ഇന്ന് ചിങ്ങം ഒന്ന്: കേരളത്തിന്റെ പുതുവർഷപ്പുലരി;  ഒരു മാവേലിക്കാലത്തിന്റെ ഓർമ്മ

കേരളക്കരയ്ക്ക് പൊതുവിൽ ചിങ്ങം ഒന്നാണ് പുതുവർഷപ്പുലരി. കന്നി ഒന്നിനെ പുതുവർഷമായി കാണുന്നവരുമുണ്ട്. മലബാറിലെ പല മേഖലകളിലും ഇത്തരത്തിലുളള ആഘോഷങ്ങളുണ്ട്. വിവിധ ജാതികൾക്കും ഗോത്രങ്ങൾക്കും അവരുടേതായ പുതുവർഷപ്പുലരികളുമുണ്ട്. അതൊക്കെ ഈ നാടിന്റെ വൈവിദ്ധ്യത്തെ അടയാളപ്പെടുത്തുന്നവയാണ്. അതിന്റെയൊക്കെ ഭാഗമായ പലവിധ ആഘോഷങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. അപ്പോഴും മലയാളികൾ പൊതുവായി ആഘോഷിക്കുന്ന പുതുവര്‍ഷാരംഭമാണ് ചിങ്ങം ഒന്ന്. പഞ്ഞമാസമായ കര്‍ക്കടകവും പെരുമഴയും പെയ്‌തൊഴിഞ്ഞ്, ചിങ്ങപ്പുലരി പിറക്കുന്നതോടെ ഓണവെയിൽ പരക്കും. സമൃദ്ധിയുടേയും ഐശ്വര്യത്തിൻ്റേയും ദിനങ്ങളാണ് ഇനി ഓരോ മലയാളിയ്ക്കും എന്നാണ് സങ്കൽപ്പം.

മഴ രൗദ്രഭാവം വിട്ടൊഴിഞ്ഞ് ചിനുങ്ങി ചിനുങ്ങിപ്പെയ്യുന്ന സുഖശീതളമായ കാലം. വസന്തത്തിന്റെ വരവറിയിച്ച് ഇനി ഓരോ ചിനമ്പുകളിലും പൂമൊട്ടുകളുണരും. വസന്തപുഷ്പാഭരണങ്ങൾ ചാർത്തി പ്രകൃതി ഒരു നവ വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങും. കൊയ്ത്തുപാട്ടുയരും. പൊന്നിൻ നിറം പൂണ്ട നെന്മണികൾ കളങ്ങളിൽ നിറയും. വറുതിയുടെ ദേവതയായ ചേട്ടയെ (ജേഷ്ഠ ഭഗവതി) തല്ലിയൊഴിപ്പിച്ച് സമൃദ്ധിയുടെ ദേവതയായ ലക്ഷ്മീദേവിയെ കുടിയിരുത്തും. കർക്കടകം ഒന്നു മുതലാണ് ശീപോതിക്ക് (ശ്രീ ഭഗവതിക്ക് ) വേണ്ടിയുള്ള പ്രാർത്ഥനയും ചടങ്ങുകളും തുടങ്ങുക.

ഇതൊക്കെ പഴയ സങ്കൽപ്പങ്ങളാണ്. കാലം ഒരുപാട് മാറിപ്പോയിരിക്കുന്നു. ഇത് കോവിഡ്, വാനര വസൂരി പോലുളള മഹാമാരികളുടെ കാലമാണ്. കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർത്ഥ്യമായിരിക്കുന്നു. മേടത്തിൽ പൂക്കേണ്ട കണിക്കൊന്നയെ കർക്കടകത്തിൽ പൂത്തു ലയിക്കുന്നതാണ് നമ്മുടെ കാലം. കന്നിയിലും തുലാത്തിലുമൊക്കെയായി വിരിഞ്ഞിറങ്ങേണ്ട ചക്കയും മാങ്ങയും അവക്ക് തോന്നിയ മാസങ്ങളിലാണ് ഇപ്പോൾ വിരിഞ്ഞിറങ്ങുന്നത്. ഓണപ്പൂക്കൾ ഓണത്തിന് എത്രയോ മുമ്പ് കരിഞ്ഞുണങ്ങുന്നു. മിഥുനത്തിലും കർക്കിടകത്തിലും തിമർത്ത് ചെയ്തിരുന്ന മഴ, തുലാം വൃശ്ചികം മാസങ്ങളിൽ പേമാരിയായി പെയ്യുന്നു. ഊഷരതയുടെ പ്രതീകങ്ങളാണ് മയിലുകൾ. അവയുടെ സാന്നിദ്ധ്യം വരൾച്ചയുടെ കാലത്തിന്റെ മുന്നറിയിപ്പാണ് എന്നാണ് ശാസ്ത്രമതം. ഒരു കാലത്ത് വരണ്ട കാടുകളിൽ മാത്രം പാർത്തിരുന്ന മയിലുകൾ, ഇപ്പോൾ നമ്മുടെ നാട്ടിൻ പുറങ്ങളിൽ പോലും തേരാപ്പാര നടക്കുന്നത് കാണാം. കാലം തെറ്റിയ ഈ കാലത്തിനിടയിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും.

