ഇന്ന് (ഏപ്രിൽ 22 ) ഭൗമദിനം; ഈ ഭൂമിയും അതിലെ ജൈവലോകവും ഇനിയെത്ര കാലം?

ഭൂമിയിൽ മനുഷ്യനുണ്ടായിട്ട് എത്രകാലമായിക്കാണും? ഏതാനും ലക്ഷം വർഷങ്ങൾ മാത്രം. അതെ. ഇനി നമ്മേപ്പോലെയുള്ള ആധുനിക മനുഷ്യന്റെ (Homosapiens sapiens) കാര്യമാണെങ്കിലോ?. കേവലം ഇരുപത്തി അയ്യായിരത്തിൽ താഴെ വർഷങ്ങളുടെ ചരിത്രമേ ഭൂമിയിൽ ആധുനിക മനുഷ്യനുള്ളു. ഇനി എത്രകാലം കൂടി മനുഷ്യൻ ഈ ഭൂമിയിൽ ജീവിക്കുമെന്ന് അപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?. ഏതാനും നൂറ്റാണ്ടുകൾ കൂടി? അതോ ഏതാനും ദശാബ്ദങ്ങളോ? ഭൂമിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതി പ്രതിസന്ധി, കാർബൺ ഉൽസ്സർജനം , വൈറസ്സുകളുടെ പെരുക്കം എന്നിവ പരിഗണിക്കുമ്പോൾ, ജൈവമണ്ഡലം എത്ര കാലം നിലനിൽക്കും എന്ന ചോദ്യം സ്വാഭാവികം. യുദ്ധവും മറ്റ് മത്സരങ്ങളും പരിഗണിക്കുമ്പോൾ മനുഷ്യർ പരസ്പരം കൊന്നു തീർക്കുമെന്നാണ് കരുതുന്നത്. ബുദ്ധിമാന്മാരായ ജീവികൾക്ക് അധികകാലം ജീവിച്ചിരിക്കാൻ കഴിയില്ല എന്നൊരു വിശ്വാസമുണ്ട്.


പ്രാപഞ്ചിക പ്രതിഭാസങ്ങൾ കാരണവും മനുഷ്യരുടെ പ്രവർത്തനങ്ങൾ വഴിയും ഭൂമിയും ഭൗമ ജീവനും നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്താണെന്ന് നോക്കാം

കാലാവസ്ഥ വ്യതിയാനം

ഭൗമജീവൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണ്. പ്രാപഞ്ചിക പ്രതിഭാസങ്ങൾ കാരണവും മനുഷ്യന്റെ ഇടപെടൽ വഴിയും ആഗോള താപനിലയിലുണ്ടാകുന്ന വർധനവ് കാലാവസ്ഥ വ്യതിയാനത്തിനും നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും കാരണമാകും. വെള്ളപ്പൊക്കവും കടലാക്രമണവും വരൾച്ചയും പേമാരിയും മഞ്ഞുവീഴ്ചയുമെല്ലാം കൊണ്ട് ഭൂമി പ്രക്ഷുബദ്ധമാകും. ഭൗമോപരിതലത്തിലെ സസ്യ-മൃഗ സമ്പത്ത് അപ്രത്യക്ഷമാകും. സമുദ്ര ജലത്തിന്റെ ഘടനയിൽ വ്യത്യാസം വരുന്നതുകൊണ്ട് ജല ജീവികളും മൃതിയടയും. ഒടുവിൽ കരഭാഗം ഒട്ടും അവശേഷിക്കാത്ത വലിയൊരു വെള്ളത്തുള്ളി ആയി ഭൂമി മാറും.

