ഉയര്‍ന്ന റാങ്കിലെത്തിയ സംവരണക്കാരെ ജനറല്‍ കാറ്റഗറിയില്‍ നിയമിക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉയര്‍ന്ന റാങ്കുണ്ടെങ്കില്‍ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പൊതുവിഭാഗത്തില്‍ നിയമനത്തിന് അര്‍ഹതയുണ്ടെന്നു സുപ്രീം കോടതി വിധിച്ചു. രാജസ്ഥാനിലെ ബി എസ്‌ എന്‍ എല്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തി വിധി പ്രസ്ഥാവിച്ചത്. ജഡ്ജിമാരായ എം ആര്‍ ഷാ, ബി വി നാഗരത്ന എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. ഒ ബി സി അപേക്ഷകരില്‍ മെച്ചപ്പെട്ട റാങ്കുള്ള രണ്ട് പേരെ പൊതുവിഭാഗത്തില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് ചൗധരിയെന്നയാള്‍ ആണ് ഹര്‍ജി നല്‍കിയത്. ഇത് സംവരണ വിഭാഗത്തില്‍ രണ്ട് പേര്‍ക്കു കൂടി അവസരം കിട്ടാനിടയാക്കുമെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്.

ജോധ്പുര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇത് അംഗീകരിച്ചു. എന്നാല്‍ ഇതിനെതിരെ ബി എസ്‌ എന്‍ എല്‍ ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ അപ്പീല്‍ ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് ബി എസ്‌ എന്‍ എല്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ സമ്പൂര്‍ണനീതി ഉറപ്പാക്കാനുള്ള കോടതിയുടെ പ്രത്യേകാധികാരം (142-ാം വകുപ്പ്) ഉപയോഗിച്ചാണ് വിധി പ്രസ്ഥാവം.

Comments

COMMENTS

error: Content is protected !!