ഇന്ത്യയിൽ യുവജനങ്ങളുടെ തൊഴിൽ ലഭ്യത കുറഞ്ഞു; ഇന്റർനേഷണൽ ലേബർ ഓർഗനൈസേഷൻ മുന്നറിയിപ്പ്

യുവജനങ്ങളുടെ തൊഴിൽ രംഗത്തെ ആഗോള പ്രവണതകളെക്കുറിച്ച് ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷൻ 2022 ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ 2020-21 വർഷത്തിൽ യുവജനങ്ങൾക്ക് വലിയ തോതിൽ തൊഴിൽ ലഭ്യത കുറഞ്ഞു. 2020നെ അപേക്ഷിച്ച് 2021 ൽ ഇന്ത്യൻ യുവജനങ്ങളുടെ തൊഴിൽ ലഭ്യത വളരെ മോശമായി എന്നും റിപ്പോർട്ട് പറയുന്നു.

ആഗോളതലത്തിൽ തന്നെ തൊഴിൽ ലഭ്യത ഇപ്പോഴും വളരെ മോശമായ അവസ്ഥയിലാണ്. കോവിഡ് മറ്റേത്‌ പ്രായ വിഭാഗത്തെക്കാളും ബാധിച്ചത് യുവജന വിഭാഗത്തിനാണ് എന്നും റിപ്പോർട്ട് പറയുന്നു.
2020 മാർച്ചിനു ശേഷം മഹാമാരി ഏറ്റവുമധികം തൊഴിൽ നഷ്ടം വരുത്തിയത് 14-24 പ്രായ വിഭാഗക്കാർക്കാണ്. ആഗോളതലത്തിൽ 2022 ൽ തൊഴിലില്ലാത്ത യുവജനങ്ങളുടെ സംഖ്യ 7.3 കോടിയാണ്. 2021 ലെ 7.5 കോടി എന്നതിൽ നിന്ന് നേരിയ പുരോഗതി മാത്രം. അതിന്നും 2019ലെ നിലവാരത്തെക്കാൾ 60 ലക്ഷം കൂടുതലാണ്.

സെന്റർ ഫോർ മോണിട്ടറിങ്ങ് ഇന്ത്യൻ എക്കോണമി, നടത്തിയ സർവേകൾ പറയുന്നത് 2020നെ അപേക്ഷിച്ച് 2021 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇന്ത്യൻ യുവജനങ്ങളുടെ തൊഴിൽ 0.9 ശതമാനം കണ്ട് കുറഞ്ഞു. അതേസമയം അതേ കാലയളവിൽ മുതിർന്നവരിൽ അത് രണ്ട് ശതമാനം കണ്ട് വർധിച്ചു.
ഏഷ്യാ-പസഫിക്ക് മേഖലയിൽ യുവജനങ്ങളുടെ തൊഴിലില്ലായ്മ 2022 ൽ 14.9 ശതമാനം ആകുമെന്നും റിപ്പോർട്ട് പറയുന്നു.


ഇന്ത്യയിലെ സ്കൂളുകൾ 18 മാസക്കാലം അടച്ചിട്ടപ്പോൾ പഠനം നടത്തിയിരുന്ന കുട്ടികളിൽ ഗ്രാമീണ മേഖലകളിൽ എട്ടു ശതമാനത്തിനും നഗര മേഖലയിൽ 23 ശതമാനത്തിനും മാത്രമാണ് ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമായത്.
ഇന്ത്യയെപോലെ വലിയ തോതിൽ സാമൂഹ്യ പിന്നോക്കാവസ്ഥയുള്ള രാജ്യങ്ങളിൽ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് കോവിഡ് കാലത്ത് വിദ്യാഭ്യാസം ഏറെക്കുറെ അപ്രാപ്യമായി എന്നു മാത്രമല്ല, അവർക്ക് പഠനത്തകർച്ചയും നേരിട്ടു. അതായത് അവർ പഠിച്ച അടിസ്ഥാന കാര്യങ്ങൾ തന്നെ മറക്കുന്ന സ്ഥിതിയുണ്ടായി. ഇന്ത്യയിൽ 92 ശതമാനം കുട്ടികൾക്കും ഭാഷാപരമായ കഴിവ് പിന്നോട്ടടിച്ചു. ഗണിതത്തിൽ 82 ശതമാനം പേർക്കും ഒരു അടിസ്ഥാന കഴിവെങ്കിലും നഷ്ടമായി.
തൊഴിലുറപ്പു പദ്ധതിയിലൂടെ സ്ത്രീകൾക്ക് വരുമാനം കിട്ടുന്ന തൊഴിൽ ലഭ്യമായതായും റിപ്പോർട്ട് പറയുന്നു. ഇത് ഈ കാലയളവിൽ വളരെ ഗുണകരമായതായും ഐ എൽ ഒ റിപ്പാർട്ട് ചൂണ്ടിക്കാട്ടുന്നു.
(പക്ഷേ,അതിനുള്ള ബജറ്റ് വിഹിതം മോഡി സർക്കാർ കുറച്ചു കൊണ്ടുവരികയാണ് എന്ന വസ്തുത റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.)

ദി ഹിന്ദുവിൽ നിന്ന്
പരിഭാഷ: പി ജെ ബേബി

Comments

COMMENTS

error: Content is protected !!