ഉള്ള്യേരിയിൽ സ്വകാര്യ ക്ലിനിക്കിൽ പൂട്ട് തകർത്ത് മോഷണം
ഉള്ള്യേരിയിൽ സ്വകാര്യ ക്ലിനിക്കിൽ പൂട്ട് തകർത്ത് മോഷണം. അകത്തു കടന്ന മോഷ്ടാവ് മേശയുടെ വലിപ്പ് പൊളിച്ച് ഇരുപതിനായിരത്തോളം രൂപ മോഷ്ടിച്ചു. ആനവാതിലിൽ പ്രവർത്തിക്കുന്ന വീ കെയർ പോളി ക്ലിനിക്കിലാണ് മോഷണം നടന്നത്. മോഷണ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെങ്കിലും ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അത്തോളി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ റെയിൻകോട്ടും ഹെൽമെറ്റും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ഷട്ടറിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കടന്ന് കൗണ്ടറിലെ മേശയ്ക്കരികിലെത്തി വലിപ്പു പൊളിച്ച് പണം കവരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മോഷ്ടാവിന്റെ കയ്യിൽ പാര പോലുള്ള ആയുധവും ടോർച്ചും ഉണ്ട്.
ക്ലിനിക്കിൽ നിരീക്ഷണ ക്യാമറയുള്ള കാര്യം ഇയാളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ക്യാമറ നോക്കി കൈവീശി കാണിക്കുന്നതും ഫ്ലൈയിങ് കിസ് ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മഴ പെയ്തതിനാൽ പൂട്ട് കുത്തിപ്പൊളിക്കുന്നതിന്റെ ശബ്ദം പുറത്തേക്ക് കേട്ടിരുന്നില്ല. രാവിലെ ജീവനക്കാർ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ പോലീസിൽ അറിയിച്ചു.
അത്തോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥാപന ഉടമ ബഷീർ പാടത്തൊടി നൽകിയ പരാതിയിലാണ് അന്വേഷണം. കഴിഞ്ഞ ദിവസങ്ങളിൽ പരിസരപ്രദേശങ്ങളിലെ ചിലയിടങ്ങളിൽ മോഷണം നടന്നതായും വിവരമുണ്ട്.