ഇന്ന് ലോക ഡെങ്കി വിരുദ്ധ ദിനം; നമ്മുടെ ജീവിത വീക്ഷണം മാറ്റാതെ വെറുതെ കൊതുകുകളെ കുറ്റം പറയരുത്
ഇന്ന് (മെയ് 16 ) സെങ്കിപ്പനി വിരുദ്ധ ദിനം. മനുഷ്യജീവിതത്തിന് വലിയ വെല്ലുവിളികളുയർത്തുന്ന വൈറസ്സ് രോഗമാണ് ഡെങ്കിപ്പനി. പനി, തലവേദന, പേശികളിലും സന്ധികളിലും വേദന, ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന ചുണങ്ങുകൾ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം സങ്കീർണ്ണാവസ്ഥയിലെത്തുമ്പോൾ രക്തസ്രാവം, രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ അമിതമായി കുറയൽ, അപടകരമാം വിധം കുറയുന്ന രക്തസമ്മർദ്ദം തുടങ്ങിയ ശാരീരികാവസ്ഥകളിലൂടെ മാരകമായിത്തീരാം. കൊതുകു കടിയേറ്റ് മൂന്ന് മുതൽ 14 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും. പ്രധാനമായും ഈഡിസ് ഈജിപ്തി ജനുസ്സിൽ പെട്ട പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. രോഗകാരിയായ വൈറസ്സിന് അഞ്ച് സെറോടൈപ്പുകൾ ഉണ്ട്. അവയിലൊന്നിന്റെ സാന്നിദ്ധ്യം കൊണ്ട് രോഗം പിടിപെട്ട്, ചികിത്സിച്ച് ഭേദമാക്കിയാൽ പിന്നീട് ആ സെറോടൈപ്പു കൊണ്ടുള്ള രോഗം അയാൾക്ക് ആജീവനാന്തം ഉണ്ടാവില്ല. എന്നാൽ മറ്റ് നാല് സെറോടൈപ്പുകൾ കൊണ്ടും രോഗം വരാം. അവ മാരകമായിത്തീരുകയും ചെയ്യാം. പ്രതിവർഷം 390 ദശലക്ഷം പേരാണ് ഡെങ്കിപ്പനി ബാധിതരാകുന്നത്. 40,000 പേർ മരിക്കുന്നു. ഇതിൽ നിന്ന് തന്നെ രോഗത്തിന്റെ ഗൗരവം ബോദ്ധ്യമാകുമല്ലോ. കോവിഡ് പ്രതിരോധത്തിൽ എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചതോടെ ഡങ്കി പ്രതിരോധത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതായി. ഇത്തവണ ഡങ്കിപ്പനി മാരകമാകാമെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്. കേരളത്തിൽ കാലവർഷത്തിന് മുമ്പു തന്നെ അങ്ങിങ്ങായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്.
കൊതുക്-വൈറസ്-പനി എന്ന വിഷമവൃത്തത്തെ ഇന്നു നാം സ്വീകരിക്കുന്ന നടപടികള്‍ കൊണ്ട് മാത്രം നേരിടാന്‍ കഴിയുമോ? നമ്മുടെ ‘വികസനകാഴ്ച്ചപ്പാടുമായി’ ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ? പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇന്നത്തെ നിലയില്‍ തുടരുന്നിടത്തോളം കാലം കൊതുകു നിയന്ത്രണ ശ്രമങ്ങളൊന്നും ഫലപ്രാപ്തിയെത്തുകയില്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷെ ഈ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ നമ്മുടെ ഇടത്-വലത് രാഷ്ട്രീയ നേതൃത്വങ്ങളൊന്നും സന്നദ്ധവുമല്ല.
