KERALAMAIN HEADLINES

ആന്ധ്രാപ്രദേശില്‍ നിന്ന് അരി എത്താൻ വൈകും

ആന്ധ്രാപ്രദേശില്‍ നിന്ന് ജയ അരി എത്താൻ വൈകും. നിലവിൽ അരി സ്റ്റോക്കില്ലെന്ന് ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവു പറഞ്ഞു. കേരളത്തിന്റെ ആവശ്യം കർഷകരെ അറിയിക്കും. കൃഷിയിറക്കി സംഭരിച്ച് കേരളത്തിലെത്തിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിലുമായുളള ചർച്ചയ്ക്ക് ശേഷം ആന്ധ്രാ മന്ത്രി അറിയിച്ചു. കർഷകരുമായി ചർച്ച ചെയ്ത് കുറഞ്ഞ വിലക്ക് തന്നെ അരി ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ സംഭരിക്കുമെന്ന് മന്ത്രി അനിലും പറഞ്ഞു. ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചർച്ച ചെയ്യാനാണ് ഇന്ന് ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. 

എന്നാല്‍ മറ്റ് ആറ് ഉല്‍പന്നങ്ങള്‍ വിലകുറച്ചുവാങ്ങാന്‍ ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി മന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. അടുത്തമാസം ഉല്‍പന്നങ്ങള്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു.  

കേരളത്തിന്റെ ആവശ്യം കര്‍ഷകരെ ധരിപ്പിച്ച് കൃഷി ഇറക്കി സര്‍ക്കാര്‍ മേഖലയിൽ സംഭരിച്ച് ഗാതഗതത്തിന് മാത്രം തുക ഈടാക്കി കേരളത്തിലെത്തിക്കാനാണ് തീരുമാനം. ചുരുങ്ങിയത് നാല് മാസം പിടിക്കും.  സുലേഖ അടക്കം മറ്റ് അരി ഇനങ്ങളും മുളകും പയറും പരിപ്പും അടക്കം അവശ്യ സാധനങ്ങളും ഇടനിലക്കാരെ ഒഴിവാക്കി എത്തിക്കാന്‍ ധാരണയായി. 

അതേസമയം ഇന്ന് മുതൽ എല്ലാ മുൻഗണനേതര വെള്ള, നീല കാർഡുടമകൾക്ക് 8 കിലോ അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ കുറഞ്ഞ വിലയ്ക്ക് അരികൊടുക്കാൻ മാവേലി സ്റ്റോറുകളിലൂടെ അരി വണ്ടികൾ സഞ്ചരിക്കും. 500 ലധികം കേന്ദ്രങ്ങളിലെത്തി നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നീ നാല് ഇനങ്ങളായി കാർഡ് ഒന്നിന് 10 കിലോ വീതം അരി വിതരണം ചെയ്യും. ഓരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്‌റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുക.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button