ഛിന്ന ഗ്രഹങ്ങളുടെ ആക്രമണം

ഛിന്നഗ്രഹങ്ങളുടെയും ധുമകേതുക്കളുടെയും ആക്രമണം മറ്റൊരു ഭീഷണിയാണ്. ഭൂമിയിൽ ഉല്ക്കാപതനങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ആറരക്കോടി വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു ഭീമൻ ഉൽക്കാ പതനംസൃഷ്ടിച്ച പൊടിപടലങ്ങൾ ഭൗമാന്തരീക്ഷത്തിൽ വ്യാപിച്ച് സൗരവികിരണങ്ങളെ തടഞ്ഞുനിര്ത്തുകയും ആഗോള താപ നിലയിൽ ഗണ്യമായ കുറവുണ്ടാക്കുകയും ചെയ്തുകാരണമാണ് ഭൂമുഖം അടക്കി വാണിരുന്ന ദിനോസറുകൾ അപ്രത്യക്ഷമായത്. 70 മീറ്ററിൽ കൂടുതൽ വ്യാസമുള്ള ഛിന്നഗ്രഹങ്ങൾ ഭൗമാന്തരീക്ഷത്തിന്റെ ഘർഷണം മറികടന്ന് ഭൂമിയിൽ പതിക്കും. വലിയൊരു ഉൽക്കാ പതനം സൃഷ്ടിക്കുന്ന ആഘാതം ഭൂമിയിൽ നിലവിലുള്ള മുഴുവൻ ആണവായുധങ്ങളടെ പ്രഹരശേഷിയെക്കാൾ അധികമായിരിക്കും.

പകർച്ച വ്യാധികൾ

സാര്സ്, പക്ഷിപ്പനി, മെർസ് തുടങ്ങിയ പകർച്ചവ്യാധികൾ പരസ്പരം ബന്ധപ്പെട്ടതും അതിവേഗം പടർന്നുപിടിക്കുന്നവയുമാണ്. ഇത്തരം മഹാമാരികൾ ആദ്യം ദരിദ്രരാജ്യങ്ങളിലും തുടർന്ന് ലോകമെമ്പാടും പടർന്നുപിടിക്കാം. ഇത് ആഗോള സാമ്പത്തിക നിലയെ താറുമാറാക്കും. അഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും നിത്യസംഭവങ്ങളാവുകയും ചെയ്യും. ജീവന്റെ ഉൻമൂല നാശമായിരിക്കും പരിണിത ഫലം.

സ്നോബോൾ പ്രതിഭാസം

ഇതും ആഗോള താപ വർധനവുമായി ചേർത്തുവായിക്കാൻ കഴിയുന്നതാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം തേനീച്ചകളുടെയും വണ്ടുകളുടെയും വംശനാശത്തിന് കാരണമാകും. അതോടെ സസ്യങ്ങളുടെ പോളിനേഷൻ സംവിധാനം താറുമാറാവുകയും ധാന്യങ്ങളുംപഴങ്ങളുമൊന്നും രൂപപ്പെടാതിരിക്കുകയും ചെയ്യും. പുതിയ ചെടികൾ ഉണ്ടാകുന്നതും തടസപ്പെടും. കൃഷിയെല്ലാം നശിച്ച്വരണ്ടുണങ്ങും. കാടുകളും കൃഷിസ്ഥലങ്ങളും മരുഭൂമികളായിതീരും. പെട്ടന്നുണ്ടാകുന്ന ഒരു ദുരന്തമായി ഈ പ്രതിഭാസത്തെകാണാൻ കഴിയില്ലെങ്കിലും സാവധാനത്തിൽ ഭൗമ ജീവനെ കാർന്നു തിന്നുന്ന അർബുദമാണിത്.

