ഉഷ ചുവപ്പിൽ നിന്ന് കാവിയിലേക്ക് ട്രാക്ക് മാറ്റുമ്പോൾ; വിവാദങ്ങൾ കൊഴുക്കുന്നു.കോടികൾ കുഴമറിയുന്നു.

ഇന്ത്യയുടെ അഭിമാനമായ ഒളിമ്പ്യൻ പിടി ഉഷയുടെ ട്രാക്ക് മറിയോട്ടം രാഷ്ട്രീയ രംഗത്തും കായിക രംഗത്തും ഒരുപോലെ ചർച്ചയാകുന്നു. സി പി ഐ എമ്മിന്റെ സന്തത സഹചാരിയായിരുന്ന ഉഷ ബി ജെ പി ട്രാക്കിലേക്ക് മാറിയതാണ് ഇപ്പോൾ ചർച്ചയാവുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് മണ്ഡലത്തിൽ പി ജയരാജനെതിരെ മത്സരിക്കാൻ യു ഡി എഫ് നേതൃത്വം ഉഷയെ സമീപിച്ചിരുന്നു. അവർ ഏതാണ്ട് മത്സരത്തിന് തയാറായ സമയത്ത് മുഖ്യമന്ത്രി നേരിട്ടിടപെട്ട് അവരെ പിന്തിരിപ്പിക്കുകയായിരുന്നെന്ന് യു ഡി എഫ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കോഴിക്കോട് പോളീ ടെക്നിക്കിനടുത്ത് ഉഷക്ക് വീടുവെക്കാൻ ഭൂമിയനുവദിക്കുന്നതിനുള്ള നീക്കം വിവാദമായിരുന്നു. ഭൂമി വിട്ടു നൽകുന്നത് ഗ്രൗണ്ടിന്റെ സൗകര്യം കുറക്കുമെന്നും സ്വന്തമായി ഒരു വീടുണ്ടാക്കാൻ സർക്കാർ ഭൂമി നൽകേണ്ട ഗതികേടുള്ളയാളല്ല ഉഷയെന്നും അന്ന് എസ് എഫ് ഐ പരസ്യ നിലപാടെടുത്തു. ഇത് കോഴിക്കോട്ടെ സ്പോർട്സുമായി ബന്ധപ്പെട്ട ഒരു സി പി എം നേതാവിന്റെ പ്രേരണയാലാണെന്ന് കരുതുന്നതായി അവരോട് അടുപ്പമുള്ളവർ പറയുന്നു. ഇതൊക്കെയാണ് ട്രാക്ക് മാറിയോടാനുളള കാരണങ്ങളായി പറയുന്നതെങ്കിലും ഉഷയിൽ ഈ മാറ്റങ്ങൾ വർഷങ്ങൾക്കു മുമ്പുതന്നെ പ്രകടമായിരുന്നു എന്നാണ് സി പി എം കേന്ദ്രങ്ങൾ പറയുന്നത്. മുഖ്യമന്ത്രി അങ്ങിനെ ഉറപ്പൊന്നും നൽകിയിരുന്നില്ലെന്നും പോളിടെക്നിക്കിന്റെ ഗ്രൗണ്ട് നശിപ്പിച്ച് ഉഷക്ക് വീട് വെക്കാൻ സ്ഥലം നൽകേണ്ട യാതൊരു അടിയന്തര സഹചര്യവും ഉണ്ടായിരുന്നില്ലന്നും അവർ പറയുന്നു. പയ്യോളിയിൽ നിലവിലുള്ള ഉഷയുടെ വീട് നിർമ്മിച്ചു നൽകിയത് സംസ്ഥാന സർക്കാരാണ്. പ്രതിവർഷം 25 ലക്ഷം രൂപാവീതം സംസ്ഥാന സർക്കാർ ഉഷാ സ്കൂളിന് നൽകുന്നുണ്ട്. സർക്കാറിന്റെ 30 ഏക്കർ കണ്ണായ ഭൂമിയാണ് കിനാലൂരിൽ ഉഷക്ക് സൗജന്യമായി നൽകിയത്. ഇതിന് പുറമേയാണ് വിവിധ സംരംഭകരും ജനങ്ങളും നൽകുന്ന കോടികൾ. അങ്ങിനെയൊരാൾക്ക് നഗരത്തിൽ പുതിയ വീടിന് കൂടി സ്ഥലം നൽകേണ്ട സഹചര്യമില്ലാത്തത് കൊണ്ടാണ് എസ് എഫ് ഐ ഭൂമി നൽകാനുള്ള നീക്കത്തെ എതിർത്തത്. അതിൽ അന്യായമായി ഒന്നുമില്ല. മുതിർന്ന സി പി എം നേതാവ് പറഞ്ഞു. 