കേരളത്തില്‍ 3.50 കോടി ആണ് ഇപ്പോഴത്തെ ജനസംഖ്യ. 78,53,754 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഒരു ദിവസം ഒരു കുടുംബത്തില്‍ 20 പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വരെ ഉപയോഗിക്കുന്നതായി പഠനങ്ങള്‍ ഉണ്ട്. ഇത് അല്‍പ്പം അതിശയോക്തിയാവാം. അഞ്ച് ക്യാരി ബാഗുകള്‍ ഒരു വീട്ടിലെത്തുന്നു എന്ന് കണക്കാക്കിയാല്‍ തന്നെ ഒരു ദിവസം 39268770 ബാഗുകളാണ് നമ്മുടെ മണ്ണില്‍ വീഴുന്നത്. അങ്ങനെ വരുമ്പോള്‍ ഒരു മാസം കൊണ്ട് 1178063100 ക്യാരി ബാഗുകള്‍ മണ്ണിന് ആവരണം തീര്‍ക്കും. ഇതിന്റെ അഞ്ച് ശതമാനം പോലും റീസൈക്കിള്‍ ചെയ്യാനോ സംസ്കരിക്കാനോ ഇന്ന് സംവിധാനങ്ങളില്ല.ഭൗമോപരിതലത്തിലും കടലിലും കായലിലും പുഴയിലും കാട്ടിലുമൊക്കെ ഇവ അടിഞ്ഞു കൂടി കിടക്കുന്നുണ്ട്.
ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപമുള്ള ലോകത്തിലെ തന്നെ തീരക്കടലാണത്രേ കേരളത്തിലേത്. ഡ്രൈ ഡേയിലൂടെ മണ്ണിന് മുകളിലെ പ്ലാസ്റ്റിക്, ഒരു ചെറിയ ശതമാനം ചെറിയ കാലയളവിലേക്ക് നമുക്ക് പെറുക്കി മാറ്റാന്‍ കഴിയും. എന്നാല്‍ മണ്ണിനടിയില്‍ പത്ത് സെന്റീമീറ്റര്‍ മുതല്‍ മുപ്പത് സെന്റിമീറ്റര്‍ വരെയുള്ള ആഴത്തില്‍ പ്ലാസ്റ്റികിന്റെ ലെയര്‍ തന്നെ രൂപപ്പെട്ടതായി പഠനങ്ങള്‍ പറയുന്നു. അവയൊന്നും എടുത്തുമാറ്റാന്‍ നമുക്ക് ആവില്ല. ഉപരിതലത്തില്‍ നിന്നും ഈ ലെയറിലേക്ക് ധാരാളം സുഷിരങ്ങളുണ്ട്. അവയിലൂടെ കൊതുകുകള്‍ ധാരാളമായി മുട്ടയിടുന്നുമുണ്ട്. നാനൂറ് ശതമാനം വരെ സബ്സിഡിയോടെയാണ് പ്ലാസ്റ്റിക് ഉല്പന്നങ്ങള് വിപണിയിലെത്തുന്നത്. ഇതില്‍ ചെറിയ കുറവു വരുത്തി മണ്ണില്‍ കലരുന്ന തുണി, കടലാസ്, സഞ്ചികള്‍ക്ക് അല്‍പ്പം സബ്സിഡി അനുവദിച്ച് ഇവയുടെ ലഭ്യത ഉറപ്പു വരുത്തിയാല്‍ (സര്‍ക്കാര്‍, പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവ ഇതിന് മുന്‍കൈ എടുക്കണം) സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ എണ്ണം വൻതോതിൽ കുറക്കാം. അതിനുളള ഇച്ഛാശക്തി സര്‍ക്കാരിന് ഉണ്ടാകണമെന്ന് മാത്രം. കേന്ദ്രവും സംസ്ഥാനവും മാറി മാറി നിരോധന പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ വിപണിയിൽ ഇത്തരം ബാഗുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. നിയമപരവും സാങ്കേതികവും ഭൂമിശാസ്ത്രപരവുമായ പലവിധ പരിമിതികളുണ്ടായിട്ടും കൊയിലാണ്ടി