കാര്‍ഷിക സംസ്‌കാരത്തിൻ്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ ചിങ്ങമാസവും ഉണര്‍ത്തുന്നത്. കൊല്ലവര്‍ഷത്തിലെ ആദ്യമാസമാണ് ചിങ്ങം. ചിങ്ങമാസത്തെ മലയാള ഭാഷാമാസം എന്നും അറിയപ്പെടുന്നുണ്ട്. കേരളീയര്‍ക്ക് ചിങ്ങം ഒന്ന് കര്‍ഷകദിനം കൂടിയാണ്. മഹാമാരിയുടെ ദിനങ്ങളും പ്രളയവും പരിധികളില്ലാത്ത കൈകോര്‍ക്കലുകൾക്കും ചെറുത്തു നില്‍പ്പിനും കാരണമായെങ്കിലും, ദുരന്തങ്ങളില്‍ നിന്ന് നാം ഒന്നും പഠിച്ചില്ലെന്നതാണ് വാസ്തവം. ഒടുവില്‍ ആടിയുടെ അറുതി കഴിഞ്ഞ് ആവണിയുടെ നല്ല തുടക്കത്തിന് ഒരു ജനത ഒന്നാകെ തുടക്കം കുറിക്കാൻ ഈ ഓണക്കാലമെങ്കിലും നിമിത്തമാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

മലയാളികളുടെ മനസ്സിൽ നന്മയുടെ നീരുറവകൾ പൊട്ടിവിരിയിച്ചവയായിരുന്നു ഓണത്തിന്റെ പുരാവൃത്തങ്ങൾ. കള്ളവും ചതിയുമില്ലാതെ മാനുഷരെല്ലാവരും ഒന്നുംപോലെ ജീവിച്ച സമതയുടെ കാലമായാണ് നാമിക്കാലമത്രയും ഓണമാഘോഷിച്ചത്. പക്ഷേ അത്തരം സ്ഥിതിസമത്വത്തിന്റെ ഭരണം നടത്തിയത് മഹാബലി എന്ന അസുരചക്രവർത്തിയായിരുന്നു. ജാതി ജന്മി നാടുവാഴി വ്യവസ്ഥയുടെ പ്രതിരൂപങ്ങളായിരുന്ന ദേവന്മാർക്ക് മഹാബലിയുടെ സദ്‌ഭരണം തങ്ങളുടെ അധികാരത്തിനും സിംഹാസനത്തിനും ഭീഷണിയാകുമോ എന്ന ഭയത്തിന് കാരണമായി. അവർ വിഷ്ണുവിനോട് പരാതി പറയുന്നു. വിഷ്ണു വാമനാവതാരം പൂണ്ട് മഹാബലിയോട് മൂന്നടി മണ്ണ് ചോദിക്കുന്നു. ആദ്യത്തെ രണ്ട് ചുവടുകൊണ്ട് മൂന്നു ലോകവും അളെന്നെടുത്ത വാമനൻ മൂന്നാമത്തെ ചുവട് കൊണ്ട് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നു. മാനുഷരെല്ലാരും ഒന്നും പോലെ, കളവും ചതിയുമില്ലാതെ ജീവിച്ച, ആ നല്ല കാലത്തിന്റെ ഓർമ്മയാണ് മലയാളിക്ക് ഓണം. പക്ഷേ നമ്മോട് ഇന്ന് ഒരു കൂട്ടർ പറയുന്നത് ഓണം മഹാബലിയുടെ ഓർമ്മയല്ല; പകരം മഹാബലിയേ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനെന്റെ ഓർമ്മയാണെന്നാണ്. ഓണം വാമന ജയന്തിയും സവർണ്ണ ഹിന്ദു ആഘോഷവുമാണെന്നാണ്. അന്ന് മത്സ്യമാംസാദികൾ ഭക്ഷിക്കരുത് എന്നാണ്. മലബാറിൽ ഇറച്ചിയും മീനുമില്ലാത്ത ഓണാഘോഷം ഓർക്കാൻ പോലും കഴിയാത്ത ഒരു ജനതയോടാണ്, ബ്രാഹ്മണിക ശക്തികൾ ഇതുപോലുള്ള പിത്തലാട്ടങ്ങൾ നടത്തുന്നത്.

ചിങ്ങപ്പുലരിയും ഓണവുമൊക്കെ നമ്മളിലുണർത്തുന്ന ഗൃഹാതുര സ്മരണകൾ ഒരിക്കലും ഒരു കെട്ട കാലത്തിന്റേതായിക്കൂട. പ്രകൃതി വസന്തപുഷ്പാഭരണങ്ങൾ ചൂടി പരിലസിക്കുന്ന, സമൃദ്ധി പൊൻകതിരുകളായ് കനം തൂങ്ങുന്ന, മഹാമാരികളും കാലാവസ്ഥാ വൃതിയാനങ്ങളുമില്ലാത്ത, സ്ഥിതിസമത്വത്തിന്റെ ആ നല്ല ചിങ്ങപ്പുലരി മാവേലിക്കാലത്തിന് വേണ്ടിത്തന്നെയാവട്ടെ…….

Comments

COMMENTS

error: Content is protected !!