ഉഷയെപ്പോലെ അന്താരാഷ്ട പ്രശസ്തയായ ഒരത്‌ലറ്റിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നതിൽ ഒരു തെറ്റും കാണാനാവില്ല. തമിഴ്നാട്ടിൽ നിന്ന് ഇളയരാജ ഉൾപ്പെടെ തെന്നിന്ത്യയിൽ നിന്ന് നാല് പേരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുമ്പോൾ ബി ജെ പിക്ക് കൃത്യമായ രാഷ്ട്രീയ സന്ദേശങ്ങൾ നൽകാനുണ്ട് എന്ന് തിരിച്ചറിയാനും പ്രയാസമുണ്ടാവില്ല. ഉഷയെ ബിജെപി പണ്ടു മുതലേ നോട്ടമിട്ടതാണ്. ഉഷാ സ്കൂൾ കിനാലൂരിലേക്ക് മാറിയ കാലത്ത് തന്നെ കെ സുരേന്ദ്രനെ ട്രസ്റ്റി ബോർഡിൽ ഉൾപ്പെടുത്തി കിട്ടാൻ ബിജെപി ചില നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും അന്നൊന്നും ഉഷ വഴങ്ങിയിരുന്നില്ല. ബി ജെ പി ഭരണം കേന്ദ്രത്തിൽ ഉറക്കുന്നു എന്ന തോന്നലുണ്ടായത് മുതൽ ഉഷയും മോദിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയായിരുന്നു. അങ്ങിനെയാണ് ഉഷാ സ്കൂളിന്റെ ഒരു അനുബന്ധം ഗുജറാത്തിൽ തുടങ്ങുന്നതിന് ഉഷക്ക് ക്ഷണം ലഭിച്ചതും ഉഷ അതേറ്റെടുത്തതും. രണ്ടാം മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുമായി മോദി കോഴിക്കോട്ടെത്തിയപ്പോൾ ഉഷയുടെ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.  കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ചുവപ്പ് നേർത്ത് കാവിയാകുന്നതിന്റെ ലക്ഷണങ്ങൾ അവരേയും ഭർത്താവിനേയും സോഷ്യൽ മീഡിയയിൽ പിന്തുടരുന്നവർക്കിടയിൽ പ്രകടമാവുകയും ചെയ്തിരുന്നു. ഇളയരാജയിലും ഹിന്ദുത്വ അനുകൂല നിലപാടുകൾ പ്രകടമാണ് എന്ന് തെളിയിക്കുന്ന ധാരാളം വിവരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

സി പി എം കേന്ദ്ര സമിതി അംഗവും രാജ്യസഭാ മെമ്പറുമായ എളമരം കരീമാണ് ഉഷയുടെ രാജ്യസഭാ പ്രവേശവുമായി ബന്ധപ്പെട്ട പരിഹാസവുമായി ആദ്യം രംഗത്ത് വന്നത്. തൊട്ടുപിന്നാലെ ബി ജെ പി സംസ്ഥാന നേതാക്കളും കോൺഗ്രസ്സ് നേതാക്കളുമൊക്കെ അവരവരുടെ നിലപാടുകൾ പ്രഖ്യാപിച്ചു. എന്നാൽ സി പി എം ഒഴികെ മറ്റാരും രാജ്യാസഭാ പ്രവേശത്തിന് രാഷ്ട്രീയമാനങ്ങളുണ്ട് എന്ന ആക്ഷേപം ഇതുവരെ ഉയർത്തിയിട്ടില്ല. ഉഷക്ക് ജന്മനാടായ പയ്യോളിയിൽ സ്വീകരണമൊരുക്കിയപ്പോൾ അത് കേവലം ഒരു ബി ജെ പി പരിപാടിയായാണ് സംഘടിപ്പിച്ചിരുന്നത്. ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സിന്റെ തുടക്കക്കാരായ സി പി എം നേതാക്കളാരും പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടില്ല. പയ്യോളി മുൻസിപ്പൽ ചെയർമാൻ ഷഫീക് പരിപാടിയിൽ പങ്കെടുക്കാതിരുന്നത് മോശമായി എന്നൊരു പ്രചാരണം ബി ജെ പി വൃത്തങ്ങൾ നടത്തിയിരുന്നു. എന്നാൽ അങ്ങനെയൊരു സ്വീകരണം നടന്ന വിവരം താൻ പത്രങ്ങളിൽ നിന്നാണ് മനസ്സിലാക്കിയതെന്നും നഗരപിതാവ് എന്ന നിലയിൽ യാതൊരു വിവരവും തന്നെയറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

രണ്ടായിരാമാണ്ടിന് അപ്പുറവും ഇപ്പുറവുമുളള വർഷങ്ങളിലാണ് സി പി എം നേതൃത്വത്തിൽ ഇത്തരമൊരു സ്കൂൾ ആരംഭിക്കാൻ ശ്രമങ്ങൾ തുടങ്ങിയത്. കൊയിലാണ്ടി സി ഐ ടി യു ഓഫീസ് കേന്ദ്രമായി പ്രവർത്തിക്കുന്ന എ കെ ജി ആർട്സ് ഏന്റ് സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സിന് തുടക്കമായ 2002 മുതൽ ഉഷയുടെ ഒരു പരിപാടി കിട്ടണമെങ്കിൽ പോലും സി പി എം നേതാക്കളെ ബന്ധപ്പെടേണ്ട സ്ഥിതിയുണ്ടായിരുന്നു. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിന് മുന്നോടിയായി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന പാർട്ടി പ്രചാരണ ജാഥയിലും പൗരപ്രമുഖരുടെ യോഗത്തിലുമൊക്കെ ഉഷയായിരുന്നു മുഖ്യതാരം. കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഉഷ സി പി എം ട്രാക്കിൽ നിന്ന് ദൂരെ മാറിയാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്. ഈ അവസരം മുതലെടുത്ത് ഉഷയെ കോൺഗ്രസ്സ് ട്രാക്കിലെത്തിക്കാനും നീക്കം നടന്നിരുന്നു. പി ജയരാജനനതിരെ ഉഷയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമം നടന്നതും കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരണം വൈകിയതുമൊക്കെ ഇപ്പോഴോർക്കാം.

സി പി എമ്മിൽ വിഭാഗീയത ശക്തിപ്പെട്ട കാലത്ത് തന്നെയായിരുന്നു ഉഷാ സ്കൂളിന്റേയും തുടക്കം. പിണറായി പക്ഷത്തിന്റെ തട്ടകവും എതിർ ഗ്രൂപ്പിനെ വെട്ടിനിരത്താനുമുള്ള കേന്ദ്രവുമായിരുന്നു  എ കെ ജി ആർട്സ് ആന്റ്  സ്പോർട്ട്സ് സെന്റർ. ഒരു സ്വകാര്യ ട്രസ്റ്റ് രൂപീകരിച്ച് ഉഷയുടെ അന്താരാഷ്ട പ്രശസ്തി മാർക്കറ്റ് ചെയ്ത് വലിയ തോതിൽ ധനസമാഹരണം നടത്താനും ഒരു അന്താരാഷ്ട്ര സ്പോർട്സ് സ്കൂൾ സ്ഥാപിക്കാനുമായിരുന്നു നീക്കം. കായിക വികസനത്തിന് വലിയ സംഭാവനകൾ നൽകാൻ കഴിയുമായിരുന്ന ഒരു സ്ഥാപനം; ജനങ്ങളുടെ പണമുപയോഗിച്ച് പടുത്തുയർത്തുമ്പോൾ അത് ജനങ്ങളുടെ സ്വത്തായി എന്നും നിലനിർത്താനുള്ള ബാദ്ധ്യത അതിന്റെ സംഘാടകർക്കുണ്ടാവേണ്ടതായിരുന്നു. സി പി എമ്മിനകത്ത് അചിന്ത്യമായ വിധത്തിൽ, ഒരു സ്വകാര്യ ട്രസ്റ്റായാണ് പക്ഷേ ഈ സ്ഥാപനം രജിസ്റ്റർ ചെയ്തത്. സി പി എമ്മിന്റെ ജില്ലാ നേതാക്കളും ബന്ധുക്കളുമായ ടി പി ദാസൻ, പി വിശ്വൻ, പി വിശ്വന്റെ സഹോദരീ പുത്രനായ അജനചന്ദ്രൻ, അദ്ദേഹത്തിന്റെ സുഹൃത്തും ആർകിടെക്റ്റുമായ മുഹമ്മദ് ഫൈസൽ, ഇദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്തും പാർട്ടി പ്രവർത്തകനുമായ യു കെ ചന്ദ്രൻ, പി ടി ഉഷ, ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ എന്നിങ്ങനെ ഏഴ് പേരെ പെർമനന്റ് ട്രസ്റ്റിമാരാക്കിയാണ് സ്കൂൾ രൂപീകരിച്ചത്. ജനപ്രതിനിധികളും പ്രമുഖരുമായ ഏതാനും പേരെ അതാത് കാലത്ത് നോമിനേറ്റഡ് ട്രസ്റ്റിമാരായി നിയമിക്കാനും നിയമാവലിയനുസരിച്ച് വകുപ്പുണ്ടായിരുന്നു. പെർമനന്റ് ട്രസ്റ്റിമാരെ നീക്കം ചെയ്യാൻ ആർക്കും അധികാരമില്ലെന്ന് ആദ്യകാല ട്രസ്റ്റിമാർ പറയുന്നു. എന്നാൽ പ്രസിഡണ്ടിന് പ്രത്യേക സഹചര്യത്തിൽ അതിന് അധികാരമുണ്ടെന്നും ചിലർ വിശദീകരിക്കുന്നുണ്ട്. ഏതായാലും തുടക്കകാലത്ത് മുതൽ ഉണ്ടായിരുന്ന പാർട്ടി നേതാക്കളായ ട്രസ്റ്റിമാർ എല്ലാവരേയും ഇതിനകം മാറ്റിക്കഴിഞ്ഞിട്ടുണ്ട്. യു കെ ചന്ദ്രനെ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ടി പി ദാസനേയും പിന്നീട് ഒഴിവാക്കി. അവരുടെ വെബ് സൈറ്റനുസരിച്ച്, ട്രസ്റ്റിമാരുടെ ലിസ്റ്റിൽ ആദ്യത്തെ പേരുകാരനായി ഇപ്പോഴും പി വിശ്വന്റെ പേരുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് നാല് വർഷമായി തന്നെ ഒരു യോഗത്തിനും വിളിക്കാറില്ലെന്നും തന്നേയും ഒഴിവാക്കിയതാണെന്നുമാണ് അദ്ദേഹം പറയുന്നത്. ട്രസ്റ്റി ബോർഡ് യോഗം ചേർന്ന് തീരുമാനങ്ങളെടുക്കുന്ന പതിവ് പണ്ടുമില്ലെന്നും കോഫൗണ്ടർ പദവിയിലുള്ള ഉഷയും ഉഷയുടെ ഭർത്താവ് ശ്രീനിവാസനും അജനചന്ദ്രനും മാത്രം തീരുമാനിച്ച് കാര്യങ്ങൾ നടത്തുന്ന രീതിയാണ് തുടക്കം മുതൽ അനുവർത്തിച്ചു വരുന്നതെന്നും പറയുന്നു. ഇപ്പോൾ ഉഷയുടെ അടുത്ത ബന്ധുക്കളായ ചിലരുടെ പേരുകളും ട്രസ്റ്റിമാരുടെ ലിസ്റ്റിലുണ്ട്.

