ആരോഗ്യ-ഭക്ഷ്യസുരക്ഷാവിഭാഗം സംയുക്തമായി തട്ടുകടകളിൽ പരിശോധന നടത്തി
കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി കോഴിക്കോട് ബീച്ചിലും വരയ്ക്കൽ ബീച്ചിലും പ്രവർത്തിക്കുന്ന തട്ടുകടകളിൽ പരിശോധന നടത്തി. ഭട്ട് റോഡ് ബീച്ചിലെ തട്ടുകടയിൽ നിന്നും ഉപ്പിലിട്ടതും വെള്ളവും കഴിച്ച കുട്ടിക്ക് പൊള്ളലേറ്റ പശ്ചാത്തലത്തിലായിരുന്നു പരിശോധന. നെല്ലിക്കയും മാങ്ങയും മറ്റ് സാധനങ്ങളും ഉപ്പിലിടുന്നതിന് വിനാഗിരിക്ക് പകരം മറ്റു രാസലായനി ഉപയോഗിക്കുന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ സാമ്പിളുകൾ ശേഖരിക്കുകയും പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
വരും ദിവസങ്ങളിൽ തട്ടുകടകളിലും മറ്റും കോർപ്പറേഷൻ ആരോഗ്യ-ഭക്ഷ്യസുരക്ഷാവിഭാഗം സംയുക്ത പരിശോധന നടത്തുമെന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ.മിലു മോഹൻദാസ് പറഞ്ഞു.
കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ.മിലു മോഹൻദാസ്, ഹെൽത്ത് സൂപ്പർവൈസർ പി.ഷജിൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.പി സുരേഷ്, കെ.റിഷാദ്, വി.മനീഷ, മുഹമ്മദ് സിറാജ്, ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമ്മീഷണർ ഡോ.കെ.കെ അനിലൻ, ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ.ജോസഫ് കുര്യാക്കോസ്, ഡോ.വിഷ്ണു ഷാജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.