KERALA
ഇന്റർസിറ്റി എക്സ്പ്രസിൽനിന്ന് പുക; പയ്യോളിയിൽ 15 മിനിറ്റ് നിർത്തിയിട്ടു
ശനിയാഴ്ച വൈകീട്ട് 3.45ഓടെ ട്രെയിൻ വടകരനിന്ന് പുറപ്പെട്ട് അൽപനേരം കഴിഞ്ഞ ശേഷമാണ് ഏറ്റവും പിറകിലെ ഭാഗത്തെ ബോഗികളിൽനിന്ന് പുക ഉയർന്നതായി ഗാർഡിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഗാർഡ് ലോക്കോ പൈലറ്റിനെ വിവരമറിയിച്ചതിനെതുടർന്ന് സ്റ്റോപ്പില്ലാത്ത പയ്യോളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തുകയായിരുന്നു.
അതിനിടയിൽ ഇരിങ്ങൽ ഭാഗത്തെ റെയിൽപാതക്ക് സമീപമുള്ള വീട്ടുകാർ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് റെയിൽവേയിൽ വിവരമറിയിച്ചെങ്കിലും അപ്പോഴേക്കും ട്രെയിൻ പയ്യോളിയിൽ നിർത്തിയിരുന്നു. ബ്രേക്ക് ബൈൻഡിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറാണ് പുക ഉയരാൻ കാരണമെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. തകരാർ പരിശോധിച്ച ശേഷം, 15 മിനിറ്റോളം നിർത്തിയിട്ട ട്രെയിൻ യാത്ര തുടർന്നു.
Comments