ഈ സംരംഭത്തിന് സഹായമഭ്യർത്ഥിച്ച് സി പി എം ആദ്യം സമീപിച്ചത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ് ഇ കെ നായനാരെയാണ്. നയനാർ തന്റെ സ്വതസിദ്ധമായ നർമ്മ സംഭാഷണങ്ങളിലൂടെ ഉഷയെ സ്വാഗതം ചെയ്തു. “ഇഞ്ഞി പയ്യോളീന്ന് ഈടത്തേക്ക് ഓടി വന്നതാ ഉഷേ” എന്ന നായനാരുടെ ചോദ്യം എല്ലാവരേയും രസിപ്പിച്ചു. പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും മുഖ്യമന്ത്രി നായനാർ വാഗ്ദാനം ചെയ്തു. പ്രാഥമിക ചെലവുകൾക്കായി 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പ്രാഥമിക ബാച്ച് എന്ന നിലയിൽ കുറേ കുട്ടികളെ തെരഞ്ഞെടുത്ത് കൊയിലാണ്ടി ഹൈസ്കൂൾ ഗ്രൗണ്ടിലും ബീച്ചിലുമൊക്കെയായി പരിശീലനം ആരംഭിച്ചു. ആളുകളിൽ നിന്ന് പണവും മുട്ട,പാൽ തുടങ്ങിയ ഉല്പന്നങ്ങളും പിരിച്ചെടുത്താണ് ചെലവുകൾ നിർവഹിച്ചത്. കൊയിലാണ്ടി കോതമംഗലത്തെ ഒരു വാടക കെട്ടിടത്തിലാണ് സ്കൂൾ ആദ്യം പ്രവർത്തനമാരംഭിച്ചത്. ഇതോടെ അന്താരാഷ്ട്ര തലത്തിൽ തന്നെ കോടികൾ സമാഹരിക്കാനുളള നീക്കങ്ങൾ തകൃതിയായി നടന്നു. പന്തലായനിയിലെ കോട്ടക്കുന്നിൽ സർക്കാർ ചെലവിൽ 30 ഏക്കർ ഭൂമി സ്കൂളിനും സിന്തറ്റിക്  ട്രാക്കിനുമായി ഏറ്റെടുക്കാനുള്ള ശ്രമമുണ്ടായെങ്കിലും ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ മൂലം നടന്നില്ല. സുശീലാ ഗോപാലൻ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് കിനാലൂരിൽ വ്യവസായ വകുപ്പിന് കീഴിലുള്ള ഭൂമി കൈമാറുന്നതിന് നീക്കങ്ങൾ നടന്നത്. സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വ്യവസായ വകുപ്പിന്റെ ഭൂമി ഏക്കറിന് ഒരു രൂപാ നിരക്കിൽ വില്പന നടത്തിയതായി പ്രമാണം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഭൂമി കൈമാറേണ്ട സമയത്ത് ഡൊമിനിക് പ്രസന്റേഷനായിരുന്നു സ്പോർട്ട്സ് വകുപ്പുമന്ത്രി. ഒരു സ്വകാര്യ ട്രസ്റ്റിന് ഭൂമി കൈമാറുന്നത് ധാർമ്മികമായി ശരിയല്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. സ്വകാര്യ വ്യക്തികൾക്ക് എല്ലാ ക്രയവിക്രയ അവകാശങ്ങളുമുള്ള ഒരു സംരംഭത്തിന് സൗജന്യമായി ഭൂമി നൽകുമ്പോൾ അത് പിന്നീടവരുടെ സ്വകാര്യ സ്വത്തായി മാറുകയാണ് ചെയ്യുക. സർക്കാരിനോ പൊതുജനത്തിനോ സ്ഥാപനത്തിന് മുകളിൽ നിയന്ത്രണമുണ്ടാവില്ല എന്ന പ്രശ്നം ഡൊമിനിക് പ്രസന്റേഷൻ ശക്തിയായി ഉന്നയിച്ചു. ഇതോടെ ‘ഉഷയെ അവിശ്വസിക്കുന്നു, അപമാനിക്കുന്നു’ എന്ന നിലയിൽ ദേശാഭിമാനി പത്രം ക്യാമ്പയിൻ പ്രചാരണം ഏറ്റെടുത്തു. ഇന്ത്യയുടെ അഭിമാനമായ ഉഷയേപ്പോലൊരു അത്‌ലറ്റിനെതീരെ നിലപാടെടുത്തു എന്ന പേരുദോഷം വരാതിരിക്കാൻ ഭൂമിവിട്ടു നൽകാൻ കോൺഗ്രസ്സ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
ഇവിടെ ഷാ സ്കൂളിന്റെ ഓഫീസും ഹോസ്റ്റലുകളുമുൾപ്പെട്ട കെട്ടിട സമുച്ചയം നിർമ്മിച്ചു നൽകിയത് ഇൻഫോസിസുമായി ബന്ധപ്പെട്ട ടി എൻ സി മേനോനാണ്. എം കെ രാഘവൻ എം പിയുടെ ശ്രമഫലമായി, യു പി എ സർക്കാരിന്റെ കാലത്താണ് സിന്തറ്റിക്ക് ട്രാക്കിനു ഫണ്ടനുവദിച്ചത്. കേന്ദ്ര സ്പോർട്സ് മന്ത്രിയായിരുന്ന അജയ്മാക്കന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. അദ്ദേഹം സ്കൂൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള ധാരാളം കമ്പനികൾ അവരുടെ സി എസ് ആർ (Corporate Social Responsibility) ഫണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപ സ്കൂളിന് സംഭാവനയായി നൽകി. 

