KERALAMAIN HEADLINES
ഇ–-ഹെൽത്ത് പദ്ധതി നടത്തിപ്പിൽ കോഴിക്കോട് രണ്ടാം സ്ഥാനത്ത്
കോഴിക്കോട്: രോഗ ചികിത്സയും വിവരങ്ങളും സമഗ്രമായി വിരൽതുമ്പിൽ ലഭ്യമാക്കുന്ന ഇ–-ഹെൽത്ത് പദ്ധതി നടത്തിപ്പിൽ കോഴിക്കോട് രണ്ടാം സ്ഥാനത്ത്. ജില്ലയിൽ 10 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഇ–-ഹെൽത്ത് പദ്ധതിയായി. 43 കേന്ദ്രങ്ങളിൽ പ്രവർത്തനം പുരോഗമിക്കുന്നു.
രോഗീ വിവരങ്ങൾ പൂർണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമിലാക്കി സർക്കാർ ആശുപത്രിയിലെ ചികിത്സയ്‌ക്ക് ഏകോപനവും വേഗവും നൽകുന്ന പദ്ധതിയാണിത്.
രണ്ടാം ഘട്ടത്തിലാണ് ജില്ലയെ ഉൾപ്പെടുത്തിയതെങ്കിലും നിലവിൽ എറണാകുളത്തിന് പുറകെ രണ്ടാമതായി പ്രവർത്തന പുരോഗതി നേടി. മൂടാടി, മേപ്പയ്യൂർ, ഇരിങ്ങൽ, വടകര, പുതുപ്പാടി, രാമനാട്ടുകര, ചാലിയം, പനങ്ങാട്, അരിക്കുളം, ആയഞ്ചേരി എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് സംവിധാനമായത്. മെഡിക്കൽ കോളേജ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചെസ്‌റ്റ് ഡിസീസിലും പൂർത്തിയായി.
വടകര ജില്ലാ ആശുപത്രി, കൊയിലാണ്ടി, കുറ്റ്യാടി, താമരശേരി, പേരാമ്പ്ര, ഫറോക്ക്, നാദാപുരം താലൂക്ക് ആശുപത്രികൾ, തിരുവങ്ങൂർ, മുക്കം, ഉള്ള്യേരി സാമൂഹികാരാേഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പദ്ധതി ആരംഭിക്കുന്നതിന്റെ ഉദ്‌ഘാടനം 11ന് മന്ത്രി കെ കെ ശൈലജ ഓൺലൈനായി നിർവഹിക്കും. കൊടിയത്തൂർ, കൂടരഞ്ഞി, മടവൂർ, അത്തോളി തുടങ്ങി 33 ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവർത്തനം പുരോഗമിക്കുകയാണെന്ന് നോഡൽ ഓഫീസർ ഡോ. പി പി പ്രമോദ് കുമാർ പറഞ്ഞു. ഓരോ കേന്ദ്രത്തിനും 12 മുതൽ 50 ലക്ഷം രൂപവരെയാണ് അനുവദിച്ചത്.
ഗ്രാമീണ സർവേ പൂർത്തിയായി
ഇ–-ഹെൽത്തിനുള്ള വ്യക്തിഗത കാർഡ് തയ്യാറാക്കുന്നതിന് മുന്നോടിയായി ആരോഗ്യ പ്രവർത്തകർ വീടുകളിൽ നടത്തുന്ന സർവേ ഗ്രാമീണ മേഖലകളിൽ പൂർത്തിയായി. കോർപറേഷൻ, മുൻസിപ്പാലിറ്റി മേഖലയിൽ ടാബുകൾ ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമായാലുടൻ സർവേ തുടങ്ങും.
ഇ–-ഹെൽത്ത് കാർഡ്: ഗുണങ്ങൾ
കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും വ്യക്തിഗത വിവരങ്ങളടങ്ങിയ കാർഡാണ് നൽകുന്നത്. ഇതിൽ രോഗിയുടെ ആരോഗ്യം, വാസസ്ഥലത്തിന്റെ ഭൂമിശാസ്‌ത്രം തുടങ്ങിയ വിവരങ്ങൾ ഉണ്ടാകും. ഏത് സർക്കാർ ആശുപത്രിയിൽ പോയാലും കാർഡ് നമ്പറിലൂടെ, കഴിക്കുന്ന മരുന്നടക്കമുള്ളവയെക്കുറിച്ചറിയാം. ഇതുപയോഗിച്ച് ഒപിയിൽ ബുക്ക് ചെയ്യാം. പരിശോധനാ ഫലങ്ങളും ഡോക്ടറുടെ കംപ്യൂട്ടറിലെത്തും. പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരാണെങ്കിൽ പ്രാദേശിക ആരോഗ്യപ്രവർത്തകരിലേക്ക് വിവരങ്ങൾ കൈമാറും. ഇത് വീട് സന്ദർശിച്ചുള്ള രോഗശമന പ്രവർത്തനങ്ങൾക്കും സഹായകമാകും.
Comments