ഉമ്മുമ്മയെ കൊലപ്പെടുത്തി ആഭരണം കവർന്ന കേസിൽ പേരക്കുട്ടിയുടെ ഭർത്താവ് അറസ്റ്റിൽ
മങ്കട രാമപുരത്ത് തനിച്ച് താമസിക്കുന്ന വൃദ്ധയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. രാമപുരം ബ്ലോക്ക് പടിയില്‍ കൊല്ലപ്പെട്ട മുട്ടത്തില്‍ ആയിഷ (72) കൊല്ലപ്പട്ട സംഭവത്തിലാണ് അറസ്റ്റ്. ഇവരുടെ പേരമകളുടെ ഭര്‍ത്താവ് നിലമ്പൂര്‍ മമ്പാട് മേപ്പാടം സ്വദേശി പാന്താര്‍ വീട്ടില്‍ നിഷാദ് അലി(34)യാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ബന്ധുവോ പരിചയമുള്ളയാളോ ആണ് കൊല നടത്തിയതെന്ന നിഗമനത്തിലെത്തി. വീട്ടില്‍ ചായയും ഓംലെറ്റും ഉണ്ടാക്കിയിരുന്നതില്‍ നിന്നും വിശേഷ അതിഥികൾ ആരോ വന്നു എന്ന് ഊഹിച്ചു. ഇതിൽ നിന്നാണ് കേസിൽ തുമ്പുണ്ടാവുന്നത്.
മമ്പാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്തുവര്‍ഷത്തോളമായി ഐ.ടി. ഗസ്റ്റ് അധ്യാപകനാണ് നിഷാദ് അലി. ജൂലായ് 16-ന് രാത്രി ഒന്‍പതരയോടെയാണ് ആയിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. അവര്‍ ധരിച്ചിരുന്ന എട്ടേകാല്‍ പവന്‍ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
നാട്ടുകാരും ബന്ധുക്കളുമുള്‍പ്പെടെ ആയിരത്തോളം പേരെ നേരിട്ടും ഫോണ്‍ വഴിയും ചോദ്യംചെയ്തു. ഇതില്‍ നിന്ന് ബന്ധുവും സാമ്പത്തിക ബാധ്യതകളുമുള്ള നിഷാദ് അലിയെക്കുറിച്ച് വിവരം ലഭിച്ചു. ഇയാള്‍ നാട്ടിൽ നിന്നും മാറിയിട്ടുണ്ട് എന്നറിഞ്ഞതോടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. അലിയുമായി പണമിടപാടുകള്‍ നടത്തിയവരെയും ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും തെളിവുകള്‍ ശേഖരിച്ചു. തെളിവകളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നത്.
ഓണ്‍ലൈന്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് പ്രതിക്ക് 50 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതകളുണ്ടായിരുന്നു. പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിഷയുടെ ആഭരണങ്ങള്‍ ശ്രദ്ധിക്കുകയും ഇത് കൈക്കലാക്കാന്‍ ആസൂത്രണം നടത്തുകയുമായിരുന്നു. പലതവണ വീട്ടിലെത്തി ആയിഷയുമായി കൂടുതല്‍ അടുപ്പം ഉണ്ടാക്കാനും ശ്രമിച്ചു.
രണ്ടുതവണ കൊല നടത്താനായി വൈകുന്നേരം രാമപുരത്തെത്തി. എന്നാല്‍ ദേശീയപാതയോരത്തെ വീടായതിനാലും കടയും ആളുകളുമുള്ളതിനാലും നടന്നില്ല. മൂന്നാംശ്രമത്തില്‍ സമയം മാറ്റി രാവിലെ വീട്ടിലെത്തി കൃത്യം നടത്തുകയായിരുന്നു – പോലീസ് പറഞ്ഞു. കൃത്യത്തിനുശേഷം യാതൊരു സംശയത്തിനും ഇട നല്‍കാതെ സ്വന്തം വീട്ടിലെത്തി. രാത്രി ആയിഷുമ്മയുടെ മരണവിവരം ഭാര്യ പറഞ്ഞപ്പോള്‍ ഭാര്യയെയും കൂട്ടി രാമപുരത്തെത്തി. സംശയത്തിനിടയില്ലാതെ ബന്ധുക്കള്‍ക്കൊപ്പം എല്ലാ കാര്യത്തിനും ഒപ്പംനിന്നു. പിറ്റേന്ന് ഖബറടക്കത്തിനുശേഷമാണ് മടങ്ങിയത്.