 

അഞ്ചു വർഷം കൊണ്ട് ഒളിമ്പിക്സിൽ അത് ലറ്റിക് ഇനങ്ങളിൽ സ്വർണ്ണം നേടാൻ കഴിയും എന്നായിരുന്നു തുടക്ക കാലത്തെ പ്രഖ്യാപനം. അതിനുതകും വിധം കുറ്റമറ്റ പരിശീലനം എന്നൊക്കെയായിരുന്നു പ്രചാരണം. പക്ഷേ രണ്ട് പതിറ്റാണ്ടിന് ശേഷവും കായികരംഗത്ത് വലിയ സംഭാവനകളൊന്നും ഉഷാ സ്കൂളിന്റേതായി ചൂണ്ടിക്കാണിക്കാനില്ല എന്നതാണ് വസ്തുത.  ടിന്റൂ ലൂക്കയും ജിസ്നാ മാത്യുവുമാണ് ഇവർക്ക് ചൂണ്ടികാണിക്കാനുള്ള രണ്ടേ രണ്ട് അതലറ്റുകൾ. ലൂക്കയുടെ നേട്ടങ്ങളെക്കുറിച്ചൊക്കെ വലിയവായിൽ പ്രചാരണം നടന്നെങ്കിലും അവർക്ക് പോലും വേണ്ടത്ര ശാസ്ത്രീയമായ പരിശീലനം കിട്ടിയില്ലെന്ന് ബന്ധുക്കളിൽ ചിലർ പരാതിപ്പെടുകയുണ്ടായി. ഉഷയോടൊപ്പം, കഴിവുതെളിയിച്ച ഒരു വിദേശ കോച്ചിനെ സ്കൂളിൽ നിയമിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. ഈ രണ്ട് പതിറ്റാണ്ടിനിടയിൽ അധികാരത്തിൽ വന്ന മിക്കവാറും സർക്കാരുകൾ സ്കൂളിന് പൊതുപണം ധാരാളമായി അനുവദിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ഫണ്ടിംഗും ധാരാളമായി ലഭിച്ചു. ഈ തുകയൊക്കെ ഏതാനും പേരുടെ സ്വകാര്യ സ്വത്തായി മാറി എന്നതാണ് ഉയർന്നു വന്ന പ്രധാന ആക്ഷേപം. 

ഉഷാ സ്കൂൾ സ്ഥാപിതമാകുന്നതിന് മുമ്പ് പ്രാഥമിക പ്രവർത്തനങ്ങൾക്കായി നായനാർ സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ അന്ന് ഉഷാ സ്കൂൾ നിലവില്ലാത്തത് കൊണ്ട് എ കെ ജി സെന്ററിന്റെ എക്കൗണ്ടിലാണ് വന്നതെന്നും ഉഷാ സ്കൂൾ നിലവിൽ വന്നപ്പോൾ ഈ തുക സ്കൂളിന് കൈമാറിയിരുന്നില്ലെന്നും ഒരാക്ഷേപം നിലവിലുണ്ട്. എ കെ ജി സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആദ്യബാച്ചിലെ കുട്ടികളുടെ, പരിശീലനത്തിന് ഈ തുക ഉപയോഗിക്കാം എന്ന് നിശ്ചയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഈ തുക എന്തിനാണ് ചെലവഴിച്ചത് എന്ന് ബന്ധപ്പെട്ടവരാരും വ്യക്തമാക്കുന്നുമില്ല. കൊയിലാണ്ടിയിലെ കായിക പ്രേമികൾ ഇത്തരമൊരാക്ഷേപം കാലാകാലമായി ഉന്നയിക്കുന്നതാണെങ്കിലും ഒരു മറുപടിയും ആരിൽ നിന്നും ഉണ്ടായിട്ടുമില്ല.

Comments
error: Content is protected !!