ഉന്നത വിദ്യാഭ്യാസമേഖലയിൽ സമഗ്ര പരിഷ്കരണമാണ് സർക്കാർ ആലോചിക്കുന്നത്: മന്ത്രി ഡോ. ആർ ബിന്ദു

ഉന്നത വിദ്യാഭ്യാസമേഖലയിൽ മികച്ച അടിസ്ഥാന വികസന സൗകര്യങ്ങളടക്കം സാധ്യമാക്കി സമഗ്രവും സമ്പൂർണ്ണവുമായ പരിഷ്കാരങ്ങളാണ് സർക്കാർ ആലോചിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മീഞ്ചന്ത ഗവ. ആർട്സ് ആന്റ് സയൻസ് കോളജിലെ ഗോൾഡൻ ജൂബിലി ബ്ലോക്കിന്റെയും കിഫ്ബി ഫണ്ടുപയോ​ഗിച്ച് നിർമിച്ച ലേഡീസ് ഹോസ്റ്റൽ ഒന്നാം നിലയുടെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പ്രസ്തുത പ്രക്രിയയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യ പങ്കാണുള്ളതെന്നും മന്ത്രി പറഞ്ഞു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് ഉന്നത വിദ്യാഭ്യാസത്തിനും മികച്ച തൊഴിലിനും അവസരം ഒരുക്കുക എന്നതാണ് സർക്കാറിന്റെ മുഖ്യപരിഗണന. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും അനധ്യാപകരും പൂർവ്വ വിദ്യാർഥികളും നാട്ടുകാരും ചേർന്ന് വികസന സമിതികൾക്ക് രൂപം നൽകി സർക്കാരിന്റെ പിൻബലത്തോടെ കലാലയങ്ങളെ മുന്നോട്ടു നയിക്കേണ്ടതുണ്ട്- മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഉല്പാദിപ്പിക്കുന്ന അറിവുകളെ സാമൂഹ്യ പുരോഗതിക്കും കേരളീയ ജനതയുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സമർഥമായി ഉപയോഗിക്കണമെന്ന ആഗ്രഹമാണ് സർക്കാരിനുള്ളത്. തൊഴിലിനെയും വിദ്യാഭ്യാസത്തേയും സമഗ്രമായി കോർത്തിണക്കുന്ന പദ്ധതികൾ സർക്കാർ തുടരുകയാണ്. വിദ്യാർഥി കേന്ദ്രീകൃതമായ കാഴ്ച്ചപ്പാടോടെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആകെ അഴിച്ചു പണിയുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ തുറമുഖം- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനിൽ പങ്കെടുത്തു. കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ, വാർഡ് കൗൺസിലർ രമ്യ സന്തോഷ്, പ്രിൻസിപ്പൽ ഡോ. എടക്കോട്ട് ഷാജി, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. പിഡബ്ല്യൂഡി സൂപ്രണ്ടിം ഗ് എൻജിനീയർ എ. മുഹമ്മദ്, കിറ്റ്കോ സീനിയർ കൺസൾട്ടന്റ് എം. ബൈജു ജോൺ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീ. ചിഫ് സെക്രട്ടറി ഡോ. വി. വേണു സ്വാ​ഗതവും കോളേജ് പ്രിൻസിപ്പൽ (ഇൻചാർജ്) ഡോ. എടക്കോട്ട് ഷാജി നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!