CRIME
ആറ് കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികൾ പിടിയിൽ.
മാങ്കാവിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്ന് ആറ് കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികൾ പിടിയിൽ. ഒഡിഷയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്, ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെയാണ് കസബ പൊലീസ് ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസും നാർക്കോട്ടിക്ക് സെൽ അസി. കമീഷണർ ടി ജയകുമാറിന്റെ കീഴിലുള്ള സിറ്റി നാർക്കോട്ടിക് ഡൻസാഫും ചേർന്ന് നടത്തിയ റെയ്ഡിൽ പിടികൂടിയത്.
കഴിഞ്ഞദിവസം മാങ്കാവിലെ മറ്റൊരു വീട്ടിൽ നടന്ന റെയ്ഡിൽ ഒന്നര കിലോഗ്രാമോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഒഡിഷയിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കേരളത്തിൽ എത്തിച്ച് കച്ചവടം നടത്തുന്ന ജില്ലയിലെ മുഖ്യകണ്ണികളാണ് പിടിയിലായത്. കിലോഗ്രാമിന് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 35000 രൂപക്ക് മുകളിലാണ് ഇവർ വിറ്റിരുന്നത്.
ഡൻസാഫ് സബ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, അംഗങ്ങളായ കെ അഖിലേഷ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂർ, കെ സുനൂജ്, അർജുൻ അജിത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, കസബ പൊലീസ് സ്റ്റേഷനിലെ ശിവദാസൻ, സജീവൻ, രതീഷ്, വിഷ്ണുപ്രഭ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments