ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ ചാലഞ്ചുമായി ഹരിതകേരളം മിഷന്‍
ലോക്ഡൗണ്‍ കാലത്ത് മാലിന്യസംസ്‌കരണ ചാലഞ്ചുമായി ഹരിതകേരളം മിഷന്‍. പകര്‍ച്ച വ്യാധികള്‍ തങ്ങളുടെ വീട്ടില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ എന്ന മുദ്രാവാക്യവുമായാണ് ചലഞ്ച്.
കോവിഡിനൊപ്പം മറ്റ് പകര്‍ച്ച വ്യാധികളെയും തുരത്താന്‍ സഹായിക്കുന്നതാണ് പദ്ധതി. മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുക, ഉള്ള മാലിന്യങ്ങള്‍ തരംതിരിക്കുക, അഴുകുന്ന മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ കമ്പോസ്റ്റ് ആക്കിയോ മറ്റു വിധത്തിലോ സംസ്‌കരിക്കുക, അഴുകാത്ത മാലിന്യങ്ങള്‍ തരംതിരിച്ച് പ്രത്യേകം സൂക്ഷിക്കുക, അവ തദ്ദേശ ഭരണ സ്ഥാപനം ഏര്‍പ്പാടാക്കിയിട്ടുള്ള ശേഖരണ കേന്ദ്രങ്ങളില്‍ എത്തിക്കുകയോ ഹരിതകര്‍മ്മസേനയ്ക്കു കൈമാറുകയോ ചെയ്യുക, കൊതുകു നശീകരണം ലക്ഷ്യമിട്ട് വീട്ടിലെയും പരിസര പ്രദേശങ്ങളിലേയും വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക, എലികളെ നശിപ്പിക്കുക, എലികള്‍ പെരുകുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയവയാണ് ചാലഞ്ചില്‍ മുഖ്യമായും ഏറ്റെടുക്കേണ്ടത്. ചാലഞ്ച് ഏറ്റെടുക്കുന്നവരുടെ വീടുകളില്‍ മാലിന്യ സംസ്‌കരണത്തിന്റെ മികവ് എത്രത്തോളമാണെന്ന് സ്വയം വിലയിരുത്തി ഗ്രേഡ് ചെയ്യാം. മികവിന്റെ അടിസ്ഥാനത്തില്‍ ഫൈവ് സ്റ്റാര്‍ വരെ ഗ്രേഡ് ലഭിക്കാം.
ഏപ്രില്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ചലഞ്ചില്‍ ഇന്നു മുതല്‍ പങ്കാളികളായി വീടുകളിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം. ഏപ്രില്‍ 25 ന് ഗ്രേഡ് ചെയ്യേണ്ട മാനദണ്ഡങ്ങള്‍ ഹരിതകേരളം മിഷന്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് ഒരാഴ്ച ഓരോ വീടും ഈ മാനദണ്ഡങ്ങളനുസരിച്ച് എത്ര സ്‌കോര്‍ നേടി എന്നു നോക്കി വീണ്ടും മെച്ചപ്പെടുത്താം. മേയ് ആദ്യവാരം ഫൈനല്‍ ഗ്രേഡിങ് നടത്താം. ലഭിച്ച സ്റ്റാറുകള്‍ ഹരിതകേരളം മിഷനെ അറിയിക്കാം. ഇതില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവര്‍ക്ക് സമ്മാനം നല്‍കും. വീട്ടിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തരംതിരിക്കുന്ന രീതികള്‍, സെല്‍ഫികള്‍ തുടങ്ങിയവയും ഇതോടൊപ്പം പങ്കുവയ്ക്കാം.
ഏപ്രില്‍ 25 നു പ്രസിദ്ധീകരിക്കുന്ന മാനദണ്ഡങ്ങളോടൊപ്പം സ്‌കോറും ചിത്രങ്ങളും അയയ്ക്കാനുള്ള ഇ-മെയില്‍ വിലാസം അറിയിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു.