ആറാംദിവസവും ആഷിഖിനെ കണ്ടെത്താനായില്ല, എൻ.ഡി.ആർ.എഫ്. സംഘം ഇന്നെത്തും

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ ആറാംദിവസവും കണ്ടെത്താനായില്ല. അഗ്നിരക്ഷാ സേനയുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ തിങ്കളാഴ്ച വലിയ വെള്ളച്ചാട്ടങ്ങളിലും പാറയിടുക്കുകളിലും വാട്ടർപ്രൂഫ് കാമറയുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.

 

രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാത്ത മൂന്ന് സ്ഥലങ്ങളിലാണ് കാമറ മുളങ്കോലിൽകെട്ടി തിരച്ചിൽ നടത്തിയത്. വലിയ രണ്ട് പാറയിടുക്കുകളിലും പ്രവൃത്തി പുരോഗമിക്കുന്ന പതങ്കയം ജലവൈദ്യുത നിലയത്തിന്റെ ജനറേറ്ററിലേക്ക് വെള്ളമെത്തിക്കുന്ന വലിയ പൈപ്പിനുള്ളിലും കാമറയുടെ സഹായത്തോടെ തിരച്ചിൽ നടത്തി. പാറയിടുക്കുകൾക്കുള്ളിലെ ദൃശ്യം വ്യക്തമായി ലഭിച്ചെങ്കിലും ജലവൈദ്യുത നിലയത്തിന്റെ പൈപ്പിനുള്ളിലെ ദൃശ്യം വ്യക്തമല്ല. ചൊവ്വാഴ്ചരാവിലെ അഗ്നി രക്ഷാസേനയുടെ വാട്ടർപ്രൂഫ് ലൈറ്റ് കൊണ്ടുവന്ന് വീണ്ടും ദൃശ്യങ്ങൾ പകർത്തും. അതേസമയം, വിശദമായ പരിശോധനയ്ക്ക് കേന്ദ്ര ദുരന്തനിവാരണ സേനയുടെ സംഘം ചൊവ്വാഴ്ച പുല്ലൂരാംപാറയിലെത്തും. ഉച്ചയ്ക്കുശേഷം മലയിൽ പെയ്യുന്ന ശക്തമായ മഴയും മലവെള്ളപ്പാച്ചിലും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.

 

കഴിഞ്ഞ 11-നാണ് കൊണ്ടോണ്ടി സ്വദേശി ആഷിഖിനെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായത്. കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. സന്നദ്ധ സംഘടകളുടെ നേതൃത്വത്തിൽ പതങ്കയം മുതൽ തമ്പലമണ്ണ വരെ ഇരുവഴിഞ്ഞിപ്പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

 

ആഷിഖിനെ അവസാനമായി കണ്ടതിന് തൊട്ടടുത്തുള്ള വെള്ളച്ചാട്ടത്തിനുള്ളിലേക്ക്, ശക്തമായ ഒഴുക്കിനെ തുടർന്ന് രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ സാധിച്ചിട്ടില്ല. ഈ ഭാഗത്തേക്കുള്ള ഒഴുക്കിന്റെ ശക്തി കുറയ്ക്കാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പുഴയുടെ ഗതി മാറ്റി വിടാനുള്ള പ്രവൃത്തിയും നടന്നു വരികയാണ്. ചൊവ്വാഴ്ച രാവിലെയോടെ നീരൊഴുക്ക് തിരിച്ച് വിടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

 

ആഷിഖിനെ കാണാതായതിന് 50 മീറ്റർ അകലെയുള്ള വലിയ പാറയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. ഈ പാറക്കൂട്ടങ്ങൾ കംപ്രസർ ഉപയോഗിച്ച് പൊട്ടിച്ച് നീക്കം ചെയ്യാനുള്ള നടപടികൾ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി ജില്ലാ ജിയോളജിസ്റ്റ് ഇബ്രാഹിം കുഞ്ഞ്, അസി. ജിയോളജിസ്റ്റ് ലക്ഷ്മി എന്നിവർ തിങ്കളാഴ്ച പതങ്കയത്തെത്തി പരിശോധന നടത്തി. പാറക്കൂട്ടങ്ങൾ പൊട്ടിക്കുന്നത് സംബന്ധിച്ച തീരുമാനം ചൊവ്വാഴ്ചയുണ്ടാകും.

 

മുക്കം, മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നീ അഗ്നിരക്ഷാ നിലയങ്ങളിൽനിന്നുള്ള നാല് യൂണിറ്റ് സേനാംഗങ്ങളുടെയും സന്നദ്ധസേനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്.

 

കോഴിക്കോട് സബ് കളക്ടർ വിഘ്നേശ്വരി, താമരശ്ശേരി തഹസിൽദാർ മുഹമ്മദ് റഫീഖ്, മുക്കം അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ എൻ. വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്.
Comments

COMMENTS

error: Content is protected !!