നഗരസഭയില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കുകയും വലിച്ചെറിയുന്ന ഒറ്റയുപയോഗ പാത്രങ്ങള്‍ ഒഴിവാക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. ഇപ്പോഴതൊക്കെ വർദ്ധിത വീര്യത്തോടെ തിരിച്ചു വന്നു കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ മനസ്സുറപ്പിച്ച് ഒരു തീരുമാനമെടുത്താൽ ഇത് നടപ്പിലാക്കാവുന്നതേയുള്ളൂ. അത് പ്രയോഗത്തില്‍ വരുത്തിയ ശേഷം പ്ലാസ്റ്റികില്‍ പൊതിഞ്ഞ് വില്‍പ്പനയ്ക്ക് എത്തുന്ന ഉത്പന്നങ്ങളെ എങ്ങനെയൊക്കെ നിയന്ത്രിക്കാം എന്ന് ആലോചിക്കാം. കേരളത്തിലെ ജനസംഖ്യയില്‍ 60 ശതമാനം ഇപ്പോള്‍ തന്നെ കുടിവെള്ളം വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്നുണ്ട്. പ്രതിദിനം 12 ലക്ഷം കുപ്പിവെള്ളമാണ് ഇവിടെ വില്‍ക്കപ്പെടുന്നത്. ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ (പെറ്റ് ബോട്ടില്‍സ്) 10 ശതമാനം പോലും തിരിച്ചെടുത്ത് സംസ്കരിക്കാന്‍ നമുക്ക് സംവിധാനമില്ല. ഇവയൊക്കെ ഭൗമോപരിതലത്തിലും കടലിലും കായലിലും കാടുകളിലുമൊക്കെ കൊതുകിന്റെ പ്രജനന കേന്ദ്രങ്ങളായി നിലനില്ക്കും. കുപ്പി വെള്ളം നിരോധിക്കുന്നത് പ്രായോഗികമല്ല. എന്നാല്‍ ഉപയോഗ ശേഷം കുപ്പികള്‍ തിരിച്ചെടുക്കാവുന്ന വിധം അവയ്ക്ക് വില നിശ്ചയിച്ചാല്‍ ഒറ്റക്കുപ്പി പോലും വലിച്ചെറിയപ്പെടില്ല. ആര്‍ക്കും അധിക ചെലവു ഉണ്ടാവുകയുമില്ല. മദ്യക്കുപ്പികളേയും ഈ വിധം കൈകാര്യം ചെയ്യാന്‍ കഴിയും. പെറ്റ് ബോട്ടിലുകള്‍ക്ക് പകരം ഉരുണ്ട ഗ്ലാസ് കുപ്പികളില്‍ മാത്രമേ മദ്യം വില്‍ക്കാനാവൂ എന്ന് തീരുമാനിച്ചാല്‍ ഒരു നിശ്ചിത വില നില്‍കി ഇത്തരം കുപ്പികള്‍ തിരിച്ചെടുത്താല്‍ അത് മണ്ണിലുണ്ടാക്കുന്ന മാറ്റം ചെറുതായിരിക്കില്ല. വ്യാജ മദ്യത്തിന്റെ വ്യാപനവും വിപണനവും ഒരു പരിധിവരെ കുറയ്ക്കാന്‍ ഇതുകൊണ്ട് കഴിയും. പരന്ന പെറ്റ് ബോട്ടിലുകളില്‍ നിറച്ച മദ്യം വലിയ തോതില്‍ ശരീരത്തിലും മറ്റും ഒളിപ്പിച്ച് കടത്താന്‍ എളുപ്പമാണ്. എന്നാല്‍ ഉരുണ്ട ഗ്ലാസ് കുപ്പികളിലുള്ള മദ്യം ധാരാളായി ഇങ്ങനെ കൊണ്ടു പോകാന്‍ കഴിയില്ല. കുടിവെള്ളം, മദ്യം എന്നിവ വഴിയുള്ള പ്ലാസ്റ്റിക് വ്യാപനം പ്രായോഗികമായി നിയന്ത്രിക്കാം. ശേഷം പെറ്റ് ബോട്ടിലുകളിലും കുപ്പികളിലും വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ എങ്ങനെ കുറയ്ക്കാം എന്ന് ആലോചിക്കാവുന്നതേയുള്ളൂ.
