ഉത്തരാഖണ്ഡ് ജോഷിമഠിലെ പ്രകൃതിദുരന്ത മേഖലയില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിനുപോയ പേരാമ്പ്ര സ്വദേശിയായ വൈദികന്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു
ഉത്തരാഖണ്ഡ് ജോഷിമഠിലെ പ്രകൃതിദുരന്ത മേഖലയില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിനുപോയ പേരാമ്പ്ര സ്വദേശിയായ വൈദികന്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു. ഉത്തരാഖണ്ഡ് കോട്ദ്വാറിലുള്ള ബിജ്നോര്‍ രൂപതാ ആസ്ഥാനത്തെ പേരാമ്പ്ര ചക്കിട്ടപാറ സ്വദേശിയായ ഫാ. മെല്‍വിന്‍ അബ്രഹാം പള്ളിത്താഴത്ത് (37) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം.
ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രശ്‌നത്തെത്തുടര്‍ന്ന് ജനങ്ങളെ മാറ്റിത്താമസിപ്പിച്ച ക്യാമ്പുകളിലേക്ക് ഭക്ഷണമടക്കമുള്ളവയുമായി 17-നാണ് ഫാ. മെല്‍വിന്‍ കോട്ഡ്വാറില്‍നിന്ന് തനിയെ വാഹനം ഓടിച്ചുപോയത്. ക്യാമ്പുകളില്‍ സാധനമെത്തിച്ച് മടങ്ങുന്നതിനുമുമ്പ് മലയാളികളായ ഫാ. അജോ, അനൂപ് എന്നിവര്‍ക്കൊപ്പം ജോഷിമഠിലെ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചപ്പോഴാണ് മലാരി റോഡില്‍ അപകടമുണ്ടായത്.
മഞ്ഞുവീഴ്ചയുള്ള റോഡില്‍നിന്ന് വാഹനം തെന്നിനീങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ടയര്‍ നീങ്ങാതിരിക്കാന്‍ കല്ലുകള്‍ വെച്ചെങ്കിലും ജീപ്പ് 500 മീറ്ററോളം താഴ്ചയിലേക്ക് പതിച്ചു. പൈന്‍ മരങ്ങള്‍ നിറഞ്ഞ കൊക്കയിലിറങ്ങി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. സൈന്യമെത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
ചക്കിട്ടപാറ പള്ളിത്താഴത്ത് അബ്രഹാമിന്റെയും (റിട്ട. അധ്യാപകന്‍, കായണ്ണ ജി എച്ച് എസ് എസ്) കാതറിന്റെയും (റിട്ട. പ്രധാനാധ്യാപിക പൂഴിത്തോട് ഐ സി യു പി.എസ്) മകനാണ്. സഹോദരങ്ങള്‍: ഷാലെറ്റ് പി. അബ്രഹാം (അധ്യാപിക, എ ഡബ്ല്യു എച്ച്എന്‍ജിനിയറിങ് കോളേജ് കുറ്റിക്കാട്ടൂര്‍), ഷാല്‍വിന്‍ പി. അബ്രഹാം (മാര്‍ക്കറ്റിങ് ഓഫീസര്‍, സ്‌കിന്‍കോ).
മൃതദേഹം ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 22-ന് വൈകീട്ട് കോട്ദ്വാറിലെ രൂപതാ ആസ്ഥാനത്ത് എത്തിച്ചതിനു ശേഷം സംസ്‌കാര ശുശ്രൂഷകള്‍ 23-ന് രാവിലെ ഒമ്പതിന് കോട്ദ്വാര്‍ സെയ്ന്റ് ജോസഫ് പള്ളിയില്‍ നടക്കും.