നിലമ്പൂര്‍ പോലീസില്‍ ഇയാള്‍ക്കെതിരേ വഞ്ചനക്കേസുണ്ട്. ജോലിചെയ്യുന്ന സ്‌കൂളിലെ ക്യാമറയും പണവും നഷ്ടപ്പെട്ട കേസിലും ഇയാള്‍ക്കെതിരേയുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു. പ്രതിയെ ഞായറാഴ്ച രാമപുരത്തെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
തനിച്ചുതാമസിക്കുന്ന സ്ത്രീകളെ കൊലപ്പെടുത്തി കവര്‍ച്ച നടത്തുന്നത് തുടര്‍ച്ചയാവുന്നതിനിടയിലാണ് മങ്കട രാമപുരത്ത് സ്ത്രീ കൊല്ലപ്പെടുന്നത്. ജൂണില്‍നടന്ന കുറ്റിപ്പുറത്തെ കേസില്‍ പ്രതിയെ പിടിച്ചെങ്കിലും തവനൂര്‍ കേസില്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. സമാനമായ മൂന്നാമത്തെ കേസായി ജൂലായിലാണ് രാമപുരം കേസുണ്ടാകുന്നത്.
വീട്ടില്‍ ചായയും ഓംലെറ്റുമുണ്ടാക്കി ആതിഥ്യമര്യാദ കാണിച്ചതുപോലെയുള്ള തുമ്പില്‍ നിന്നാണ് അടുത്ത ബന്ധുക്കളോ പരിചയമുള്ളവരോ ആകാം കൊലയ്ക്കുപിന്നിലെന്ന സൂചന ലഭിച്ചത്. .നിഷാദ് അലിക്കെതിരേ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ പോലീസിലുള്ള വഞ്ചനക്കേസ് ശ്രദ്ധയില്‍പ്പെട്ടു. ഇയാള്‍ ജോലിചെയ്യുന്ന സ്‌കൂളില്‍നടന്ന മോഷണവും പഠിപ്പിക്കുന്ന കുട്ടികളില്‍ നിന്നും മറ്റും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയംവെച്ച വിവരങ്ങളും ലഭിച്ചു. പോലീസ് അന്വേഷിച്ചപ്പോള്‍ പ്രതി നാട്ടിലില്ലെന്നുമറിഞ്ഞു. സ്‌കൂളിന്റെ പൂട്ട് തകര്‍ത്ത് 80,000 രൂപയും ലക്ഷത്തോളം രൂപയുടെ ക്യാമറയും മോഷ്ടിച്ചിരുന്നു. സ്‌കൂളിലെ മോഷണത്തിനുപിന്നില്‍ ഐ.ടി. അധ്യാപകനായ ഇയാളാണെന്ന തെളിവുകളും ലഭിച്ചു. തിരിച്ചറിയാതിരിക്കാന്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ഡി.വി.ആര്‍. ഉപകരണം വടപുറം പുഴയില്‍ എറിഞ്ഞെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറയുന്നു.
ക്യാമറ കോഴിക്കോട് ബസ്സ്റ്റാന്‍ഡിനടുത്തെ കടയില്‍ വിറ്റു. നിലമ്പൂര്‍ പോലീസ് അന്വേഷിക്കുന്ന ഈ കേസിനും തുമ്പായി.