ഇടിമിന്നല്‍: അഗ്നി-രക്ഷാ വകുപ്പിന്റെ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

 

ഇടിമിന്നല്‍ സാധ്യത സംബന്ധിച്ച് തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ വരുന്ന സാഹചര്യത്തില്‍ കേരളാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പ് നല്‍കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമയായി പാലിക്കണമെന്ന് കോഴിക്കോട് റീജ്യന്‍ ഫയര്‍ ഓഫീസര്‍ അറിയിച്ചു.

വീട്ടിലാകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്:

– ഇടിയും മിന്നലുമുളള സമയത്ത് പുറത്ത് നില്‍ക്കരുത്. പരമാവധി വീട്ടിനുളളില്‍ തന്നെ ഇരിക്കുക. ഉണങ്ങാനിട്ട തുണികള്‍ എടുക്കുന്നതിനുള്‍പ്പെടെ ഒരാവശ്യത്തിനും പുറത്തിറങ്ങാതിരിക്കുക.

– കോണ്‍ക്രീറ്റ് ഭിത്തിയില്‍ ചാരി നില്‍ക്കുകയോ കോണ്‍ക്രീറ്റ് സ്ലാബില്‍ കിടക്കുകയോ ചെയ്യരുത്. കോണ്‍ക്രീറ്റ് നിര്‍മ്മാണങ്ങളില്‍ നിന്നു ദൂരം സൂക്ഷിക്കുക. കമ്പി ഉപയോഗിച്ചിരിക്കുന്ന തരം കോണ്‍ക്രീറ്റാണ് കൂടുതല്‍ അപായകരം.

– വീടിന്റെ വരാന്തയിലും ടെറസിലും ജനാല, വാതില്‍ ഇവയ്ക്ക് സമീപവും നില്‍ക്കരുത്. ജനലഴികളില്‍ പിടിക്കരുത്. വാതിലും ജനലും അടച്ചിടുക.

– വൈദ്യുത ഉപകരണങ്ങളുടെ പ്ലഗ്ഗ് ഊരിയിടുക. ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ പരമാവധി പ്രവര്‍ത്തിപ്പിക്കാതിരിക്കുക. വൈദ്യൂത ഉപകരണങ്ങളുടെ സമീപം നില്‍ക്കരുത്.

– വെളളത്തിന്റെ ടാപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. വെളളത്തില്‍ പരമാവധി സ്പര്‍ശിക്കാതിരിക്കുക.
– തുറസ്സായ സ്ഥലങ്ങളിലും വീടിന്റെ ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക.
– പട്ടം പറത്താന്‍ പാടില്ല.
– ടെലിഫോണ്‍ ഉപയോഗിക്കരുത്.

വീടിന് പുറത്താകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്:

– ഒരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. നനയാത്ത വിധത്തില്‍ സുരക്ഷിതരാകുക.

– തുറസ്സായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്ത് വച്ച് തല കാല്‍മുട്ടുകള്‍ക്കിടയില്‍ ഒതുക്കി ഉരുണ്ട രൂപത്തില്‍ ഇരിക്കുക. തറയില്‍ കിടക്കരുത്.

– ഒറ്റപ്പെട്ട മരത്തിന് താഴെ നില്‍ക്കരുത്. ലോഹങ്ങളാല്‍ നിര്‍മ്മിച്ച ഷെഡുകളിലും ലോഹമേല്‍കൂരയും ലോഹത്തൂണുകളുമുളള കെട്ടിടങ്ങളിലും നില്‍ക്കരുത്.

– വാഹനങ്ങളിലുളളവര്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ ലഭിക്കാത്തപക്ഷം വാഹനത്തിനുളളില്‍ തന്നെ ഇരിക്കുന്നതാകും ഉചിതം.

പൊതുനിര്‍ദ്ദേശങ്ങള്‍:

– മിന്നല്‍ ദൃശ്യമാകുന്നില്ല. എങ്കില്‍പോലും ആകാശം മേഘാവൃതമാണെങ്കില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍  പാലിക്കുക.

– കെട്ടിങ്ങളില്‍ മിന്നല്‍ രക്ഷാചാലകങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുക.

– മിന്നല്‍ ഉളളപ്പോള്‍ മരം മുറിക്കുക,. വെടിമരുന്ന് കൈകാര്യം ചെയ്യുക, ടവറുകളുടെ അറ്റകുറ്റപ്പണി, ഹെവിഡ്യൂട്ടി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കല്‍, പാടത്തെ ജോലികള്‍, പ്ലംബിംഗ് തുടങ്ങി ജോലികളില്‍ ഏര്‍പ്പെടാതിരിക്കുക.

Comments
error: Content is protected !!