ഇ പോസ് സംവിധാനം തകരാറിലായി സംസ്ഥാനത്തെ റേഷൻ വിതരണം താളം തെറ്റിയ സംഭവത്തിൽ പരസ്പരം പഴിചാരി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ
സംസ്ഥാനത്തെ റേഷൻ വിതരണം ഇ പോസ് സംവിധാനം തകരാറിലായതിനെ തുടർന്ന് താളം തെറ്റിയതിന് പരസ്പരം പഴിചാരി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷന് കേരളം തയ്യാറായില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിമർശനം. എന്നാൽ എൻഐസിക്ക് കീഴിലെ ആധാർ സർവ്വീസിംഗ് ഏജൻസി സംവിധാനത്തിലേക്ക് ആധാർ ഓതന്റിക്കേഷൻ മാറ്റിയാൽ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളൂവെന്നാണ് കേരളം നൽകുന്ന വിശദീകരണം.
ഇ പോസ് സംവിധാനത്തിലെ പിഴവ് സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനത്തെയാകെ തകിടം മറിച്ചതോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുന്നത്. സമയക്രമം വച്ചുള്ള റേഷൻ വിതരണമായിരിക്കും ഇന്നും സംസ്ഥാനത്ത് നടക്കുക.
ഇതിനിടെയാണ് കാലഹരണപ്പെട്ട പിഡിഎസ് സംവിധാനം ഒഴിവാക്കാൻ കേരളത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെന്നും ഇത് നടപ്പാക്കത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും കേന്ദ്രം പറയുന്നത്.