വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി കൊച്ചി മെട്രോ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു

അന്താരാഷ്ട്ര വനിതാ ദിന വനിതാ ദിനമായ ബുധനാഴ്ച സ്ത്രീകള്‍ക്കായി കൊച്ചി മെട്രോയുടെ പ്രത്യേക സമ്മാനം.  20 രൂപയുടെ ടിക്കറ്റ് എടുത്താൽ മെട്രോയുടെ ഏത് സ്റ്റേഷനിൽനിന്നും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും ഈ തുകയ്ക്ക് യാത്ര ചെയ്യാനാകുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) അധികൃതർ അറിയിച്ചു.

20 രൂപാ നിരക്കില്‍ യാത്രയ്‌ക്കൊപ്പം നാല് മെട്രോ സ്‌റ്റേഷനുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ കൂടി കൊച്ചി മെട്രോ സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനവും വനിതാ ദിനത്തിൽ നടക്കും. കലൂർ മെട്രോ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12.15-ന് കെ.എം.ആർ.എൽ. എം.ഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും.

ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സൗകര്യം. ഈ വെൻഡിങ് മെഷീനുകളിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും.നെക്സോറ അക്കാദമിയുമായി ചേർന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുക. ഇലക്ട്രോണിക് വേസ്റ്റും റീസൈക്കിൾ ചെയ്ത അലുമിനിയം, പ്ലാസ്റ്റിക് വേസ്റ്റും ഉപയോഗിച്ചാണ് നെക്സോറ അക്കാദമിയിലെ വിദ്യാർഥികൾ ചെലവു കുറഞ്ഞ നാപ്കിൻ വെൻഡിങ് മെഷീനുകൾ നിർമിച്ചത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി മെട്രോയിൽ ഏറ്റവുമധികം തവണ യാത്ര ചെയ്ത മൂന്ന് വനിതകളെ കെ എം ആർ എൽ എം ഡി ഉച്ചയ്ക്ക് 12-ന് കലൂർ മെട്രോ സ്റ്റേഷനിൽ ആദരിക്കും. കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പരിപാടികളും മെഡിക്കൽ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കായി സൗജന്യ ബോൺ ഡെൻസിറ്റി പരിശോധനയും മുട്ടം, ഇടപ്പള്ളി, എം ജി റോഡ്, വൈറ്റില സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്ററിന്റെയും മേയർ വിറ്റബയോട്ടിക്സിന്റെയും സഹകരണത്തോടെ രാവിലെ 11 മുതൽ വൈകീട്ട് ഏഴുവരെ മെഡിക്കൽ ക്യാമ്പ് നടക്കും. ഉച്ചയ്ക്ക് 2.30-ന് കലൂർ മെട്രോ സ്റ്റേഷനിൽ കൊച്ചിൻ ബിസിനസ് സ്കൂളിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തും. സൗത്ത് മെട്രോ സ്റ്റേഷനിൽ 2.30-ന് സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ഫാഷൻ ഷോയും മൈമും ഉണ്ടാകും.
Comments

COMMENTS

error: Content is protected !!