ജെനറ്റിക് എഞ്ചിനിയറിങ്

അത്യുൽപാദന ശേഷിയുള്ള വിത്തുകൾ ഉൽപാദിപ്പിക്കുന്നതിനും രോഗപ്രതിരോധശേഷിയുള്ള സസ്യങ്ങൾ വളർത്തുന്നതിനും സങ്കരയിനം കന്നുകാലികളുടെ ഉൽപാദനത്തിനും പാരമ്പര്യരോഗങ്ങളെ ചെറുക്കുന്നതിനും എന്നുവേണ്ട നിത്യജീവിതത്തിൽ ജനറ്റിക് എഞ്ചിനിയറിങ്ങിന്റെ സ്വാധീനമില്ലാത്ത മേഖലകളില്ല. എന്നാൽ ഇത്തരം പരീക്ഷണങ്ങളിൽ
ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെയും ബാക്ടീരിയങ്ങളുടെയും ഉദ്ഭവത്തിനും സാധ്യതയുണ്ട്. ഉൽപരിവർത്തനം(Mutation) സംഭവിച്ച സൂക്ഷ്മ ജീവികൾ ലോകമെമ്പാടുമുള്ള ഗവേഷകരുടെ പേടിസ്വപ്നമാണ്. ആന്റി ബയോട്ടിക്കുകളോട് പ്രതിരോധം കാണിക്കുന്ന അത്തരം സൂക്ഷ്മജീവികb ഉദ്ഭവിച്ചാൽ അധികം വൈകാതെ ഭൂമുഖത്ത് സൂക്ഷ്ജീവികൾ മാത്രമെ അവശേഷിക്കു. ഭൗമ ജീവനെ ഒന്നാകെ അവ തുടച്ചുനീക്കും.

ഫംഗസ് ആക്രമണം

ഫംഗസുകൾ ബാക്ടീരിയങ്ങളേക്കാൾ അപകടകാരികളാണ്. അമേരിക്കൻ ഐക്യനാടുകളിലെ തവളകളെ ഒന്നാകെ തുടച്ചുനീക്കിക്കൊണ്ടിരിക്കുന്നത് അവയുടെ ശരീരത്തിലുണ്ടാകുന്ന പൂപ്പൽ ബാധയാണ്.(Chtyrid fungus). മനുഷ്യരിലും പൂപ്പൽ ബാധ അപകടകരമാവാം. ബാക്ടീരിയങ്ങൾ അപകടകാരികളാണെങ്കിലും അവക്കെതിരെ ഫലപ്രദമായ ആന്റി ബയോട്ടിക്കുകൾ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഫംഗസുകൾക്കെതിരായ ആന്റിബയോട്ടിക്കുകൾ അധികമൊന്നും വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. അവയുടെ ആക്രമണത്തെ എങ്ങനെ ചെറുക്കണശമന്ന കാര്യത്തിൽ വലിയ ധാരണയൊന്നും വൈദ്യശാസ്ത്ര രംഗത്തുമില്ല.

ജനപ്പെരുപ്പം

18-ാം നൂറ്റാണ്ടിൽ തോമസ് മാൽത്തൂസിന്റെ പ്രവചനങ്ങളാണ് ജനപ്പെരുപ്പത്തെ കുറിച്ചും അതുണ്ടാകുക്കുന്ന അപകടങ്ങളെപ്പറ്റിയും ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. 700 കോടി ജനങ്ങളാണ് ഇന്ന് ഭൂമുഖത്തുള്ളത്. നിമിഷം തോറും ആ സംഖ്യ വർധിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്രരംഗത്തുണ്ടായ വളർച്ച മരണനിരക്ക് കുറയുന്നതിന് കാരണമായതും ജനപ്പെരുപ്പത്തിന് ഇടയാക്കുന്നുണ്ട്. ജനപ്പെരുപ്പം കാരണം വ്യാവസായിക വളർച്ചയും വനനശീകരണവും ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനവുമെല്ലാം അനിയന്ത്രിതമായി വർധിക്കുകയും ഒടുവിൽ ഹിമപ്രദേശങ്ങളിലെ മഞ്ഞെല്ലാമുരുകി കരഭാഗം ഒട്ടുമില്ലാത്ത ഒരു ഗോളമായി, ശുദ്ധവായു പോലുമില്ലാതെ ഭൂമി മാറും.

