ഇടതുമുന്നണി പൊതുയോഗത്തിന് ആളെക്കൂട്ടാൻ കുടുംബശ്രീ പ്രവർത്തകർക്ക് നിർദ്ദേശം. സി ഡി എസ് അദ്ധ്യക്ഷയുടെ ശബ്ദ സന്ദേശം പുറത്ത്

കൊയിലാണ്ടി: അരിക്കുളത്ത് ഇടതുമുന്നണി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം വിജയിപ്പിക്കാൻ കുടുംബശ്രീ പ്രവർത്തകർ കൂട്ടായി പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സി ഡി എസ് അദ്ധ്യക്ഷ നൽകിയ ശബ്ദസന്ദേശം വിവാദമാകുന്നു. അരിക്കുളത്ത്, വർഷങ്ങളായി ജനങ്ങൾ കലാകായിക സാംസ്കാരിക പരിപാടികൾക്കായി ഒത്തുകൂടുന്ന പള്ളിക്കൽ കനാൽ സൈഫൺ പരിസരത്തെ പൊതുഇടം കൈവശപ്പെടുത്തി, അവിടെ   മാലിന്യ സംഭരണകേന്ദ്രം ആരംഭിക്കാനുള്ള അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടേയും പഞ്ചായത്ത് പ്രസിഡണ്ടിന്റേയും ദുർവാശിക്കെതിരെ ഒരാഴ്ചയിലധികമായി ജനങ്ങൾ രാപ്പകൽ ഇരിപ്പു സമരം നടത്തിവരികയാണ്.

സമരത്തിന് പിന്തുണയേറുകയും ജില്ലയിലാകെ ചർച്ചയാവുകയും ചെയ്തതോടെ സമരത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ്, കഴിഞ്ഞ ദിവസം അരിക്കുളം മുക്കിൽ ഇടതുമുന്നണി പൊതുയോഗം സംഘടിപ്പിച്ചത്. ഈ പൊതുയോഗത്തിലേക്ക് ആളെ കൂട്ടാനുള്ള ചുമതലയാണ്, കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കേണ്ട സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീയെ, സി പി എം പ്രാദേശിക നേതൃത്വം ഏൽപ്പിച്ചച്ചത്.

സി പി എം പരിപാടികൾക്ക് ആളെകൂട്ടാൻ കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവയെ ദുരുപയോഗിക്കുന്നതായുള്ള വിമർശനങ്ങൾ ശക്തമാണ്. സി പി എം പരിപാടിയിൽ പങ്കെടുക്കാത്തവർക്ക് പിന്നീട് തൊഴിലുറപ്പിൽ തൊഴിലുണ്ടാവില്ലെന്ന് സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങളും കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അരിക്കുളത്തു നിന്നും ഇത്തരം ഒരു വാർത്ത പുറത്തുവന്നത്.

Comments

COMMENTS

error: Content is protected !!