എക്സൈസ്- തദ്ദേശ വകുപ്പുകൾ വിഭജിക്കും; മന്ത്രിസഭയിൽ വൻമാറ്റങ്ങളില്ല
സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ വെള്ളിയാഴ്ച മന്ത്രിസ്ഥാനം രാജിവെക്കും. ഇതിനനുസരിച്ച് ഓഫീസിലെ ഫയലുകൾ തീർപ്പാക്കാനുള്ള നിർദേശം ഉദ്യോഗസ്ഥർക്ക് നൽകി. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുതിയ മന്ത്രി ആരെന്ന് തീരുമാനിക്കും. മന്ത്രിസഭയിൽ വിപുലമായ അഴിച്ചുപണിയും സജിചെറിയാന് പകരം പുതിയ മന്ത്രിയും ഇപ്പോഴുണ്ടാകാനുള്ള സാധ്യത കുറവാണ്.
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിനെ കഴിഞ്ഞദിവസം ചേർന്ന സംസ്ഥാനസമിതിയോഗം ചുമതലപ്പെടുത്തിയിരുന്നു. വലിയ അഴിച്ചുപണി മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
ഗോവിന്ദനുപകരം പുതിയ ഒരാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും വകുപ്പുകൾ പുനഃസംഘടിപ്പിക്കുകയും ചെയ്യും. തദ്ദേശ-എക്സൈസ് വകുപ്പുകളാണ് ഗോവിന്ദൻ കൈകാര്യംചെയ്യുന്നത്. ഇത് വിഭജിക്കുന്നതിനനുസരിച്ച് മറ്റുമന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും.
വി. ശിവൻകുട്ടി മന്ത്രിസ്ഥാനത്തുനിന്ന് മാറുന്നുണ്ടെങ്കിൽ മാത്രമാകും കാര്യമായ പുനഃസംഘടന മന്ത്രിസഭയിലുണ്ടാകുക. മാറുകയാണെങ്കിൽ ശിവൻകുട്ടി തിരുവനന്തപുരം ജില്ലാസെക്രട്ടറിയാകാനാണ് സാധ്യത. കെ കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകുമെന്ന അഭ്യൂഹം പാർട്ടിക്കുള്ളിൽപോലും ശക്തമാണെങ്കിലും അതിന് സാധ്യതയില്ലെന്നാണ് നേതാക്കൾ പറയുന്നത്.