എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി
എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. 29 ന് കോടതി വിധി പറയും. പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്‍ററിന് നേരെ എറിഞ്ഞതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത്തരം ചെറിയൊരു സ്ഫോടനത്തിൽ നിന്നാണ് പുറ്റിങ്ങലിൽ നൂറുകണക്കിന് പേരുടെ ജീവൻ നഷ്ടമായ ദുരന്തം സംഭവിച്ചത്. അത്തരം വ്യാപ്തിയുള്ള കൃത്യമാണ് ജിതിൻ ചെയ്തെന്നും അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാല്‍, സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഒരു ഡ്രൈവർ മാത്രമായ ജിതിൻ എങ്ങനെ ഭരണ കക്ഷിയിലെ പ്രധാന പാർട്ടി നൽകിയ പരാതിയിലെ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പ്രതിഭാഗം ചോദിച്ചത്. 180 സിസിടിവി പരിശോധിച്ചിട്ടും പൊലീസ് എന്തുകൊണ്ട് പ്രതിയുടെ മുഖം തിരിച്ചറിഞ്ഞില്ലന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
നാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ജിതിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ മാസം ആറ് വരെയാണ് ജിതിനെ റിമൻഡ് ചെയ്തിരിക്കുന്നത്. ജിതിനെതിരായ തെളിവുകള്‍ ലഭിച്ചതിനാൽ വീണ്ടും കസ്റ്റഡയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നില്ല. എകെജി സെൻ്റർ ആക്രണത്തിലെ ഗൂഢാലോചനയിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ളതിനാൽ ജിതിന് ജാമ്യം നൽകരുതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.