ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ആദ്യ പത്ത് ജില്ലകളില്‍ നാലും കേരളത്തില്‍
രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ പത്തിടങ്ങളില്‍ നാലും കേരളത്തില്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ നാല് ജില്ലകള്‍ പരാമര്‍ശിക്കുന്നത്. നാല് ജില്ലകളിലും പ്രളയ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഹൈദരാബാദിലെ നാഷണല്‍ റിമോര്‍ട്ട് സെന്‍സിങ് സെന്ററാണ് ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തയ്യാറാക്കിയത്. 17 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 147 മേഖലകളാണ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഈ പട്ടികയിലെ ആദ്യ പത്തിലാണ് കേരളത്തില്‍ നിന്നുള്ള നാല് ജില്ലകള്‍ വരുന്നത്. സാധ്യതാ പട്ടികയില്‍ തൃശൂരിന്റെ സ്ഥാനം മൂന്നാമതും പാലക്കാടിന്റേത് അഞ്ചാമതും മലപ്പുറത്തിന്റേയും ഏഴാമതും കോഴിക്കോടിന്റെ സ്ഥാനം പത്താമതുമാണ്. 2000 മുതല്‍ 2017 വരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ഹിമാലയം കഴിഞ്ഞാല്‍ പശ്ചിമഘട്ട നിരയിലാണ് കഴിഞ്ഞ കുറെക്കാലത്തിനിടെ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇതാണ് ഉരുള്‍പൊട്ടല്‍ ഭീഷണി ഉയരാനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കേരളത്തില്‍ നിന്ന് നാലും ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, സിക്കിം സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടു വീതവും ജില്ലകളാണ് അപകട സാധ്യതാ മേഖലയിലുള്ളത്.