ന്യൂക്ലിയർ യുദ്ധം

ആണവായുധങ്ങായിരിക്കും ഭൗമ ജീവന്റെ അന്തകരാകുമെന്നാണ് കൂടുതൽ ശാസ്ത്രജ്ഞരും കരുതുന്നത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയുമല്ലൊം ദുരന്തം നാം നേരിട്ട് മനസിലാക്കിയതാണ്. അന്ന് പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിച്ച അണുബോംബിന്റെ ആയിരക്കണക്കിന് മടങ്ങ് സംഹാരശേഷിയുള്ള ബോംബുകൾ ഇന്ന് വന് ശക്തികളുടെ പക്കലുണ്ട്. ഇറാൻ, കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടെ ആണവായുധ പദ്ധതിയെ ഐക്യരാഷ്ട്ര സംഘടന എതിര്ക്കുന്നതിന് വ്യക്തമായ കാരണമുണ്ട്. കൂടുതൽ രാജ്യങ്ങൾ ആണാവയുധങ്ങൾ നിർമിക്കുകയും അവ ഏതെങ്കിലുമൊരു തീവ്രവാദ സംഘടനയുടെ പക്കലെത്തുകയും ചെയ്താൽ ഭൂമി ഒരു കരിക്കട്ടയായി തീരാൻ അധിക താമസമൊന്നുമുണ്ടാകില്ല.

യന്ത്രമനുഷ്യരുടെ ആക്രമണം

ടെർമിനേറ്റർ എന്ന ഹോളിവുഡ് സിനിമ
കണ്ടിട്ടുണ്ടോ?. ഫിക്ഷനാണെങ്കിലും ഈ ചലച്ചിത്രം ചില സൂചനകൾ നല്കുന്നുണ്ട്. ഇത്തരം ‘കില്ലിംഗ് മെഷീനുകൾ’ അല്ലെങ്കിൽ ‘സൈബോർഗുകൾ’ യാഥാർഥ്യമാകാൻ അധികാലമൊന്നും വേണ്ട. ഐക്യരാഷ്ട്രസഭ ഇത്തരം ‘കില്ലർ റോബോർട്ടുകളുടെ’ നിർമാണം നിരോധിക്കുന്നതിനുണ്ടായ കാരണം പല വികസിത രാഷ്ട്രങ്ങളും ശെസബോർഗുകളുശട നിർമാണത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്നുള്ള വ്യക്തമായ വിവരത്തേ തുടർന്നാണ്. സിലിക്കൺ മസ്തിഷ്കം(Artificial Intelligence) കാർബൺ മസ്തിഷ്കത്തെ(Human Intelligence) അധികം വൈകാതെ കീഴടക്കുമെന്ന് കരുതുന്ന കംപ്യൂട്ടർ സയന്റിസ്റ്റുകളുണ്ട്. നാളെ ഏതെങ്കിലും ഒരു സൂപ്പർ ജീനിയസ് കംപ്യൂട്ടർ സയന്റിസ്റ്റിന്റെ തലയിൽ നിന്നും രൂപംകൊള്ളുന്ന ഒരു ഹൈപ്പർ ഇന്റലിജെന്റ് റോബോട്ടിൽ മാനവരാശിയെ ഉൻമൂലനം ചെയ്യാനുള്ള പ്രക്രിയകളാണ് പ്രോഗ്രാം ചെയ്യുന്നതെങ്കിൽ അത് ലോകാവസാനം തന്നെയായിരിക്കും.

വൈറസ് ആക്രമണം

വിശദീകരണം ആവശ്യമില്ല എന്നു തോന്നുന്നു. ശാസ്ത്ര സമൂഹം വാക്സിനുമായി വൈറസുകളെ നേരിട്ടു കൊണ്ടിരിക്കുന്നു.

നമുക്കറിവുള്ളിടത്തോളം ഈ ഭൂമിയിലല്ലാതെ മറ്റൊരിടത്തും ജീവനില്ല. ഇവിടെയല്ലാതെ മറ്റൊരിടത്തും അധികാലം മനുഷ്യന് ജീവിക്കാനും കഴിയില്ല. മനുഷ്യന് മാത്രമല്ല മറ്റ് ജന്തുക്കൾക്കും സസ്യങ്ങൾക്കുമെല്ലാം. കാരണം ഭൂമിയുടെ സാഹചര്യങ്ങൾക്കനുസരിച്ച് രൂപപ്പെട്ടവയാണ് ഇവയെല്ലാം. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക, നാളേക്കായി കരുതി വയ്ക്കുക.

ഫോട്ടോ:  ദിനേശ് നക്ഷത്ര

Comments

COMMENTS

error: Content is protected !!