മുതലാളിത്ത വികസനകാഴ്ച്ചപ്പാടുകള്‍ ഉണ്ടാക്കിയ അപകടങ്ങളെ കുറിച്ചുള്ള ഒരു പഠനം ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എട്രി (Ashoka Trust for Research in Ecology) പുറത്തിറക്കിയിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍ നിന്ന് അറബിക്കടലിലേക്ക് സ്വതന്ത്രമായി ഒഴുകുന്ന നദികളില്‍ നാം അണക്കെട്ടുകളും തടയണകളും പണിതതോടെ ഇവയുടെ ഒഴുക്കിന് തടസ്സം വന്നു. അതോടെ വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഓക്സിജന്റെ അളവില്‍ കുറവുണ്ടായി. ഇത് നദികളിലെ 290 ൽ അധികം വരുന്ന തനത് മത്സ്യസമ്പത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചു. ഇതോടൊപ്പം രാസവസ്തുക്കളുടെ (കീടനാശിനികള്‍, രാസവളം, രാസവ്യവസായം) മണ്ണില്‍ കലരല്‍ വര്‍ധിക്കുന്നത്, ജലാശയങ്ങളെ കൂടുതല്‍ മലിനമാകുന്നു. മത്സ്യ സമ്പത്തിനെ അത് വളരെ പ്രതികൂലമായി ബാധിച്ചു. പലതും നാമാവശേഷമാവുകയോ അപകടകരമായ നിലയില്‍ കുറയുകയോ ചെയ്തു. കൊതുകിന്റെ കൂത്താടികളെ വന്‍തോതില്‍ തിന്നു നശിപ്പിക്കുന്ന പരല്‍ മീനുകള്‍, കുറുവ, പള്ളത്തി, കരിമീന്‍, മുഷി, കാരി പലതരം കക്കകള്‍, നാടന്‍ ഗപ്പികള്‍, തവളകള്‍, ചിലയിനം പായലുകളും പ്ലവങ്ങളും എന്നിവയൊക്കെ ഈ ജലാശയങ്ങളില്‍ വലിയ തോതില്‍ കുറഞ്ഞത് കൊതുകിന്റെ പ്രജനനത്തിനുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കി. ജനവാസ കേന്ദ്രങ്ങളിൽ വെള്ളത്തിന്റെ ഒഴുക്കിനെ സഹായിക്കുന്ന സ്വാഭാവിക നീർച്ചാലുകൾ, വൻതോതിൽ നികത്തപ്പെടുകയോ ചതുപ്പുകളായി രൂപം മാറുകയോ ചെയ്തു. ഇതോടെ കൊതുകിന്റെ പ്രജനനം വന്‍തോതില്‍ വര്‍ധിച്ചു. താരതമ്യേന ഒഴുക്ക് തടസ്സപ്പെടാത്ത ചാലക്കുടി പുഴയിലെ അതിരപ്പിള്ളിയില്‍, ഡാം പണിതാല്‍ കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തനത് മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന ഒരു ജല ആവാസ വ്യവസ്ഥയായിരിക്കും ഇല്ലാതാവുക. ഇതും കൊതുകിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാകും. കൊതുകിനെ നേരിട്ട് ഭക്ഷിച്ചിരുന്ന തുമ്പികള്‍, പാറ്റകള്‍, ചെറുകിളികള്‍ എന്നിവയുടെ നാശവും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. കൊതുക് നിയന്ത്രണത്തിന്റെ പേരില്‍ നഗരങ്ങളിലെ ഓടകളില്‍ മാരക കീടനാശിനികള്‍ തളിക്കുന്നതും വിഷപ്പുക പമ്പ് ചെയ്യുന്നതും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വിപരീത ഫലമാണുണ്ടാക്കുന്നത്. വിഷം തളിക്കുമ്പോള്‍ കൊതുകുകള്‍ കൂട്ടത്തോടെ പറന്നു പോവുകയും കൂത്താടികള്‍ മാത്രം നശിക്കുകയും ചെയ്യും. വെള്ളത്തിലെ വിഷാംശം കുറയുന്ന മുറയ്ക്ക് കൊതുകള്‍ തിരിച്ചെത്തി വീണ്ടും മുട്ടയിടും. അപ്പോഴേക്കും കൂത്താടികളെ തിന്നു നശിപ്പിച്ചിരുന്ന ഓടകളിലെ ചെറുജീവികളും തവളകളും കക്കകളും ചിലയിനം പായലുകളുമൊക്കെ വിഷപ്രയോഗത്തില്‍ നശിച്ചിരിക്കും. അതോടെ കൊതുകുകൾക്ക്, പ്രജനനത്തിന് ഉള്ള എല്ലാ തടസ്സങ്ങളും ഇല്ലാതാവുകയാണ് ചെയ്യുക. ലോകത്ത് തീരദേശ പട്ടണങ്ങളിലെ ഓടകളെ കടല്‍വെള്ളം (ഉപ്പു വെള്ളം) കയറ്റി കഴുകുന്ന രീതിയുണ്ട്. ഇത് കൊതുകിനെ വലിയ തോതിൽ കുറക്കും. കേരളത്തില്‍ മിക്കവാറും തീരദേശ പട്ടണങ്ങളാണെങ്കിലും ഇത്തരം സംവിധാനങ്ങളെ കുറിച്ചൊന്നും നാം ഇതുവരേയും ആലോചിച്ചിട്ടില്ല. അതിനൊന്നും നമുക്ക് പണമില്ലെങ്കിലും കെ റെയിൽ പോലുള്ള അന്തക പദ്ധതികളുടെ പിറകെയാണ് നാം. ഓരോവര്‍ഷവും കോടിക്കണക്കിന് രൂപ നഗരങ്ങളിലെ അഴുക്ക് ചാല് നിര്‍മ്മാണത്തിനും പരിഷ്കരണത്തിനും മാറ്റി വെക്കുന്നുണ്ട്. ഈ ചാലുകള്‍ക്ക് വെളളം ഒഴുക്കി കൊണ്ടു പോകാന്‍ മാത്രമേ കഴിയൂ. ഓടകള്‍ക്ക് വെളളം കുടിച്ച് വറ്റിക്കാന്‍ ആകില്ല. നഗരപ്രാന്തങ്ങളില്‍ വെള്ളം ഒഴുകി നിറയാനുള്ള ഇടങ്ങള്‍ ഉണ്ടെങ്കിലേ ചാലുകളിലൂടെ വെള്ളം ഒഴുകി പോകൂ. കോഴിക്കോട് പോലുള്ള നഗരങ്ങളില്‍ ചുറ്റും വെള്ളം ശേഖരിക്കുന്ന ധാരാളം ചതുപ്പുകളുണ്ടായിരുന്നു. എസ് കെ പൊറ്റക്കാടിന്റെ നോവലുകളിലൊക്കെ ഇവയെ കുറിച്ചുള്ള വിവരണങ്ങള്‍ കാണാം. പക്ഷെ ഈ ചതുപ്പുകളൊക്കെ നികത്തിയെടുത്താണ് അംബരചുബികളായ കോണ്‍ക്രീറ്റ് കാടുകള്‍ പണിതുയര്‍ത്തിയത്. ഇതോടെ ഒഴുകി പോകാന്‍ ഇടമില്ലാത്ത വെള്ളം ആദ്യമഴയില്‍ തന്നെ ഓടകളില്‍ നിറഞ്ഞ് നഗരത്തെ വെള്ളത്തില്‍ മുക്കുന്നു. വെള്ളക്കെട്ടുകള്‍ കൊതുകിന്റെ പ്രജനന കേന്ദ്രമാകുന്നു.
