരി പഞ്ചായത്തിലെ ആനവാതിലിൽ പനി പിടിച്ചു മരിച്ച 12 വയസ്സുകാരി ഋതുനന്ദക്ക് എച്ച് വൺ എൻ വൺ വൈറസ് ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ലെങ്കിലും കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ഐ ഡി എസ് പി ( ഇന്റഗ്രേറ്റഡ്ഡ് ഡിസീസ് സർവൈലൻസ് പ്രോജക്ട്)യിൽ നിന്നും എച്ച് വൺ എൻ വൺ ബാധ സ്ഥിരീകരിച്ച് ഉള്ള്യേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പഞ്ചായത്ത് ഓഫീസിലും വിവരം നൽകിയിട്ടുണ്ട്. അതനുസരിച്ച് മരണപ്പെട്ട ഋതുനന്ദയുടെ വീടിന് ചുറ്റുമുള്ള നൂറു വീടുകളിൽ ഫീവർ സർവ്വേ ആരംഭിച്ചു. ക്ലോറിനേഷൻ പ്രവർത്തനങ്ങളും ആവശ്യമെങ്കിൽ ഫീവർ ക്ലിനിക്കുകളും ഉടൻ ആരംഭിക്കുമെന്ന് ഉള്ള്യേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.ബിനോയ് കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു. അന്വേഷണത്തിൽ ആശങ്കാജനകമായ സഹചര്യങ്ങളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഋതുനന്ദയുടെ ഇരട്ട സഹോദരി ഋതുപർണ്ണ പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഏതാണ്ട് കോവിഡ് സമാനലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന, ശ്വാസകോശത്തെ പ്രധാനമായും ബാധിക്കുന്ന വൈറസ്സ് രോഗമാണ് എച്ച് വൺ എൻ വൺ. ഇൻഫ്ലുവാൻസാ വിഭാഗത്തിൽപ്പെട്ട രോഗമാണിത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കെത്തിയ ഈ രോഗം സമ്പർക്കത്തിലൂടെ മറ്റുള്ളവരിലേക്ക് പകരും. സാധാരണ ഗതിയിൽ വലിയ അപകടകാരിയല്ലെങ്കിലും ചിലരിൽ ഗുരുതരമായിത്തീരുകയും മരണകാരണമാകുകയും ചെയ്യും. വിദ്യാർത്ഥിയായ ഋതുനന്ദക്ക് എവിടെ നിന്നാണ് രോഗം പകർന്നത് എന്ന് വ്യക്തമല്ല.
ഉള്ള്യേരി പഞ്ചായത്തിലെ ആനവാതിലിൽ, കൂടത്തിങ്കൽ മീത്തൽ ഷൈജുവിന്റേയും ചൂരക്കാട് മീത്തൽ രേഷ്മയുടേയും മകളാണ് ഋതുനന്ദ. തുടക്കത്തിൽ ശരിയായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമായതെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചിരുന്നു. മെയ് 29 ന് കാലത്ത് പനിയെത്തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കുട്ടിയെ ചികിത്സക്കെത്തിച്ചിരുന്നു. പാരസെറ്റമോൾ ഗുളികകൾ കുറിച്ചു നൽകി വീട്ടിലേക്കയക്കുകയായിരുന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
രാത്രിയോടെ കുട്ടിയുടെ നില ഗുരുതരമായതിനെത്തുടർന്ന് ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിലുമെത്തിച്ചെങ്കിലും തിങ്കളാഴ്ച കാലത്ത് പതിനൊന്നരയോടെ രോഗം കലശലായി മരണപ്പെട്ടു. മരണകാരണം എന്താണെന്ന് അന്ന് വ്യക്തമായിരുന്നില്ല. ശ്വാസകോശ സംബന്ധിയായ എന്തോ ഗുരുതരമായ അസുഖവുമായാണ് പെൺകുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചതെന്നും ആവശ്യമായ പരിശോധനകൾ നടത്താതെ തിരിച്ചയച്ചതാണ് പ്രശ്നം ഗുരുതരമാക്കിയെതെന്നും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് ഋനന്ദയുടെ ഇരട്ട സഹോദരി ഋതുപർണ്ണയും രോഗം ബാധിച്ച് ചികിത്സയിലായി. തുടർന്നുള പരിശോധനയിലാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button