ആരോഗ്യ മന്ത്രിയുടെ സന്ദർശനം: പ്രതീകാത്മക മിന്നൽ പ്രതിഷേധ സമരം നടത്തി യൂത്ത് കോൺഗ്രസ്
കൊയിലാണ്ടി : സഹകരണ ആശുപത്രി സംരക്ഷിക്കാൻ താലൂക്ക് ഹോസ്പിറ്റലിനെ ഇല്ലാതാക്കുന്ന സർക്കാർ നയത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രിയുടെ സന്ദർശനത്തോടാനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി പ്രതീകാത്മക മിന്നൽ പ്രതിഷേധം നടത്തി.
മാസങ്ങളായി പ്രവർത്തന രഹിതമായി കിടക്കുന്ന സിടി സ്കാൻ യൂനിറ്റ് ഉടൻ പ്രവർത്തന നിരതമാക്കുക, മുഴുവൻ ഡിപാർട്മെന്റുകളിലും ഡോക്ടർമാരെ നിയമിക്കുക, കാർഡിയോളജി, ന്യൂറോളജി, ന്യൂറോ സർജറി, കാർഡിയാക് തോറാസിക് സർജറി, നെഫ്രോളജി, യൂറോളജി, എമർജൻസി മെഡിസിൻ വിഭാഗങ്ങൾ ഉടൻ ആരംഭിക്കുക ഡയാലിസിസ് വിഭാഗം പൂർണ തോതിൽ പ്രവർത്തനം നടത്തുക, മുഴുവൻ നിലകളും രോഗികൾക്ക് തുറന്നു കൊടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത് കോൺഗ്രസ് മിന്നൽ സമരം നടത്തിയത്.
ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്‌ഘാടനം ചെയ്തു. മുൻ ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി അരുൺ മണമൽ പ്രതിഷേധ പ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് അധ്യക്ഷത വഹിച്ചു.
തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, നിതിൻ തിരുവങ്ങൂർ, റംഷി കാപ്പാട്, അമൽ ചൈത്രം, ദൃശ്യ എം, സജിത് കാവുംവട്ടം, റൗഫ് ചെങ്ങോട്ടുകാവ്, ശ്രീജിത്ത് ആർ. ടി, ഷഫീർ വെങ്ങളം, ജാസിം നടേരി, അക്ഷയ് രവീന്ദ്രൻ, റിയാസ് എനിയക് എന്നിവർ നേതൃത്വം നൽകി.