കാലത്തിന്റ അലാറമാകുന്ന കതിനാവെടികൾ

വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കു കൊട്ടി പേടിപ്പിക്കരുത് എന്നത് പലരും എടുത്തു പ്രയോഗിക്കുന്ന ഒരു ശൈലി. എന്നാൽ വെടിക്കെട്ടും, ഉടുക്കുമൊന്നുമില്ലാത്ത ഒരു കുടുംബ പാരമ്പര്യത്തിൽ നിന്ന് വളർന്ന് ഇന്ന് ദേശത്തിന്റെ കതിനക്കാരനായി മാറിയ കഥയാണ് മീത്തൽ ഗംഗാധരൻ നായരുടേത്. മീത്തൽ ഗോവിന്ദൻ നായരുടേയും മാധവി അമ്മയുടേയും മകന് ഇപ്പോൾ പ്രായം എഴുപത്തി മൂന്ന്. കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി കുറുവങ്ങാട്ടെ മിക്ക ക്ഷേത്രോത്സവങ്ങൾക്കും ചടങ്ങുകളുടെ ആദ്യവസാനം പ്രഖ്യാപിക്കുന്നത് ഗംഗാധരൻ നായരുടെ കതിനയിൽ നിന്നുതിരുന്ന ഗംഭീരമായ ശബ്ദമാണ്. അപ്രതീക്ഷിതമായി അത് കേൾക്കുമ്പോൾ മുതിർന്നവർ പോലും ഒന്നു ഞട്ടും. കുട്ടികൾ ചിലരെങ്കിലും കതിനയുടെ ഒച്ച പേടിച്ച് ഉത്സവത്തിന് പോകാതിരിക്കുന്നതും സാധാരണം.


നാൽപ്പത് വർഷങ്ങൾക്കും മുമ്പ് ഒരു തൊഴിൽ എന്ന നിലയിലാണ് അമ്പ്രാട്ടിൽ ദാമോദരൻ നായരോടൊത്ത് കതിനപ്പണിക്ക് ഗംഗാധരൻ നായർ പോകുന്നത്. പിന്നെ കണ്ടും കേട്ടു പഠിച്ചും ഉണ്ടായ അനുഭവങ്ങളിലൂടെ ഉത്സവത്തിന്റെ അവിഭാജ്യ ഘടകമായി ഗംഗാധരൻ നായർ മാറുകയായിരുന്നു. മണക്കുളങ്ങര, കോതമംഗലം, പുതിയകാവിൽ, മേലൂർ, താഴത്തയിൽ, കിടാരത്തിൽ എന്നീ ക്ഷേത്രങ്ങിലും, ഇപ്പോൾ കൊണ്ടം വള്ളിയും ഗംഗാധരൻ നായരുടെ കതിന ശബ്ദിച്ചു കൊണ്ടേയിരിക്കുന്നു.

ഗംഗാധരൻ നായർ ഏർപ്പെടാത്തതും, അറിയാത്തതുമായ പണികൾ വളരെ കുറവാണ്. പെയിന്റിംഗാണ് മുഖ്യ തൊഴിലെങ്കിലും വാർക്കപ്പണി മുതൽ ആശാരിപ്പണി വരെ ഗംഗാധരൻ നായർക്ക് വഴങ്ങും. വിഷുക്കാലമായാൽ നാട്ടിൽ ചിലർക്കെങ്കിലും ഗംഗാധരൻ നായരുടെ പടക്കം കൂടി ഉണ്ടെങ്കിലേ വിഷു പൂർണമാവുകയുള്ളൂ. അതിന്റെ ഗുമ്മൊന്നും പുതിയ കാല ഡൈനാമിക് ഡിസ്പ്ലേ കൾക്കില്ല എന്നവർ പറയും.

സൾഫറും, മരക്കരിയും, പൊട്ടാസ്യം നൈട്രേറ്റുമെല്ലം ചേർന്ന കരിമരുന്ന് നിറച്ച കതിനക്കുറ്റിക്കു മുക ളിൽ ചെങ്കൽച്ചീളുകൾ അടിച്ചുറപ്പിച്ച് ഓരോ കതിനയും ശബ്ദത്തെ ഗർഭം ധരിച്ച് ഒരു തീപ്പൊരി ക്കായി കാത്തിരിക്കുന്നു, ഒരു ഗംഭീര ശബ്ദ ശിശുവിന്, അതിനായുസ്സ് അൽപ്പ നിമിഷങ്ങളെങ്കിലും – ജൻമം നൽകാൻ !!! ചൈനയിൽ നിന്നു യാത്ര തുടങ്ങി ഹിമാലയൻ മലനിരകളും താണ്ടി നമ്മുടെ ഉത്സവപ്പറമ്പുകളെ ഉറങ്ങാനനുവദിക്കാതെ ഉണർത്തിയിരുത്തുന്ന വെടിമരുന്നെന്ന ഈ ഉഗ്രമൂർത്തിയെ മെരുക്കിയമർത്തി വെച്ച് കതിനയിൽ ശബ്ദത്തിന്റെ കവിത വിരിയിക്കുകയാണ് ഗംഗാധരൻ നായർ. തൃശൂർ പൂരമോ നെമ്മാറ വേലയോ, കാവശ്ശേരി വെടിക്കെട്ടോ ഒന്നും ഗംഗാധരൻ നായരുടെ കൗതുക വെട്ടന്ന് വന്നിട്ടില്ല, ഇതുവരെ.
കതിനാവെടികൾക്കൊത്തുള്ള ജീവിതം കൊണ്ടു തന്നെ സ്വയം ഒരു വെടിക്കെട്ടായിത്തീരുമ്പോൾ എന്തിനാണ് മറ്റ് വെടിക്കെട്ടുകൾ?

Comments

COMMENTS

error: Content is protected !!