നഗരങ്ങൾ മാത്രമല്ല ഗ്രാമങ്ങളിലും കൊതുകിന്റെ ആക്രമണം ഭയാനകമാണ്. നാടന്‍ പശുക്കളും ആടുകളുമൊക്കെ നാട്ടിന് പുറത്ത് ധാരാളമായി വളര്‍ത്തിയിരുന്ന കാലത്ത് തൊടികളൊക്കെ നന്നായി വൃത്തിയാക്കപ്പെടുമായിരുന്നു. വളര്‍ന്നു വരുന്നത് അനുസരിച്ച് പുല്‍പ്പടര്‍പ്പുകളും ഇലച്ചാര്ത്തുകളുമൊക്കെ അവ തിന്നു തീര്‍ക്കും. ഇതോടെ പുല്‍പ്പടര്‍പ്പുകളില്‍ വളരുന്ന കൊതുകളുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടാകും. ഇപ്പോള്‍ കേരളത്തില്‍ പശുവളര്‍ത്തല്‍ നാമമാത്രമാണ്. ആകെ 2120000 ആണ് കേരളത്തിലെ കന്നുകാലി സമ്പത്ത്. അതില്‍ 387000 മാത്രമാണ് നാടന്‍ പശുക്കള്‍. നാടന്‍ പശുക്കളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു പോയതോടെ തൊടികളും തെരുവോരങ്ങളുമൊക്കെ കാടുപിടിച്ചു കിടക്കുന്നു. കൊതുകുകള്‍ക്ക് ഏറ്റവും യോജിച്ച ആവാസ വ്യവസ്ഥയാണ് ഇവ സൃഷ്ടിക്കുന്നത്. ഇലക്കവിളിലെ ഒരു തുള്ളി വെള്ളം മതി കൊതുകിന് മുട്ടയിടാന്‍. കാലാവസ്ഥ വ്യതിയാനവും കൊതുകിന് തുണയാകുന്നുണ്ട്. രണ്ട് മൂന്ന് പതിറ്റാണ്ട് മുമ്പു വരെ കേരളത്തില്‍ കാലവര്‍ഷത്തിന്റെ വരവ് അതിഗംഭീരമായിരുന്നു. ശക്തമായ ഇടിമിന്നല്‍ കാറ്റ്, തുടര്‍ച്ചയായി നിലനില്‍ക്കുന്ന മഴ. ഇതോടെ എല്ലാം ജലാശയവും നിറഞ്ഞ് ശക്തമായ നീരൊഴുക്ക് ഉണ്ടാകും. നാട്ടു മല്‍സ്യങ്ങള്‍ മണ്ണിലെ നനവിലൂടെ ഇഴഞ്ഞും നീന്തിയും പുതിയ ജലാശയങ്ങള്‍ തേടിപ്പോകും. കാറ്റിലും മഴയിലും വലിയൊരു ശതമാനം കൊതുകുകള്‍ മണ്ണിലടിഞ്ഞ് പോകും. അതോടെ നാട്ടിന്‍പുറത്ത് കൊതുക് ശല്യത്തിന് വലിയ പരിഹാരമാകും. ഇപ്പോള്‍ മഴക്ക് വ്യവസ്ഥകളേതുമില്ലാതായിരിക്കുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കും ഒഴുകി പരക്കലും തടസ്സപ്പെട്ടിരിക്കുന്നു. അതും കൊതുകളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നുണ്ട്. വര്‍ഷാവര്‍ഷം കൊണ്ടാടുന്ന ശുചീകരണ യത്നങ്ങള്‍ ഡ്രൈഡേകള്‍ എന്നിവ ആചാരപരമായ ആഘോഷങ്ങള്‍ എന്നതിന് അപ്പുറം വലിയ പ്രയോജനമൊന്നും ഉണ്ടാക്കുന്നില്ല. ഇതിനു പകരം നമ്മുടെ ജീവിത രീതിയില്‍ എന്തൊക്കെ മാറ്റങ്ങളാകാം എന്ന ആലോചനയാണ് അടിയന്തരമായി വേണ്ടത്. നമ്മുടെ വികസന കാഴ്ച്ചപ്പാടുകള്‍ ഊര്ജ്ജവിനയോഗം എന്നിവക്ക് പൊളിച്ചെഴുത്തുകള്‍ അനിവാര്യമാണ്. നിലവിലുള്ള ഡാമുകള്‍ പൊളിച്ചുകളയല്‍ (ഡീ കമ്മീഷനിംഗ് ) പെട്ടെന്ന് സാധ്യമാകില്ലെങ്കിലും പുതിയവ നിര്മ്മിതിക്കുന്നതിന് മുമ്പ് രണ്ടാവര്‍ത്തി ആലോചിക്കണം. ലോകത്തിലെ പല വികസിത രാജ്യങ്ങളും ഇന്ന് ഡാമുകള്‍ പണിയുന്നത് നിരുത്സാഹപ്പെടുത്തുകയാണ്. നിലവിലുള്ളവ തന്നെ സമയബന്ധിതമായി പൊളിച്ച് നീക്കുന്നുമുണ്ട്.
– കാലിക്കറ്റ് പോസ്റ്റ്