ആശങ്കയുയർത്തി വിദ്യാര്‍ത്ഥികളില്‍ കണ്ണ് രോഗം വ്യാപകമാകുന്നു
കൊയിലാണ്ടി: വിദ്യാര്‍ത്ഥികളില്‍ കണ്ണ് രോഗം വ്യാപകമാകുന്നത് ആശങ്കയുയര്‍ത്തുന്നു. ക്രിസ്തുമസ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചെങ്കണ്ണ് രോഗം പടര്‍ന്ന് പിടിക്കുന്നത്. ക്ലാസില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ എല്ലാവര്‍ക്ക് പിടിപെടുമെന്ന അവസ്ഥയാണ്. രോഗം കാരണം മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസില്‍ വരാന്‍ കഴിയുന്നില്ല.
കണ്ണിലെ ചുവപ്പ് നിറം, കണ്ണില്‍ നിന്ന് വെള്ളം വരിക, കണ്ണുകളില്‍ അമിതമായി ചീ പോള അടിയല്‍, പ്രകാശം നോക്കാന്‍ ബുദ്ധിമുട്ട്, രാവിലെ കണ്ണ് തുറക്കാന്‍ ബുദ്ധിമുട്ട്, ചെവിയുടെ മുന്നില്‍ ഭാഗത്തു കഴല വീക്കം, തലവേദന എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ചിലര്‍ക്ക് കണ്‍പോളകള്‍ക്കും കണ്ണിനു ചുറ്റും നീര് വെക്കുകയും ചെയ്യുന്നു. അപൂര്‍വ്വം ചിലരില്‍ നേത്രപടലത്തെ ഈ അസുഖം ബാധിക്കാറുണ്ട്. കണ്‍പോളയുടെ ഉള്‍ഭാഗത്തേയും നേത്രഗോളത്തിന്റെ വെള്ളഭാഗമായ സ്‌ക്ലീറയെയും ആവരണം ചെയ്യുന്ന സുതാര്യമായ പാടയെയുമാണ് ചെങ്കണ്ണുരോഗം ബാധിക്കുന്നത്. ബാക്ടീരിയയാണ് പ്രധാന കാരണം.
പൂര്‍ണ്ണമായും ചെങ്കണ്ണ് മാറാന്‍ സാധാരണഗതിയില്‍ രണ്ടാഴ്ച സമയമെടുക്കും. രോഗം വന്നവര്‍ പൊതുസ്ഥലങ്ങളില്‍ നിന്നും വിട്ടുനിന്നാല്‍ രോഗ പകര്‍ച്ച തടയാവുന്നതാണ്.രോഗിയുടെ കണ്ണില്‍ നിന്നുള്ള സ്രവം പറ്റിപ്പിടിച്ച സ്ഥലങ്ങളില്‍ മറ്റുള്ളവര്‍ തൊടുകയും ആ കൈ കൊണ്ട് സ്വന്തം കണ്ണില്‍ തൊടുകയും ചെയ്യുമ്പോഴാണ് ഈ അസുഖം പകരുന്നത്. കൈകള്‍ ഇടയ്ക്കിടെ കഴുകുന്നതിലൂടെയും കണ്ണില്‍ തൊടാതിരിക്കുകയും ചെയ്യുന്നതിലൂടെയും ചെങ്കണ്ണ് പടരുന്നത് തടയാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ രോഗം പകരും.രോഗി ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിച്ചാലും രോഗം പകരും.
ഏതുകാലാവസ്ഥയിലും ചെങ്കണ്ണുരോഗം പിടിപെടുന്നുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ കണ്ണില്‍ മരുന്നുകള്‍ ഉറ്റിക്കാവു. പൂര്‍ണ്ണവിശ്രമമാണ് ചെങ്കണ്ണ് രോഗത്തിന് അത്യാവശ്യം. കണ്ണ് രോഗത്തിനുളള മരുന്നുകള്‍ താലൂക്കാശുപത്രിയില്‍ ലഭ്യമാണെന്നന്ന് കൊയിലാണ്ടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.വി വിനോദ് പ്രതികരിച്ചു.
പ്രാഥമിക,സാമൂഹിക,കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ ലഭ്യമാണ്.കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ സ്ഥിരമായി നേത്ര രോഗ വിദഗ്ധന്‍ ഇല്ലാത്ത സാഹചര്യം ഇപ്പോഴുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം മറ്റ് ആശുപത്രികളില്‍ നിന്ന് നേത്ര രോഗ വിദഗ്ധനെ താലൂക്കാസ്പത്രിയില്‍ എത്തിച്ചാണ് ചികില്‍സ നല്‍കുന്നതെന്ന് സൂപ്രണ്ട് പറഞ്ഞു. ബുധന്‍,ശനി ദിവസങ്ങളിൽ നേത്ര രോഗ വിഭാഗത്തില്‍ ഇപ്പോള്‍ ഡോക്ടറുണ്ടാവും.