ഇനി പോര്‍ട്ടബിള്‍ ട്രാഫിക് സിസ്റ്റം പണിയെടുക്കും

ഗതാഗത സിഗ്നലുകൾ തകരാറിലായാൽ റോഡിന് നടുവിൽനിന്ന് ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക്‌ പൊലീസ്‌ പെടാപ്പാട്‌ പെടണം. ഇനി അവർ ഇത്തിരി വിശ്രമിക്കട്ടെ, വാഹനങ്ങളുടെ തിരക്ക് മനസ്സിലാക്കി ഗതാഗതം നിയന്ത്രിക്കാനാകുന്ന പോർട്ടബിൾ ട്രാഫിക്‌ സിസ്റ്റവുമായി മിടുക്കൻമാർ റെഡിയാണ്. കൊല്ലം ചാത്തന്നൂർ എംഇഎസ് കോളേജിലെ അവസാനവർഷ എൻജിനിയറിങ് വിദ്യാർഥികളായ വി എസ് ഹരീഷ് കുമാർ, എസ് വിശാഖ്, പി എസ് അനൂപ്, ഒമർ സജീർ, എസ് സാജിദ്, ആർ മുഹമ്മദ് റിയാസ് എന്നിവരാണ് പോർട്ടബിൾ ട്രാഫിക്‌ സിസ്റ്റവുമായി രംഗത്തെത്തിയിരിക്കുന്നത്. കേരള പൊലീസ് സൈബർ ഡോം നടത്തിയ മത്സരത്തിൽ വിജയികളായ ഇവരുടെ പോർട്ടബിൾ സിസ്റ്റം ‘കൊക്കൂൺ 2019’ വേദിയിലും കൈയടി നേടുകയാണ്.

 

ഒരു ട്രാഫിക്‌ യൂണിറ്റിനുകീഴിൽ ഒരു പോർട്ടബിൾ ട്രാഫിക്‌ സിസ്റ്റമുണ്ടെങ്കിൽ തകരാറുണ്ടാകുന്ന സ്ഥലങ്ങളിൽ മാറിമാറി  ഉപയോഗിക്കാം. ക്യാമറ ഘടിപ്പിച്ചിരിക്കുന്നതിനാൽ ട്രാഫിക്‌ പൊലീസുകാരൻ നേരിൽനിന്ന് ഗതാഗതം നിയന്ത്രിക്കുന്ന അതേ കൃത്യതയോടെ ഈ ട്രാഫിക് സിഗ്നലിനും പ്രവർത്തിക്കാനാകും. 12 അടി ഉയരമുള്ള  ഈ സിഗ്നൽ പെട്ടിയിൽ മടക്കി സൂക്ഷിക്കാം. സമയം നഷ്ടപ്പെടാതെ ഇത് സ്ഥാപിക്കാനാകും; അഴിച്ചെടുക്കാനുമാകും. നാല്‌ സിഗ്നൽ പലകകളിലാണ് ക്യാമറ ഘടിപ്പിച്ചിട്ടുള്ളത്. ഇതിലൂടെ ലഭിക്കുന്ന തത്സമയ ദൃശ്യങ്ങളിലൂടെ ഓഫീസിലിരുന്ന് ഗതാഗതം നിയന്ത്രിക്കാനാകും.

 

രാത്രി അത്യാവശ്യ ഘട്ടങ്ങളിൽ വെളിച്ചം നൽകാനുള്ള സംവിധാനമായും ഡിവൈസ്‌ ഉപയോഗിക്കാനാകും. എൽഇഡി ബൾബുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. ലിഥിയം അയൺ ബാറ്ററി ഉപകരണത്തിന്റെ ഇരുവശങ്ങളിലായി ഒട്ടിച്ചുവച്ചിരിക്കുകയാണ്. വിവിധ മത്സരങ്ങളിൽനിന്ന് ലഭിച്ച സമ്മാനത്തുകകൊണ്ടാണ് നിലവിൽ ഈ വിദ്യാർഥികൾ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. വൈ നോട്ട് ഇന്നോവേഷൻസ് എന്ന സ്റ്റാർട്ടപ്പും ഇവർ ആരംഭിച്ചുകഴിഞ്ഞു. 95,000 രൂപയുടെ ചെലവിലാണ് ഡിവൈസ്‌ വികസിപ്പിച്ചിരിക്കുന്നത്. ഗതാഗതനിയന്ത്രണത്തിന് സഹായകമാകുന്ന സിസ്‌റ്റത്തിന്റെ തുടർപ്രവർത്തനങ്ങൾക്കൊരുങ്ങുകയാണ് സംഘം.
Comments

COMMENTS

error: Content is protected !!