Technology
ആൻഡ്രോയിഡിനെ തള്ളി പുതിയ ഒഎസുമായി ഇന്ത്യ, നിക്ഷേപമിറക്കുന്നത് സാംസങ്
ഇന്ത്യൻ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ഇൻഡസ് ഒഎസ് ഉൾപ്പെടെ മൂന്നു സ്റ്റാർട്ടപ്പുകളിൽ നിക്ഷേപവുമായി സാംസങ് വെഞ്ച്വർ. 85 ലക്ഷം ഡോളറാണ് ഇൻഡസ് ഒഎസിൽ സാംസങ് നിക്ഷേപിച്ചിരിക്കുന്നത്. ഇതോടെ ഇൻഡസ് ഒഎസിന്റെ 20 ശതമാനം ഓഹരികളും സാംസങ്ങിന്റെ കയ്യിലായി. സാംസങ് വെഞ്ച്വറിന്റെ ഇന്ത്യയിലെ ആദ്യനിക്ഷേപമാണിത്.
ഓപൺസോഴ്സ് ആൻഡ്രോയ്ഡ് അധിഷ്ഠിതമായി ഇന്ത്യൻ ഭാഷകൾക്കും പ്രാദേശിക ആപ്പുകൾക്കും പ്രാമുഖ്യം നൽകി വികസിപ്പിച്ചെടുത്ത സ്വതന്ത്ര ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇൻഡസ് ഒഎസ്. മൈക്രോമാക്സ്, ജിയോണി, ഇന്റെക്സ്, കാർബൺ തുടങ്ങിയ ഇന്ത്യൻ കമ്പനികളെല്ലാം ഇൻഡസ് ഒഎസിൽ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ആൻഡ്രോയ്ഡുമായി ഇതിനു ബന്ധമൊന്നുമില്ല.
ഗൂഗിളിന്റെ വിലക്കിനെ തുടർന്ന് ഹെങ്മെങ് എന്ന പേരിൽ വാവെയ് സ്വന്തമായി ആൻഡ്രോയ്ഡ് വികസിപ്പിച്ചെടുത്ത സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നുള്ള ആൻഡ്രോയ്ഡ് സ്റ്റാർട്ടപ്പിൽ സാംസങ് വെഞ്ച്വർ നിക്ഷേപം നടത്തിയിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. ഈ വർഷം ഇൻഡസ് ഒഎസുമായി സഹകരിച്ച് സാംസങ് ഗ്യാലക്സി ആപ്പ്സ്റ്റോർ നവീകരിച്ചിരുന്നു. ഈ സഹകരണത്തിന്റെ തുടർച്ചയായാണ് നിക്ഷേപം.
ഇന്ത്യൻ സ്മാർട്ഫോൺ നിർമാതാക്കളുമായി സഹകരിച്ച് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ കൂടുതൽ പരിഷ്കാരങ്ങൾ നടത്തിയും ഡവലപർമാർക്കു വേണ്ട പുതിയ കിറ്റുകൾ നൽകിയും ഇൻഡസ് ഒഎസിനു കൂടുതൽ പ്രാദേശികമുഖം നൽകുമെന്ന് കമ്പനി സിഇഒ രാകേഷ് ദേശ്മുഖ് പറഞ്ഞു.
സ്പീച്ച് ടെക്നോളജി സ്റ്റാർട്ടപ് ആയ ഗ്നാനി എഐ, ഐഒടി സ്റ്റാർട്ടപ് ആയ സിൽവൻ ഇന്നൊവേഷൻ ലാബ്സ് എന്നിവയാണ് സാംസങ് വെഞ്ച്വർ നിക്ഷേപം നടത്തിയ മറ്റുള്ളവ.
Comments